scorecardresearch
Latest News

Kerala Election Results 2021 Highlights: ചുവപ്പണിഞ്ഞ് കേരളം, സെഞ്ചുറിക്കരികെ ക്യാപ്റ്റൻ

Kerala Election Results 2021 Highlights: നിലവില്‍ 99 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. യുഡിഎഫ് മുന്നേറ്റം 41 ഇടങ്ങളില്‍ മാത്രം

Kerala Election Results 2021 Highlights: ചുവപ്പണിഞ്ഞ് കേരളം, സെഞ്ചുറിക്കരികെ ക്യാപ്റ്റൻ

Kerala Election Results 2021 Highlights: കേരളത്തിൽ തുടർഭരണം ഉറപ്പാക്കി ഇടതുമുന്നണി. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എൽഡിഎഫ് 11 ജില്ലകളില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പാക്കി. കഴിഞ്ഞ തവണത്തെ 91 സീറ്റിൽനിന്ന് എൽഡിഎഫ് നേട്ടം 99 ലേക്ക് ഉയർന്നപ്പോൾ യുഡിഎഫ് മുന്നേറ്റം 41 ലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ നേമത്ത് ആദ്യമായി തുറന്ന ബിജെപി അക്കൗണ്ട് ഇത്തവണ സിപിഎം പൂട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ (2021-50,123, 2016-36,905), മന്ത്രി കെകെ ശൈലജ (2021-60,963, 2016-12,291)എന്നിവരുടെ ഭൂരിപക്ഷം കുത്തനെ ഉയർന്നു. അതേമയം, മന്ത്രിമാരായ കെടി ജലീൽ (2021-2,564, 2016-17,064) വൻ തിരിച്ചടി നേരിട്ടു. പ്രതിപക്ഷത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വൻ തിരിച്ചടി നേരിട്ടത് പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 27,092ല്‍ നിന്ന് 9,044 ലേക്ക് ഇടിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (2016-18,621, 2021-13,666), പി.കെ. കുഞ്ഞാലിക്കുട്ടി (2021-30,596, 2016-38,057) തുടങ്ങിയ പ്രമുഖര്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കടന്നു.

വലിയ തരംഗത്തിനിടയിലും ഫിഷറിസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ, എം സ്വരാജ്, ജോസ് കെ മാണി, എംവി ശ്രേയാംസ് കുമാർ എന്നിവരുടെ തോൽവി ഇടതുമുന്നണിക്കു നേരിടേണ്ടി വന്നു. കഴിഞ്ഞ തവണ മേഴ്സിക്കുട്ടിയമ്മയ്ക്ക് 30,460 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന കുണ്ടറയിൽ പിസി വിഷ്ണുനാഥ് 4,523 വോട്ടിനാണ് അട്ടിമറി വിജയം നേടിയത്. ഇവിടെ അവസാന ഘട്ടത്തിലാണ് സ്ഥാനാര്‍ഥിയായി എത്തിയ വിഷ്ണുനാഥിനു പ്രചാരണത്തിനു വേണ്ടത്ര സമയം പോലും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ തവണ 4467 വോട്ടിനു തൃപ്പൂണിത്തുറ പിടിച്ചെടുത്ത എം സ്വരാജ് ഇത്തവണ 992 വോട്ടിനോടാണ് കെ ബാബുവിനോട് അടിയറവ് പറഞ്ഞത്. പാലായിൽ 15,378 വോട്ടിനാണു മാണി സി കാപ്പനോട് ജോസ് കെ മാണി തോൽവി ഏറ്റുവാങ്ങിയത്. 13,083 വോട്ടിനു കഴിഞ്ഞതവണ സിപിഎം ജയിച്ച കൽപ്പറ്റയിൽ ഇത്തവണ 5470 വോട്ടിനു ടി സിദ്ദിഖിനോട് എംവി ശ്രേയാംസ് കുമാർ പരാജയപ്പെടുകയായിരുന്നു.

