/indian-express-malayalam/media/media_files/uploads/2021/05/kerala-assembly-election-results-date-time-live-2021-490702-fi.jpeg)
Kerala Assembly Election 2021 Results Date and Time: കൊച്ചി: കേരളത്തിന്റെ ഭരണം ഇനിയാര്‍ക്കൊപ്പമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഭരണം ഉറപ്പെന്ന കാര്യത്തില്‍ ഇരുമുന്നണികളും വലിയ ആത്മവിശ്വാസമാണു പ്രകടിപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ എട്ടു മണിക്ക് ആരംഭിക്കും. അരമണിക്കൂറിനുള്ളില്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാവും. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. തപാല്‍ ബാലറ്റുകള്‍ രാവിലെ എട്ടുമുതലും ഇ.വി.എമ്മുകള്‍ 8.30 മുതലും എണ്ണിത്തുടങ്ങും. 7.59 വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ സ്വീകരിക്കും.
മുൻ വർഷങ്ങളിൽ പോസ്റ്റൽ, സർവീസ് വോട്ടുകൾ മാത്രമായിരുന്നുവെങ്കിൽ ഇത്തവണ ആബ്സെന്റീ വോട്ട്, പോളിങ് ജോലിയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമെ പോളിങ് ജോലിയുള്ള മാധ്യമപ്രവർത്തകർക്ക് ഉൾപ്പടെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം എന്നിവ ഉണ്ടായിരുന്നു. ഏകദേശം നാലര ലക്ഷത്തോളം വോട്ടുകൾ ഇതെല്ലാം ഉൾപ്പടെ പോൾ ചെയ്തതായാണ് കണക്കാക്കുന്നത്. കൊറോണ കാലത്ത് ആബ്സെന്റീ വോട്ട് സംവിധാനം നിരവധിയാളുകൾ പ്രയോജനപ്പെടുത്തി. മുതിർന്ന പൗരന്മാർ, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് ഈ രീതിയിൽ വോട്ട് ചെയ്യാൻ സാധിച്ചു.
Read Here: Kerala Assembly Election Results 2021: വോട്ടെണ്ണല്‍, അറിയേണ്ടതെല്ലാം
/indian-express-malayalam/media/media_files/uploads/2021/05/kerala-assembly-election-results-date-time-live-2021-490702-mar-ivanious-college-1.jpg)
Kerala Assembly Election 2021 Results Vote Counting Arrangements
സംസ്ഥാനത്ത് ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 527 ഹാളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. കഴിഞ്ഞ തവണ 140 ആയിരുന്നു വോട്ടെണ്ണല്‍ ഹാളുകളുടെ എണ്ണം. കോവിഡ് സാഹചര്യത്തില്‍ പോളിങ് ബൂത്തുകള്‍ 89 ശതമാനം വര്‍ധിപ്പിച്ചതിനാല്‍ ഇ.വി.എമ്മുകളിലും വര്‍ധനവുണ്ട്.
അതേ സമയം, ഇത്തവണ കോവിഡ് സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ടേബിളുകളുടെ ഏഴായി കുറച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഒരോ വോട്ടെണ്ണല്‍ ഹാളിലും 14 ടേബിളുകളാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്. കോവിഡ് നെഗറ്റീവ് ഫലമുള്ളവര്‍ക്കോ രണ്ടുഡോസ് വാക്സിനോ എടുത്തവര്‍ക്കോ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനമുള്ളൂ.
ഇത്തവണ സംസ്ഥാനത്ത് 74.02 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 77.9 ശതമാനവുമായി കോഴിക്കോട് ജില്ലയാണ് പോളിങ്ങിൽ മുൻപിൽ. 67.1 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലായിരുന്നു ഏറ്റവും കുറവ്.
957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്, 14 പേര്‍. നാലുപേര്‍ വീതം മത്സരിക്കുന്ന പയ്യന്നൂര്‍, സുല്‍ത്താന്‍ ബത്തേരി, ഒറ്റപ്പാലം, കോങ്ങാട്, തരൂര്‍, ചേലക്കര, വടക്കാഞ്ചേരി, ഉടുമ്പന്‍ ചോല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍.
77.35 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2016ല്‍ 91 സീറ്റില്‍ വിജയിച്ചാണ് പിണറായി വിജയന്റെ വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. കക്ഷിനില ഇങ്ങനെ: സിപിഎം-58, സിപിഐ-19, ജെഡിഎസ്-3, എന്‍സിപി-2, കോണ്‍ഗ്രസ് എസ്-1, കേരള കോണ്‍ഗ്രസ് (ബി)-1, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്-1, സിഎംപി-1.
