Latest News

പച്ചയ്ക്കുമേല്‍ പടര്‍ന്ന് ചുവപ്പ്; വിവാദങ്ങളില്‍ കടപുഴകി അഴീക്കോട്, കളമശേരി

അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശേരി എന്നീ നാല് സിറ്റിങ് സീറ്റുകളിലാണ് ലീഗ് പരാജയപ്പെട്ടത്

election results, kerala election result, azhikode, kalamassery, iuml, km shaji, p rajeev cpm, kerala election results, kerala election results 2021, kerala assembly election results, kerala assembly election results 2021, kerala assembly election results update, kerala assembly election results live, kerala assembly election results 2021 live update, kerala election result 2021, election results 2021, election results live, election results live updates, kerala election commission, kerala election commission india, kerala election results live update, ie malayalam

കോഴിക്കോട്: കേരളം ചുവന്നുതുടുത്തതോടെ തിരിച്ചടി നേരിട്ട യുഡിഎഫില്‍ മുസ്ലിം ലീഗിനു വന്‍ നഷ്ടം. പാലാരിവട്ടം പാലം അഴിമതി കേസ്- വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്, സ്വര്‍ണനിക്ഷേപത്തട്ടിപ്പ് കേസുകളില്‍ എംസി ഖമറുദ്ദീന്റെ അറസ്റ്റ്, കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴ്‌സ് കോഴ ആരോപണം എന്നിവ ലീഗിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ എംഎല്‍എമാര്‍ പ്രതിനിധീകരിച്ച മൂന്നു മണ്ഡലങ്ങളില്‍ അഴീക്കോട്ടും കളമശേരിയിലും ലീഗ് വലിയ മാര്‍ജിനില്‍ തോറ്റു. ഇവ ഉള്‍പ്പെടെ നാല് സിറ്റിങ് സീറ്റുകളിലാണു ലീഗ് പരാജയപ്പെട്ടത്. കളമശേരി നഷ്മായതോടെ ലീഗ് സാന്നിധ്യം മലബാറിലൊതുങ്ങി.

2016ല്‍ മഞ്ചേശ്വരം, കാസര്‍ഗോഡ്, അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, മലപ്പുറം, ഏറനാട്, മഞ്ചേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍, മങ്കട, വേങ്ങര, തിരൂരങ്ങാടി, തിരൂര്‍, വള്ളിക്കുന്ന്, മണ്ണാര്‍ക്കാട്, കളമശേരി എന്നിങ്ങനെ 18 സീറ്റുകളിലായിരുന്നു ലീഗിന്റെ വിജയം. 24 സീറ്റിലായിരുന്നു മത്സരിച്ചത്. ഇത്തവണ രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 26 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ വിജയിച്ച മണ്ഡലങ്ങള്‍ 15 ആയി കുറഞ്ഞു. അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശേരി സീറ്റുകള്‍ നഷ്ടപ്പെട്ടു. അതേസമയം, ഡോ. എംകെ. മുനീറിലൂടെ കൊടുവള്ളി തിരിച്ചുപിടിച്ചു.

കഴിഞ്ഞ തവണ 2287 വോട്ടിന് എംവി നികേഷ് കുമാറിനെതിരെ അഴീക്കോട് വിജയിച്ച കെഎം ഷാജി ഇത്തവണ 6141 വോട്ടിനാണു മൂന്നാമങ്കത്തില്‍ സിപിഎമ്മിന്റെ യുവ സ്ഥാനാര്‍ഥി കെവി സുമേഷിനോട് പരാജയപ്പെട്ടത്. 2011ല്‍ എം പ്രകാശന്‍ മാസ്റ്ററെ 493 വോട്ടിനു പരാജയപ്പെടുത്തിയാണു 2011ല്‍ മണ്ഡലം സിപിഎമ്മില്‍നിന്നു ഷാജി പിടിച്ചെടുത്തത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പേരാട്ടം നടന്ന മണ്ഡലമായിരുന്നു ഇത്.

Also Read: ജനം പാർട്ടിയെ തിരുത്തിയ കുറ്റാടി തിരിച്ചുപിടിച്ചു; പൊന്നാനിയിൽ വൻ വിജയം

പാലാരിവട്ടം പാലം അഴിമതി കേസ് തിരിച്ചടിയാകുമെന്ന് പൊതുവെ വിലയിരുത്തപ്പെട്ട കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിനു പകരം മത്സരിച്ച മകന്‍ വിഇ ഗഫൂര്‍ 15336 വോട്ടിനാണു സിപിഎമ്മിലെ പി രാജീവിനോട് പരാജയപ്പെട്ടത്. 2016ല്‍ ഇവിടെ 12,118 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇബ്രാഹിം കുഞ്ഞിനുണ്ടായിരുന്നത്.