അതേസമയം അഴീക്കോട്, തൃത്താല സീറ്റുകൾ തിരിച്ചുപിടിച്ചത് സിപിഎമ്മിനു വൻ നേട്ടമായി. അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന് വിജയിച്ച കെഎം ഷാജിയെ ഇത്തവണ 6141 വോട്ടിനാണു കെവി സുമേഷ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 10,547 വോട്ടിന് വിടി ബൽറാം ജയിച്ച തൃത്താല 3,016 വോട്ടിനാണു എംബി രാജേഷ് പിടിച്ചെടുത്തത്.

തുടര്‍ച്ചയായ എട്ടാം വിജയം ലക്ഷ്യമിട്ട് പൂഞ്ഞാറില്‍ ഒറ്റയാനായി മത്സരിച്ച പിസി ജോര്‍ജിന് അടിതെറ്റി.2016ൽ ഒരു മുന്നണികളുടേയും സഹായമില്ലാതെ 27,821 വോട്ട് പിസി ജോർജിനു ഭൂരിപക്ഷം ലഭിച്ച ഇവിടെ ഇത്തവണ 16,817 വോട്ടിനാണു പരാജയപ്പെട്ടത്. കേരള കോൺഗ്രസ് (എം) സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ജോർജിനെ മലർത്തിയടിച്ചത്.

2016 ൽ ബിജെപി സംസ്ഥാനത്ത് ആദ്യമായി അക്കണ്ട് തുന്ന നേമം, അതേ സ്ഥാനാർഥിയായ വി ശിവൻ കുട്ടിയെ നിയോഗിച്ച് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 8671 വോട്ടിന് ഒ രാജഗോപാൽ വിജയിച്ച മണ്ഡലം 3949 വോട്ടിനാണ് ശിവൻകുട്ടി ചുവപ്പിച്ചത്. പാലക്കാട്ട് ഇ. ശ്രീധരനെ അവസാന റൗണ്ടില്‍ ഷാഫി പറമ്പില്‍ പിന്നിലാക്കി. 3859 വോട്ടിനാണു ഷാഫിയുടെ വിജയം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും തോല്‍വി ഏറ്റുവാങ്ങി. ഒരു ഘട്ടത്തിലും സുരേന്ദ്രന് ലീഡ് നേടാനായില്ല. ഇതോടെ ബിജെപിയുടെ കേരളത്തിലെ സീറ്റ് നില വീണ്ടും പൂജ്യത്തിലേക്ക് മാറി.

Read: Kerala Assembly Election Result Live Updates on Indian Express

Live Updates
22:57 (IST) 2 May 2021
സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിന് അഭിവാദ്യങ്ങൾ അർപിച്ച് മുഖ്യമന്ത്രി

എൽഡിഎഫ് വിജയത്തിനായി സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടൽ നടത്തിയവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

19:53 (IST) 2 May 2021
പിണറായി വിജയനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാം തവണയും വിജയിച്ച പിണറായി വിജയനും എൽഡിഎഫിനും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ച മോദി, കോവിഡ് 19 മഹാമാരിയെ ലഘൂകരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും കുറിച്ചു,

19:44 (IST) 2 May 2021
ജനവിധി അംഗീകരിക്കുന്നു: ചെന്നിത്തല

നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ അഴിമതിയും കൊളളയും യു.ഡിഎഫ് പുറത്തുകൊണ്ടുവന്നിരുന്നു. അതൊക്കെ ഇല്ലാതായെന്നു ഈ വിജയം കൊണ്ട് കരുതണ്ട. സര്‍ക്കാരിന് പലഘട്ടത്തിലും തിരുത്തേണ്ടതായിട്ട് വന്നിട്ടുണ്ട്. സര്‍ക്കാരിന്‍റെ തെറ്റുകളെ തിരുത്തുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്,” ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച…

Posted by Ramesh Chennithala on Sunday, 2 May 2021

18:49 (IST) 2 May 2021
കുണ്ടറയിലെ തോൽവി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കുണ്ടറയിലെ തോൽവി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാർഥി മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യുഡിഎഫിന്റെ പി.സി.വിഷ്ണുനാഥാണ് ഇവിടെ ജയിച്ചത്.

