കഥകളി കണ്ടു ശീലിച്ചവര്‍ക്ക് പറ്റിയ ഒരു തിരഞ്ഞെടുപ്പാണിത്. പാതി മറച്ച മുഖങ്ങളില്‍ ഭാവങ്ങള്‍ അരങ്ങേറുന്നത് ആസ്വദിക്കാനുള്ള വൈദഗ്ധ്യം കളിഭ്രാന്തന്മാര്ക്കുണ്ട്. ആ സിദ്ധി വേണം ഈ മത്സരം വായിച്ചെടുക്കാന്‍.
ഇക്കഴിഞ്ഞ അരങ്ങുകളിലെ പച്ചയും കത്തിയും കരിയുമൊക്കെ പിണറായി വിജയന് തന്നെ. ഒറ്റ നേതാവിന്റെ മുഖ മുദ്ര ഇത്രയ്ക്കു പതിഞ്ഞ ഒരു തിരഞ്ഞെടുപ്പിവിടെ കണ്ടിട്ടില്ല. ആ മുഖമാണെങ്കില്‍ മുഴുവന്‍ വായിച്ചെടുക്കാനും വയ്യ.
പൊതുവേദികളില്‍ ക്യാപ്റ്റന്‍ പ്രത്യക്ഷപ്പെടുന്നത് മാതൃകാപരമായി വാമൂടി ധരിച്ചുകൊണ്ടാണ്. നല്ലകാലത്തുതന്നെ സമൃദ്ധമായ ഭാവപ്രകാശനമൊന്നും നടക്കാത്ത മുഖമാണ്. പറയുന്നതിലെ മിതത്വത്തിനൊത്ത ചലനമേ മുഖപേശികള്ക്കുള്ളൂ. പഴയ പരിചയക്കാര് പോലും പറയുന്നത് ധർമടത്ത് ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ ഒരു അദൃശ്യ മുഖംമൂടി അണിഞ്ഞു നടന്ന ആളാണു സഖാവ് എന്നാണ്.
ഇപ്പോള്‍ വാമൂടി ആവശ്യം ആയിരിക്കുന്നു. വസ്ത്രധാരണത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. മോദിജിയുടെ വെള്ളത്താടി നീണ്ടതുപോലെ പിണറായിയുടെ വെണ്മ അല്പം മുകളിലേക്കു പടര്‍ന്നിരിക്കുന്നു .
ഏതാണ്ട് അര മണിക്കൂര്‍ നേരത്തെ പത്രസമ്മേളനത്തിനിടയ്ക്ക് കോട്ടയത്ത് മുഖാവരണം പതിയെ താഴോട്ടിറങ്ങി. എന്നിട്ട് വിശേഷം ഒന്നും ഇല്ല. പറഞ്ഞതിനപ്പുറമൊന്നും മുഖം ഉരയ്ക്കുന്നില്ല. പത്രക്കാര്‍ക്ക് ആളെ അറിയാവുന്നതുകൊണ്ട് കൂടുതലൊന്നും കുത്തി ചോദിക്കുന്നില്ല.
പാലായിലെ നീണ്ട പ്രസംഗത്തിലുടനീളം ആവരണം തല്‍സ്ഥാനത്തുണ്ട്. പണ്ടത്തെ മൈതാനപ്രസംഗങ്ങളില്‍ പിന്‍നിരയിലെ ശ്രോതാക്കളിലേക്ക് എത്തിച്ചേരാന്‍ പ്രസംഗകര്‍ വിശാലമായി കയ്യും കലാശവും കാണിക്കും. ഇതൊന്നും ഒരു കാലത്തും പിണറായി ചെയ്തിട്ടില്ല. ഇന്നതിന്റെ ആവശ്യം ഇല്ല. പാല ബസ് സ്റ്റാ ന്‍ഡിലെ പന്തലിട്ട പരിപാടിയില്‍ സിസി ടിവി സ്ക്രീനുകള്‍ വേദിയുടെ സമീപ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്.
ജോസ് കെ മാണിയുടെ രണ്ടില ചിഹ്നമുള്ള തൊപ്പി ധരിച്ച ധാരാളം മധ്യ വയസ്കര്‍ പുത്തന്‍ അതിഥി താരത്തെ കൌതുകത്തോടെ നോക്കിനില്ക്കുന്നു. ഇടയ്ക്കു നോട്ടം ആദരവോടെ മേലോട്ട് പായുന്നതു നീണ്ടുനിവർന്നു നില്ക്കുന്ന കെ എം മാണിയുടെ തൂ വെള്ള പ്രതിമയിലേക്കാണ്. നിശ്ശബ്ദനാണെങ്കിലും പാലാക്കാര്‍ക്ക് മാണി സാര്‍ ഇന്നും ഒരു ഉറപ്പാണ്.
നടന്നടുക്കുന്ന മട്ടില്‍ തികഞ്ഞ സ്വഭാവികതയോടെ കൊത്തിയെടുത്ത ഈ പൂര്‍ണകായ രൂപത്തിലാണ് തിരഞ്ഞെടുപ്പിനു ചേർന്ന ചിരി ഇത്തവണ ആദ്യമായി കണ്ടതു. ഇത്തരം വിടര്‍ന്ന ചിരികള്‍ പിന്നെയുള്ളത് തിരഞ്ഞെടുപ്പു പരസ്യങ്ങളില്‍ ആണ് – പത്രങ്ങളില്‍, ഭിത്തികളില്‍, ലഘുലേഖകളില്‍.
കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലും കല്പാത്തിയിലെ അമ്പല പരിസരങ്ങളിലും മേട്രോമാന്‍ ശ്രീധരന് നിറഞ്ഞ ചിരിയുമായി പ്രത്യക്ഷപ്പെടുന്നു.
കോവിഡ് മര്യാദകള്‍ പിണറായിയോളം കര്‍ശനമായി എതിര് കക്ഷിക്കാര്‍ പാലിക്കുന്നില്ല. നട്ടുച്ചയ്ക്ക് പട്ടാമ്പിയില്‍ തുടങ്ങി രാചെന്നു നെമ്മാറയില്‍ അവസാനിച്ച പ്രചാരണ പരിപാടിയില്‍ ശശി തരൂര്‍ വാമൂടി താഴ്ത്തിവച്ചാണ് പ്രസംഗിക്കുന്നത്.
ആരുടെ ആത്മ വിശ്വാസം അസ്ഥാനത്താവും, ആരുടെ കരുതലിന് മുന്‍തൂക്കം കിട്ടുമെന്നൊക്കെ ഒരു മാസം കഴിഞ്ഞു നാമറിയും.