കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി അണികളുടെ പ്രതിഷേധം തെരുവില്‍ അണപൊട്ടിയ കുറ്റ്യാടിയിലും പൊന്നാനിയിലും സിപിഎമ്മിനു വിജയം. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടിയിലൂടെ കുറ്റ്യാടി തിരിച്ചുപിടിച്ചപ്പോള്‍ സി.ഐ.ടി.യു ദേശീയ സെക്രട്ടറിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി നന്ദകുമാറിലൂടെ പൊന്നാനി നിലനിര്‍ത്തി. കുറ്റ്യാടിയില്‍ 333 വോട്ടിനു സിറ്റിങ് എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ളയെയാണു കെ.പി.കുഞ്ഞമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. പൊന്നാനിയില്‍ എഎം രോഹിത്തിനെ 17,043വോട്ടിനാണു നന്ദകുമാര്‍ തോല്‍പ്പിച്ചത്.
സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന കുറ്റ്യാടി ഇത്തവണ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതിനെത്തുടര്‍ന്നാണു മണ്ഡലത്തില്‍ അണികളുടെ പരസ്യമായ പ്രതിഷേധം ഉയര്‍ന്നത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ രണ്ടുദിവസം കുറ്റ്യാടി ടൗണില്‍ പ്രതിഷേധിച്ചിരുന്നു. ജില്ലാ സെക്രട്ടറി പി.മോഹനനും ഭാര്യയും കുറ്റ്യാടിയിലെ മുന്‍ എംഎല്‍എയുമായ കെ.കെ.ലതികയ്ക്കുമെതിരെയായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് നല്‍കാതിരിക്കാനാണ് മണ്ഡലം മാണി കോണ്‍ഗ്രസിനു വിട്ടു നല്‍കിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
മുഹമ്മദ് ഇഖ്ബാലിനെയാണു കുറ്റ്യാടിയില്‍ സ്ഥാനാര്‍ഥിയായി മാണി വിഭാഗം തീരുമാനിച്ചിരുന്നത്. സിപിഎം അണികളുടെ പ്രതിഷേധം നിലയ്ക്കാതായതോടെ സീറ്റ് വിട്ടുനല്‍കാന്‍ മാണി വിഭാഗവും മുഹമ്മദ് ഇഖ്ബാലും തയാറാവുകയായിരുന്നു. ഇതോടെയാണു കുറ്റ്യാടി സ്വദേശിയായ കെപി കുഞ്ഞമ്മദ് കുട്ടിയ്ക്ക് അവസരമൊരുങ്ങിയത്.
Also Read: വടകരയില്‍ അട്ടിമറി; കെ.കെ രമ വിജയത്തിലേക്ക്
സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ കുറ്റ്യാടിയില്‍ 2016 ല്‍ രണ്ടാം വട്ടം ജനവിധി തേടിയ കെ.കെ.ലതിക 1,901 വോട്ടിന് മുസ്ലിം ലീഗിന്റ കന്നി സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ളയോട് പരാജയപ്പെടുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ പേര് 2016 ല്‍ തന്നെ കുറ്റ്യാടിയില്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ലതികയെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു സിപിഎം തീരുമാനം.
കെ.പി.കുഞ്ഞമ്മദ് കുട്ടി പ്രചാരണത്തില്‍ വേണ്ടത്ര സജീവമാകാത്തതാണ് 2016 ല്‍ ലതികയുടെ പരാജയത്തിനു കാരണമായതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. ഇതാണ് ഇത്തവണ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ തഴഞ്ഞ് സീറ്റ് മാണി കോണ്‍ഗ്രസിനു നല്‍കാന്‍ ആദ്യം തീരുമാനിച്ചതിനു പിന്നിലെന്നായിരുന്നു അണികളുടെ ആരോപണം. കഴിഞ്ഞ തവണ പാറയ്ക്കല്‍ അബ്ദുള്ള 71,809 ഉം കെകെ ലതിക 70,652 ഉം ബിജെപി സ്ഥാനാര്‍ഥി രാമദാസ് മണലേരി 12,327 വോട്ടുമാണു നേടിയത്.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍ രണ്ടുതവണ പ്രതിനിധീകരിച്ച പൊന്നാനിയില്‍ സ്ഥിതി വ്യസ്തമായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജനകീയനായ ടി.എം സിദ്ദിഖിനു പകരം പി. നന്ദകുമാറിനെ ജില്ലാ നേതൃത്വം തീരുമാനിച്ചതിനെതിരെയായിരുന്നു ഇവിടെ പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് സിദ്ദിഖിന്റെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി തെരുവിലിറങ്ങിയത്. എന്നാല്‍ ഇതിനെ തള്ളി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സിപിഎം മലപ്പുറം ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍. ഇത്തരം പ്രതിഷേധങ്ങളെ വകവയ്ക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും പാര്‍ട്ടിക്ക് അത്തൊരു രീതി നിലവില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
2016ല്‍ 15,640 വോട്ടിനായിരുന്നു കോണ്‍ഗ്രസിലെ പി.ടി അജയമോഹനെതിരെ പി. ശ്രീരാമകൃഷ്ണന്റെ വിജയം. ശ്രീരാമകൃഷ്ണനു 69,332 വോട്ടും അജയമോഹനു 53,692 വോട്ടും ബിജെപി സ്ഥാനാര്‍ഥി കെകെ സുരേന്ദ്രനു 11,662 മാണു ലഭിച്ചിരുന്നത്. 2011ല്‍ പി.ടി അജയമോഹനെതിരെ 4101 വോട്ടിനായിരുന്നു പി. ശ്രീരാമകൃഷ്ണന്റെ വിജയം.