18:48 (IST) 2 May 2021
വിശ്വാസം രക്ഷിച്ചില്ല, ആചാരം കൈവിട്ടു; തോറ്റമ്പി കോൺഗ്രസും ബിജെപിയും

ആചാരമനുഷ്ഠിക്കാനിറങ്ങി കൈപൊള്ളിയ കോൺഗ്രസും വിശ്വാസം രക്ഷിക്കാത്തതിനാൽ തണ്ടൊടിഞ്ഞ ബിജെപിയുമാണ് കേരളത്തിലെ നിയമസഭാ ഫലം പുറത്തു വരുമ്പോഴുള്ള ചിത്രം. പ്രതിപക്ഷമായിരുന്ന കോൺഗ്രസിന് വീണ്ടും പ്രതിപക്ഷത്തിരിക്കാനുള്ള യോഗമാണ് ജനങ്ങൾ നല്‍കിയത്. കഴിഞ്ഞ നാൽപത് വർഷത്തോളമായി ഒരു തവണ എൽഡിഎഫ് എങ്കിൽ അടുത്ത തവണ യുഡിഎഫ് എന്നതായിരുന്നു കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ‘വിശ്വാസ’വും ‘ആചാര’വും. അത് ഇത്തവണ വഴിമാറി. Read More

18:43 (IST) 2 May 2021
പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കും: ചെന്നിത്തല

ജനവിധി മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചതെന്നും പരാജയകാരണങ്ങൾ യുഡിഎഫ് വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

18:12 (IST) 2 May 2021
നടന്നത് ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടം: പിണറായി വിജയൻ

നടന്നത് ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് നടപ്പാക്കുന്നതേ പറയൂ, പറഞ്ഞത് നടപ്പാക്കും. ഞങ്ങൾ ജനത്തെ വിശ്വസിച്ചു, ജനങ്ങൾ ഞങ്ങളെയും. പ്രതിസന്ധി വന്നപ്പോൾ ജനങ്ങൾ എൽഡിഎഫിനൊപ്പം നിന്നു. ജനങ്ങൾ ഇനിയും ഒപ്പമുണ്ടാകുമെന്ന് തെളിയിക്കുന്നതാണ് ജനവിധി.

18:07 (IST) 2 May 2021
കേരളത്തിലെ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള ജനത ചരിത്ര വിജയമാണ് നൽകിയത്. ഈ ജനകീയ അംഗീകാരത്തിലൂടെ ആദ്യമായി കേരളത്തിൽ ഒരു ഇടതുപക്ഷ തുടർഭരണം വരികയാണ്. കേരള ചരിത്രം തിരുത്തിയെഴുതിയ സംസ്ഥാനത്തെ വോട്ടർമാരെ സിപിഎം അഭിവാദ്യം ചെയ്യുന്നതായി സംസ്ഥാന സെക്രട്ടറിയേറ്റ്

18:05 (IST) 2 May 2021
ജനവിധിയെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ തങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്‍ഡിഎ പ്രതീക്ഷിച്ച സീറ്റുകളിൽ ജയിക്കാനായില്ല എന്ന കാര്യം അംഗീകരിക്കുന്നു. ഞങ്ങള്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകളില്‍ വലിയ തോതില്‍ ധ്രുവീകരണത്തിനുള്ള നീക്കം നടന്നുവെന്നാണ് പ്രാഥമികമായി ഞങ്ങള്‍ കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

17:09 (IST) 2 May 2021
കേരള ജനതയുടെ വിജയം: എ വിജയരാഘവന്‍

“കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസികമായ വിജയമാണ് ലഭിച്ചത്. വലിയ വിജയം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ആത്മവിശ്വാസത്തെ അന്വര്‍ഥമാക്കുന്ന ഫലമാണ് ഉണ്ടായിരിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് കീഴടങ്ങില്ല എന്ന പ്രഖ്യാപനമാണ് ഈ വിജയം,” സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘന്‍ പറഞ്ഞു.