കഴിഞ്ഞ തവണ കന്നിയങ്കത്തില്‍ 1157 വോട്ടിനു പാറയ്ക്കല്‍ അബ്ദുള്ളയിലൂടെ പിടിച്ചെടുത്ത കുറ്റ്യാടി ഇത്തവണ 333 വോട്ടിനാണു ലീഗിനു നഷ്ടമായത്. ഇവിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെപി കുഞ്ഞമ്മദ് കുട്ടിയാണു വിജയി. കേരളകോണ്‍ഗ്രസിനു വിട്ടുകൊടുത്തതിനെത്തുടര്‍ന്ന് അണികളുടെ പ്രതിഷേധം നേരിട്ടതോടെ തിരിച്ചെടുത്ത സീറ്റിലാണ് സിപിഎം വിജയമെന്ന പ്രത്യേകത കുറ്റ്യാടിയിലുണ്ട്.

2016ല്‍ 6,327 വോട്ടിനു ഡോ. എംകെ മുനീര്‍ വിജയിച്ച കോഴിക്കോട് സൗത്ത് മണ്ഡലം 12,459 വോട്ടിനാണ് ഐഎന്‍എല്‍ സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവില്‍ പിടിച്ചെടുത്തത്. ലീഗിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ സ്ഥാനാര്‍ഥിയായ അഡ്വ. നൂര്‍ബിന റഷീദാണ് ഇവിടെ പരാജയപ്പെട്ടത്.

മഞ്ചേശ്വരവും പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയും ഉള്‍പ്പെടെ ആറ മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കുറഞ്ഞു. 2016ല്‍ 89 വോട്ടിനു പിബി അബ്ദുള്‍ റസാഖ് വിജയിച്ച മഞ്ചേശ്വരത്ത് അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 7,923 വോട്ടിനാണു എംസി ഖമറുദ്ദീന്‍ വിജയിച്ചത്. ഇദ്ദേഹത്തിനു പകരം ഇത്തവണ മത്സരിച്ച എകെഎം അഷ്‌റഫ് 745 വോട്ടിനു കടന്നുകൂടുകയായിരുന്നു. സ്വര്‍ണനിക്ഷേപത്തട്ടിപ്പ് സംഭവത്തില്‍ പാര്‍ട്ടിയില്‍നിന്നു തന്നെ കടുത്ത പ്രതിഷേധമുയര്‍ന്നതോടെയാണു ഖമറുദ്ദീനെ ലീഗ് വീണ്ടും പരിഗണിക്കാതിരുന്നത്.

Also Read: പിണറായി പറഞ്ഞത് പാഴായില്ല, ബിജെപി അക്കൗണ്ട് സിപിഎം പൂട്ടിച്ചു

വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടി 2016ല്‍ 38,057 വോട്ടിനാണു വിജയിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 30,596 ആയി കുറഞ്ഞു. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് എന്നിവയാണു ഭൂരിപക്ഷം കുറഞ്ഞ മറ്റു മണ്ഡലങ്ങള്‍. അതേസമയം കാസര്‍ഗോഡ്, ഏറനാട്, കൊണ്ടോട്ടി, കോട്ടയ്ക്കല്‍, മങ്കട, തിരൂരങ്ങാടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിച്ചു.

ലീഗിന്റെ വിജയികള്‍ ഇവര്‍: എകെഎം അഷ്‌റഫ് (മഞ്ചേശ്വരം), എന്‍എ നെല്ലിക്കുന്ന് (കാസര്‍ഗോഡ്), എംകെ മുനീര്‍ (കൊടുവള്ളി), ടിവി ഇബ്രാഹിം (കൊണ്ടോട്ടി), പി ഉബൈദുള്ള (മലപ്പുറം), പി കെ ബഷീര്‍ (ഏറനാട്), അഡ്വ യുഎ ലത്തീഫ് (മഞ്ചേരി), നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ), കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടയ്ക്കല്‍), മഞ്ഞളാംകുഴി അലി (മങ്കട), പികെ കുഞ്ഞാലിക്കുട്ടി (വേങ്ങര), കുറുക്കോളി മൊയ്തീന്‍ (തിരൂര്‍), പി അബ്ദുള്‍ ഹമീദ് (വള്ളിക്കുന്ന്), കെപിഎ മജീദ് (തിരൂരങ്ങാടി), അഡ്വ. എന്‍ ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്).

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly elections 2021 iuml azhikode kalamassery cpm victory

Next Story
ചരിത്രവിജയൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com