കോട്ടയം: വന്‍ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ഭരണത്തിലേക്കു കടക്കുമ്പോഴും തങ്ങളുടെ ക്യാപ്റ്റന്‍ പാലായില്‍ കയ്പുനീര്‍ കുടിച്ചതിന്റെ ആഘാതത്തില്‍ കേരള കോണ്‍ഗ്രസ് എം. ജയിച്ചിരുന്നെങ്കില്‍, പിണറായി മന്ത്രിസഭയില്‍ സീറ്റ് ഉറപ്പായിരുന്ന ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി എന്തായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
അതേസമയം, തുടര്‍ഭരണം ഉറപ്പിച്ച എല്‍ഡിഎഫിന്റെ സീറ്റ് നില വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക ഘടകമായതോടെ തിളങ്ങിനില്‍ല്‍ക്കുയാണ് കേരള കോണ്‍ഗ്രസ് (എം). മധ്യകേരളത്തില്‍ എല്‍ഡിഎഫിന് പിടികൊടുക്കാത്ത കോട്ടയം ജില്ലയില്‍ നേട്ടം കൊയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മാണി വിഭാഗത്തെ മുന്നണിയിലെത്തിച്ചത്. ഇതിലൂടെ യുഡിഎഫിന്റെ ശക്തി കുറയ്ക്കുകവെന്നതായിരുന്നു പിണറായി വിജയന്റെ തന്ത്രം. ആ പരീക്ഷണം വിജയിച്ചുവെന്നാണു തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
Read More: ചരിത്രവിജയൻ
2016 ല്‍ കോട്ടയം ജില്ലയിൽ എല്‍ഡിഎഫിനൊപ്പം നിന്നത് ഏറ്റുമാനൂരും വൈക്കവും മാത്രമായിരുന്നു. എന്നാല്‍ കേരള കോൺഗ്രസിന്റെ വരവോടെ ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഇടതു പാളയത്തിലെത്തി. ചങ്ങനാശേരിയിലേയും പൂഞ്ഞാറിലെയും ജയത്തിന് മാറ്റ് കൂടുതലാണ്.
പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് റാന്നി, ചാലക്കുടി അടക്കമുള്ള സിറ്റിങ് സീറ്റുകള്‍ ഇടതു മുന്നണി മാണി വിഭാഗത്തിന് വിട്ടുനല്‍കിയത്. ചാലക്കുടിയില്‍ ഡെന്നിസ് ആന്റണി പരാജയപ്പെട്ടപ്പോള്‍ റാന്നിയില്‍ പ്രമോദ് നാരയണന്‍ വിജയിച്ചു. മധ്യകേരളത്തില്‍ 11 സീറ്റാണ് കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫ് അനുവദിച്ചത. അതില്‍ അഞ്ചിടത്ത് വിജയിക്കാനും കഴിഞ്ഞു.
ജോബ് മൈക്കിള്‍ (ചങ്ങനാശേരി), പ്രമോദ് നാരായണ്‍ (റാന്നി), റോഷി അഗസ്റ്റിന്‍ (ഇടുക്കി), എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യന്‍ കുളത്തിനാല്‍ (പൂഞ്ഞാര്‍), എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ഥികള്‍. ജോസ് കെ മാണിയുടെ തോല്‍വി റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്.
Read More: ആപത്തിൽ കേരളത്തിനു കൈനീട്ടി, ചേർത്തുപിടിച്ച് ജനം; ഭൂരിപക്ഷത്തിൽ റെക്കോഡിട്ട് ശൈലജ
ഡെന്നിസ് ആന്റണി (ചാലക്കുടി), ബാബു ജോസഫ് (പെരുമ്പാവൂര്‍), സിന്ധുമോള്‍ ജേക്കബ് (പിറവം), സ്റ്റീഫന്‍ ജോര്‍ജ് (കടുത്തുരുത്തി), ജോസ് കെ മാണി (പാല), കെഐ ആന്റണി (തൊടുപുഴ) എന്നിവരാണ് പരാജയപ്പെട്ടത്. സിപിഎമ്മിന്റെ ആശീര്‍വാദത്തോടെ ജോസ് പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ സിന്ധുമോള്‍ക്ക് അനൂപ് ജേക്കബിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല.
2016 തിരഞ്ഞെടുപ്പില്‍ ആറു സീറ്റുകളിലാണു കേരള കോണ്‍ഗ്രസ് എമ്മിന് വിജയിക്കാനായത്. ജോസഫ് വിഭാഗം ഒപ്പമുള്ള സാഹചര്യമായിരുന്നു അത്. പാല ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ഉണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് അടിയൊഴുക്കുകള്‍ സംഭവിക്കുകയും മണ്ഡലം മാണി സി കാപ്പന്‍ പിടിച്ചെടുക്കുകയും ചെയ്തു. ജോസഫ് വിഭാഗവുമായി പിരിഞ്ഞതോടെ കേവലം രണ്ട് സീറ്റ് മാത്രമായിട്ടാണ് കേരള കോണ്‍ഗ്രസ് എം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
അതേസമയം ഒന്‍പതു സീറ്റില്‍ മത്സരിച്ച ജോസഫ് വിഭാഗം രണ്ട് സീറ്റിലൊതുങ്ങി. ഒന്‍പത് സീറ്റുകളിലാണ് ജോസ് വിഭാഗം മധ്യ കേരളത്തില്‍ മത്സരിച്ചത്. തോമസ് ഉണ്ണ്യാടന്‍ (ഇരിങ്ങാലക്കുട), ഷിബു തെക്കുംപുറം (കോതമംഗലം), പിജെ ജോസഫ് (തൊടുപുഴ), ഫ്രാന്‍സിസ് ജോര്‍ജ് (ഇടുക്കി), മോന്‍സ് ജോസഫ് (കടുത്തുരുത്തി), ഏറ്റുമാനൂര്‍ (പ്രിന്‍സ് ലൂക്കോസ്) ചങ്ങനാശേരി (വിജെ ലാലി), കുട്ടനാട് (ജേക്കബ് എബ്രാഹം), കുഞ്ഞു കോശി പോള്‍ (തിരുവല്ല) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. ഇതില്‍ പിജെ ജോസഫിനും മോന്‍സ് ജോസഫിനും ജയിക്കാനായത്. മോന്‍സിന്റെ ജയം കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ അനായാസമായിരുന്നില്ല.
Read More: ജനവിധി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം: മുഖ്യമന്ത്രി
ഇടുക്കി, ചങ്ങനാശേരി, തൊടുപുഴ, കടുത്തുരുത്തി എന്നിങ്ങനെ നാല് മണ്ഡലങ്ങളിലാണ് ജോസ്-ജോസഫ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. രണ്ട് വീതം മണ്ഡലങ്ങളില്‍ ഇരുവരും ജയിച്ചു. എന്നാല്‍ തോല്‍വിയിലും ജോസ് കെ മാണിക്ക് നേട്ടമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ജയം. ജോസഫിന്റെ സ്ഥിതി മറിച്ചാണ്. പക്കലുണ്ടായിരുന്ന ചങ്ങനാശേരി നഷ്ടപ്പെട്ടു. മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് തന്നെയാണ് ബലമെന്ന് യുഡിഎഫിനും ബോധ്യപ്പെട്ടു കാണണം.