“പ്രധാനമന്ത്രി വന്നു, അമിത് ഷാ വന്നു. എല്ലാ വര്‍ഗീയ ശക്തികളും ഒരുമിച്ച് ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇത് കേരള ജനതയുടെ വിജയമാണ്. ജനത്തിന്റെ വിശ്വാസത്തിനോട് 100 ശതമാനം നീതി പുലര്‍ത്തി,” വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

17:02 (IST) 2 May 2021
വിജയം ഐതിഹാസികം: ജലീല്‍

“മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം നേടാനായി. ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താനായി. ലീഗിന്റെ പൊന്നാപുരം കോട്ടകളില്‍ വരെ വോട്ട് വിഹിതം വര്‍ദ്ധിച്ചു. മുസ്ലിം ലീഗ് ആവനാഴിയിലെ അവസാന തന്ത്രവും പ്രയോഗിച്ചും തോല്‍പ്പിക്കാന്‍. പക്ഷെ സാധിച്ചില്ല,” വിജയത്തിന് ശേഷം ജലീല്‍ പറഞ്ഞു

16:50 (IST) 2 May 2021
തൃപ്പൂണിത്തുറയില്‍ പോരാട്ടം അവസാന ലാപ്പിലേക്ക്

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത പോരാട്ടം. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് എത്തിയപ്പോള്‍ യുഡിഎഫിന്റെ കെ ബാബുവിന് 200 വോട്ടിന്റെ ലീഡ്. സിറ്റിങ് എംഎല്‍എ എം സ്വരാജാണ് രണ്ടാമത്.

16:46 (IST) 2 May 2021
മേഴ്സിക്കുട്ടിയമ്മ തോല്‍വിയിലേക്ക്

കുണ്ടറയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ തോല്‍വിയിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിന്റെ ലീഡ് 5097. പിണറായി മന്ത്രിസഭയില്‍ നിന്ന് മത്സരിച്ചവരില്‍ തോല്‍ക്കുന്ന ഏക മന്ത്രി.

16:39 (IST) 2 May 2021
കടന്നുകൂടി ജലീല്‍

തവനൂരില്‍ അവസാന ലാപ്പില്‍ വിജയിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. 2,564 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നുംപറമ്പിലിനെ പരാജയപ്പെടുത്തിയത്.

16:36 (IST) 2 May 2021
ഇനി മത്സരിക്കാനില്ല: അനില്‍ അക്കര

ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് വടക്കാഞ്ചെരിയിലെ സിറ്റിങ് എംഎല്‍എ അനില്‍ അക്കര. സ്വന്തം പഞ്ചായത്തില്‍ പോലും ലീഡ് നേടാനാകാതെ തോല്‍വി വഴങ്ങിയതോടെയാണ് തീരുമാനം.

16:34 (IST) 2 May 2021
ജലീലിന്റെ ലീഡ് 3,000 കടന്നു

തവനൂരില്‍ മുന്‍മന്ത്രി കെടി ജലീലിന്റെ ലീഡ് 3,000 പിന്നിട്ടു.

16:16 (IST) 2 May 2021
നേമത്തെ ശക്തന്‍ ശിവന്‍കുട്ടി

നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി വിജയിച്ചു. ബിജെപിയുടെ അക്കൗണ്ട് പൂട്ടി. നേമം തിരിച്ച് പിടിച്ച് എല്‍ഡിഎഫ്

16:13 (IST) 2 May 2021
ജനവിധിയില്‍ ഞെട്ടി മുല്ലപ്പള്ളി

ജനവിധി തികച്ചും അപ്രതീക്ഷിതമെന്നും ഈ പരാജയം കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രൻ.

“അസാധാരണമായ രാഷ്ട്രിയ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പരാജയത്തെ പരാജയമായി കാണുന്നു. പരാജയം എന്ന തരത്തിൽ അതിനെ പരിശോധിക്കും. കോൺഗ്രസ് തളരുമെന്ന് പരാജയം അർത്ഥമാക്കുന്നില്ല. തിരിച്ചടി ഉണ്ടായപ്പോഴെല്ലാം അത് പരിശോധിച്ച് തിരുത്തൽ ഉണ്ടായി മുന്നോട്ട് പോയ പാരമ്പര്യമാണ് കോൺഗ്രസ്സിനുള്ളത്,” മുല്ലപ്പള്ളി പറഞ്ഞു.

