കോട്ടയം: പൂഞ്ഞാറിൽ പി.സി.ജോർജിന് ഞെട്ടിക്കുന്ന തോൽവി. 40 വർഷമായി പൂഞ്ഞാറിലെ എംഎൽഎയായ പിസിയെ ഇത്തവണ ജനങ്ങൾ കൈവിട്ടു. 27821 വോട്ട് 2016ൽ പിസി ജോർജിനു ഭൂരിപക്ഷം ലഭിച്ച ഇവിടെ 16817 വോട്ടിനാണു കേരള കോൺഗ്രസ് (എം) സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ വിജയം.
പി.സി.ജോർജ് ഉള്‍പ്പെടെ നാല് സ്ഥാനാര്‍ഥികളാണ് പൂഞ്ഞാറില്‍ ഇത്തവണ ഏറ്റുമുട്ടിയത്. സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് ജോർജ് ജനവിധി തേടിയത്. ടോമി കല്ലാനിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പം ചേർന്നതാണ് പി.സി.ജോർജിന് തിരിച്ചടിയായത്. തന്നെ പിന്തുണയ്ക്കുമെന്ന് കരുതിയ എൻഡിഎ അവസാന നിമിഷം സ്ഥാനാർഥിയെ നിർത്തിയതും തോൽവിക്കിടയാക്കി.
സെബാസ്റ്റ്യന്‍ കുളത്തുങ്കൽ- 57630, പിസി ജോർജ് -41,049, ടോമി കല്ലാനി- 33,694 എന്നിങ്ങനെയാണ് പ്രധാന സ്ഥാനാർഥികളുടെ വോട്ടിങ് നില.
2016 ൽ പി.സി.ജോർജ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പൂഞ്ഞാറിൽ മികച്ച വിജയം നേടിയിരുന്നു. 2021 ലും ജയം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പി.സി.ജോർജ്. അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താൻ ജയിക്കുമെന്നായിരുന്നു പിസിയുടെ അവകാശവാദം. എന്നാൽ പിസി പ്രതീക്ഷിച്ചതുപോലെ 2021 ൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പൂഞ്ഞാറിനെ ജനങ്ങൾ പിസിയെ കൈവിട്ട കാഴ്ചയാണ് ഇത്തവണ കണ്ടത്.