യുഡിഎഫിനു 47 സീറ്റാണ് ലഭിച്ചത്. കക്ഷിനില: കോണ്‍ഗ്രസ്-22, മുസ്ലിം ലീഗ്- 18, കേരള കോണ്‍ഗ്രസ് (എം)-6, കേരള കോണ്‍ഗ്രസ് (ജെ)-1. നേമത്ത് ബിജെപിയ സ്ഥാനാര്‍ഥി ഒ. രാജഗോപാലും പൂഞ്ഞാറില്‍ പി.സി. ജോര്‍ജും വിജയം നേടി. തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ എല്‍ഡിഎഫും അരൂര്‍ യുഡിഎഫും പിടിച്ചെടുത്തിരുന്നു. ചെങ്ങന്നൂര്‍ എല്‍ഡിഎഫും വേങ്ങര, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങള്‍ യുഡിഎഫും നിലനിര്‍ത്തുകയും ചെയ്തു.
വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണിപ്രവേശം, തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ മികച്ചവിജയം എന്നീ ഘടകങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായാണ് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയെന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഭിപ്രായ സര്‍വേകളെല്ലാം ഭരണത്തുടര്‍ച്ച പ്രവചിച്ചതും എല്‍ഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടി. കുറ്റ്യാടി, പൊന്നാനി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ അണികള്‍ ഉയര്‍ത്തിയ തെരുവ് പ്രതിഷേധങ്ങള്‍ മറികടക്കാന്‍ സിപിഎമ്മിനു കഴിഞ്ഞെങ്കിലും തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്കു കഴിയില്ലെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ അത്ര സജീവമല്ലാതിരുന്ന യുഡിഎഫ് അവസാനഘട്ടത്തില്‍ കളംനിറയുകയായിരുന്നു. സ്വര്‍ണക്കടത്ത്, അഴിമതി, ശബരിമല, ഇരട്ടവോട്ട്, ആഴക്കടൽ മത്സ്യബന്ധന കരാർ എന്നിവയിലൂന്നി യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് തുടരുമെന്നും അധികാരം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു യുഡിഎഫ്.
ശബരിമല വിഷയം ഉയര്‍ത്തിയ സജീവമായ ബിജെപി 15 മണ്ഡലങ്ങളിലാണ് വിജയം പ്രതീക്ഷിക്കുന്നത്. നേമം നിലനിര്‍ത്തുന്നതിനൊപ്പം മഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട്, മലമ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കഴക്കൂട്ടം താമര വിരിയുമെന്നാണു ബിജെപി വിലയിരുത്തല്‍. 2016 ല്‍ ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു. ഇത് ഇത്തവണ ഇരട്ടിയിലധികമാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.
Read Here: ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ
/indian-express-malayalam/media/media_files/uploads/2021/04/ldf-election-2021.jpg)
ലോക് സഭാ തിരഞ്ഞെടുപ്പിനു മുൻപും പിൻപും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ കണക്ക് പരിശോധിക്കുമ്പോൾ എൽഡിഎഫിനാണ് നേട്ടം. കോന്നിയും വട്ടിയൂർക്കാവും പാലയും എൽഡിഎഫ് പിടിച്ചെടുത്തു. ചെങ്ങന്നൂർ നിലനിർത്തുകയും ചെയ്തു. യുഡിഎഫിനു വേങ്ങരയും മഞ്ചേശ്വരവും നല്ല ഭൂരിപക്ഷത്തിൽ നിലനിർത്താനായെങ്കിലും എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞു. അരൂർ പിടിച്ചെടുക്കാൻ സാധിച്ചു. 12 വർഷത്തിന് ശേഷമാണ് എൽ ഡി എഫ് ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ വിജയിച്ചതും മറ്റ് മണ്ഡലങ്ങളിൽ വിജയം ആവർത്തിച്ചതുമെന്ന പ്രത്യേകതയുണ്ട്. അത് അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ, ഉപതിരഞ്ഞെടുപ്പ് വിജയം പൊതുതിരഞ്ഞെുപ്പിൽ ഘടകമാകില്ലെന്ന ചരിത്രമാണ് യു ഡി എഫിന് ആശ്വാസമേകുന്നത്.
കേരളത്തിനൊപ്പം തമിഴ്‌നാട്, പോണ്ടിച്ചേരി, അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.