16:05 (IST) 2 May 2021
സ്വപ്നം കാണുന്നതിന് മര്യാദ വേണ്ടെ, ബിജെപിയ്ക്കെതിരെ കാനം

“35 സീറ്റ് കിട്ടിയാല്‍ ഭരിക്കും, തൂക്ക് മന്ത്രി സഭയില്‍ നിര്‍ണായകമാകും. സ്വപ്നം കാണുന്നതിന് മര്യാദ വേണ്ടെ,” ബിജെപിയ്ക്ക് പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

16:00 (IST) 2 May 2021
പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം 5.30ന്.

15:58 (IST) 2 May 2021
ജനങ്ങള്‍ ജയിപ്പിച്ചതാണ്: ഷാഫി

പാലക്കാട്ടെ ജനങ്ങള്‍ ജയിപ്പിച്ചതാണെന്ന് ഷാഫി പറമ്പില്‍. 3,000 വോട്ടിന്റെ ഭൂരിപക്ഷം 30,000 വോട്ടിന് തുല്യമെന്നും ഷാഫി. വാക്കില്‍ പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട് പാലക്കാട്ട്കാരോടെന്നും സ്ഥാനാര്‍ഥി.

15:38 (IST) 2 May 2021
പാലക്കാട് ഷാഫിയ്ക്കൊപ്പം

പാലക്കാട് പിടിക്കാന്‍ ബിജെപിക്കായില്ല. ആദ്യ മുതല്‍ ലീഡ് നിലനിര്‍ത്തിയ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ അവസാന റൗണ്ടില്‍ പരാജയപ്പെട്ടു. ഷാഫി പറമ്പിലിന് ഹാട്രിക്ക് വിജയം.

15:36 (IST) 2 May 2021
അപ്രതീക്ഷിത പരാജയം: ചെന്നിത്തല

“ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിത പരാജയമാണ്. കരുതിയതല്ല. ആദരവോടെ അംഗീകരിക്കുന്നു. പരാജയ കാരണങ്ങള്‍ വിലയിരുത്തും. പാളിച്ചകള്‍ പരിശോധിക്കും,” പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

15:22 (IST) 2 May 2021
ജനവിധിയെ മാനിക്കുന്നു എന്ന് ഉമ്മന്‍ ചാണ്ടി

“പരാജയം വെല്ലുവിളിയോടെ ഏറ്റെടുക്കും. തോല്‍വിയുടെ കാരണം ചര്‍ച്ച ചെയ്യും. തുടര്‍ഭരണത്തിനുള്ളതൊന്നും കഴിഞ്ഞ 5 വര്‍ഷമായി എല്‍ഡിഎഫ് ചെയ്തിട്ടില്ല എന്നാണ് യുഡിഎഫ് വിശ്വാസം. അത് ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചു,” ഉമ്മന്‍ ചാണ്ടി പറഞ്ഞു.

15:19 (IST) 2 May 2021
പിണറായിക്ക് സെഞ്ചുറി

എല്‍ഡിഎഫിന്റെ ലീഡ് 100 മണ്ഡലങ്ങളിലായി. യുഡിഎഫ് മുന്നേറ്റം 40 ല്‍ ഒതുങ്ങി. ബിജെപിയ്ക്ക് ഒരു മണ്ഡലത്തിലും ലീഡ് നേടാനായിട്ടില്ല.

15:16 (IST) 2 May 2021
കുന്നത്തുനാട്ടില്‍ ഇടത് അട്ടിമറി ജയത്തിലേക്ക്

ത്രികോണ മത്സരം നടന്ന കുന്നത്തുനാട്ടില്‍ അട്ടമറി ജയം കൊയ്യാനൊരുങ്ങി എല്‍ഡിഎഫ്. പിനി ശ്രീനിജന്‍ 2800 ലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. സിറ്റിങ് എംഎല്‍എ വിപി സജീന്ദ്രന്‍ രണ്ടാമതാണ്.

