തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. എൽഡിഎഫ് 85ലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ എൽഡിഎഫ് മുന്നിലായിരുന്നു. മൂന്നാം മണിക്കൂറിലേക്ക് വോട്ടെണ്ണൽ കടക്കുമ്പോൾ എൽഡിഎഫ് മികച്ച മുന്നേറ്റത്തിലാണ്. നിലവിൽ 90 സീറ്റുകളിൽ എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 48 ഇടത്തും എൻഡിഎ രണ്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് എട്ടു ജില്ലകളിൽ ഇടത് മുന്നേറ്റമാണ്. തൃശൂരിൽ എല്ലായിടത്തും എൽഡിഎഫ് മുന്നിലാണ്. പത്തനംതിട്ടയിൽ അഞ്ചു മണ്ഡലങ്ങളിലും എൽഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെ.യു.ജനീഷ്‌കുമാറും മുന്നിലാണ്. എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡ്.
Read More: Kerala Election Results 2021 Live Updates: എട്ടു ജില്ലകളിൽ എൽഡിഎഫ് മുന്നേറ്റം, യുഡിഎഫ് നാലിടത്ത്
മലപ്പുറത്ത് എല്‍ഡിഎഫ് നാലിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങള്‍ ഇടതിനൊപ്പമാണ്. കൊല്ലത്ത് ആറ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയ കരുനാഗപ്പള്ളി, ചവറ, കൊട്ടാരക്കര, കുന്നത്തൂര്‍, കുണ്ടൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, പാലായില്‍ മാണി സി.കാപ്പന്‍, തൊടുപുഴയില്‍ പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വടകരയില്‍ കെ.കെ.രമ എന്നിവരാണ് യുഡിഎഫിന്റെ ലീഡ് ചെയ്യുന്ന പ്രമുഖ നേതാക്കള്‍. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, അഴീക്കോട് കെ.വി.സുമേഷ്, ഏലത്തൂരില്‍ എ.കെ.ശശീന്ദ്രന്‍, തലശ്ശേരിയില്‍ എ.എന്‍.ഷംസീര്‍, പി.വി അന്‍വർ തുടങ്ങിയ എല്‍ഡിഎഫ് നേതാക്കള്‍ മുന്നിട്ടുനില്‍ക്കുന്നു.
തൃശ്ശൂരില്‍ പത്മജ വേണുഗോപാല്‍, തവനൂരില്‍ കെ.ടി.ജലീല്‍, നേമത്ത് കെ.മുരളീധരന്‍, പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജ് തുടങ്ങിയവർ പിന്നിലാണ്. പൂഞ്ഞാറിൽ പി.സി.ജോർജ് മൂന്നാമതാണ്. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട്ട് ഇ. ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും മുന്നിലാണ്. ഒരു ഘട്ടത്തില്‍ ചാത്തന്നൂരിലും ബിജെപിക്ക് ലീഡ് നേടാനായിരുന്നു.
യുഡിഎഫിന്റെ കോട്ടയായ കോട്ടയം ജില്ലയില്‍ പല സീറ്റുകളിലും എല്‍ഡിഎഫ് മുന്നേറുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് ഇടതുമുന്നണിക്കു ഗുണം ചെയ്തുവെന്നാണ് ആദ്യസൂചനകള്‍ വ്യക്തമാക്കുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് മുന്നില്‍.
വടകരയില്‍ കെകെ രമ മുന്നിലാണ്. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുക്കുന്നതിനിരെ സിപിഎം അണികളുടെ പ്രതിഷേധമുയര്‍ന്ന കുറ്റ്യാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി കുഞ്ഞമ്മദ് കുട്ടിയാണു മുന്നില്‍. തൃത്താലപ്പോരാട്ടത്തില്‍ വിടി ബല്‍റാമും കളമശേരിയില്‍ പി രാജീവുമാണു മുന്നില്‍.