കൊച്ചി: ആലുവയിൽ മന്ത്രി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നുവെന്നാണ് പരാതി.
മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പ്രചരിപ്പിക്കുന്നു. കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം. ആലുവയിലെ യോഗം തിരഞ്ഞെടുപ്പ് പ്രചാരണ യോഗമാണെന്നാണ് യുഡിഎഫ് പറയുന്നത്. കുടുബശ്രീ യൂണിറ്റുകളെ തെറ്റിദ്ധരിപ്പിച്ച് യോഗത്തിനെത്തിക്കുന്നുവെന്നും യുഡിഎഫ് പരാതിയിൽ പറയുന്നു.
Read More: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്
മട്ടന്നൂരിൽ നിന്നാണ് കെ.കെ.ശൈലജ ഇക്കുറി ജനവിധി തേടുന്നത്. സ്ഥാനാർഥി നിർണയത്തിൽ വിവിധ മുന്നണികൾ സ്ത്രീകളെ തഴയുന്നതായി മന്ത്രി ആരോപിച്ചിരുന്നു. “അമ്പത് ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകണമെന്നാണ് ആവശ്യം. ഇടതുമുന്നണിക്കും കൂടുതൽ സ്ത്രീകളെ പരിഗണിക്കാമായിരുന്നു,” കെ.കെ.ശൈലജ പറഞ്ഞിരുന്നു.
സ്ഥാനാർഥി നിർണയത്തിൽ ജയസാധ്യത വാദം ചൂണ്ടിക്കാട്ടിയാണ് വനിതകളെ തഴയുന്നതെന്ന് ശൈലജ ആരോപിച്ചിരുന്നു. “സ്ഥാനാർഥി നിർണയത്തിൽ പലഘടകങ്ങൾ പരിഗണിക്കും. പൊതുരംഗത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുണ്ട്. അവസരങ്ങൾ നിഷേധിക്കപ്പെട്ടതുകൊണ്ടാണ് ലതിക സുഭാഷിനെ പോലെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.”
കോൺഗ്രസിനെ ശൈലജ രൂക്ഷമായി വിമർശിച്ചിരുന്നു. വനിതകൾക്ക് കൂടുതൽ സീറ്റ് നൽകാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വനിതയെ പോലും ജയിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ഷാനിമോൾ ഉസ്‌മാൻ നിയമസഭയിൽ എത്തിയത് ഉപതിരഞ്ഞെടുപ്പിലൂടെയാണെന്നും ശൈലജ ചൂണ്ടിക്കാട്ടിയിരുന്നു.