/indian-express-malayalam/media/media_files/uploads/2021/03/Pinarayi-Nomination.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് വരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം. നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്‌മപരിശോധന ആരംഭിക്കും. 22നു വൈകീട്ട് മൂന്നു വരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള അവസരം. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതല്‍ സ്ഥാനാർഥികള്‍ പത്രിക സമര്‍പ്പിച്ചേക്കും.
അതതു നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ഇക്കുറി നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍ തയാറാക്കാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിരുന്നു. ഓണ്‍ലൈനായി തയാറാക്കിയ നാമനിര്‍ദേശ പത്രികയുടെ പ്രിന്റ് എടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കണം. സാധാരണ രീതിയിലും നാമനിര്‍ദേശപത്രിക തയാറാക്കി സമര്‍പ്പിക്കാവുന്നതാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് 10000 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ 5000 രൂപ അടച്ചാല്‍ മതി. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി മൂന്നു പേര്‍ക്ക് മാത്രമാണ് വരണാധികാരികളുടെ മുറിയില്‍ പ്രവേശനം. വരണാധികാരികളുടെ കാര്യാലയത്തിനു 100 മീറ്റര്‍ പരിധിയില്‍ രണ്ട് വാഹനങ്ങളില്‍ കൂടുതല്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.