15:03 (IST) 2 May 2021
60,000 കടന്ന് ശൈലജ ടീച്ചറിന്റെ ഭൂരിപക്ഷം

മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ വന്‍ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 61,000 കടന്നു കെകെ ശൈലജയുടെ ലീഡ്.

15:00 (IST) 2 May 2021
നിയമസഭയിലേക്ക് ആദ്യമായി

നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട് എല്‍ഡിഎഫിന്റെ പ്രമുഖ സ്ഥാനാര്‍ഥികള്‍. കെഎന്‍ ബാലഗോപാല്‍ (കൊട്ടാരക്കര), എംബി രാജേഷ് (തൃത്താല), പി രാജീവ് (കളമശേരി) എന്നിവരാണ് നിയമസഭയിലേക്ക് എത്തുന്നത്.

14:58 (IST) 2 May 2021
കോന്നി നിലനിര്‍ത്തി ജനീഷ് കുമാര്‍

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെയു ജനീഷ് കുമാറിന് വിജയം. 7416 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. റോബിന്‍ പീറ്റര്‍ (യുഡിഎഫ്) രണ്ടാമതും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

14:56 (IST) 2 May 2021
പിണറായിക്ക് അഭിനന്ദനവുമായി കേജ്രിവാള്‍

തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയന് അഭിനന്ദനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ . ട്വിറ്ററിലൂടെയാണ് കേജ്രിവാള്‍ അഭിനന്ദനം അറിയിച്ചത്.

14:50 (IST) 2 May 2021
തലസ്ഥാനം പിടിച്ച് എൽഡിഎഫ്

തിരുവനന്തപുരം ജില്ലയിൽ 13 മണ്ഡലങ്ങളിൽ എൽഡിഎഫ് കുതിപ്പ്. 6 മണ്ഡലങ്ങളിൽ ഇടത് ലീഡ് പതിനായിരം കടന്നു

14:15 (IST) 2 May 2021
പാലക്കാട് താമര വാടുന്നു

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് 500 വോട്ടുകളുടെ ലീഡ്.

14:13 (IST) 2 May 2021
തൃശൂരില്‍ പി ബാലചന്ദ്രന് ജയം

തൃശൂര്‍ നിലനിര്‍ത്തി എല്‍ഡിഎഫ്. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ മണ്ഡലത്തില്‍ അവസാന റൗണ്ടിലാണ് പി ബാലചന്ദ്രന്റെ വിജയം. ഭൂരിപക്ഷം 300 വോട്ടുകള്‍. രണ്ടാം സ്ഥാനത്ത് പത്മജ വേണുഗോപാല്‍. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

14:09 (IST) 2 May 2021
പാലയുടെ ഹൃദയം കാപ്പനൊപ്പം

പാലയില്‍ മാണി സി കാപ്പന് അനായാസ ജയം. കാപ്പന്റെ ലീഡ് 13,000 കടന്നു. ജോസ് കെ മാണിയുടെ രാഷ്ടീയ ജീവതത്തിലെ ഏറ്റവും വലിയ തിരിച്ചടി.

14:07 (IST) 2 May 2021
എല്ലാ കണ്ണുകളും പാലക്കാടിലേക്ക്

പാലക്കാട് ഇ ശ്രീധരന്റെ ലീഡ് 200 ആയി കുറഞ്ഞു. അവസാന റൗണ്ടില്‍ ഷാഫി പറമ്പിലിന് മുന്നേറ്റം. 5,000 വോട്ടിന് മുകളില്‍ ശ്രീധരന്‍ ലീഡ് ചെയ്തിരുന്നു. നിലവില്‍ ബിജെപി ലീഡ് ചെയ്യുന്ന ഏക മണ്ഡലമാണ് പാലക്കാട്

14:05 (IST) 2 May 2021
ആന്റണി രാജുവിന് അട്ടിമറി ജയം

തിരുവനന്തപുരത്ത് സിറ്റിങ് എംഎല്‍എ വിഎസ് ശിവകുമാറിന് തോല്‍വി.

14:04 (IST) 2 May 2021
താനൂരില്‍ പികെ ഫിറോസിന് തോല്‍വി

താനൂര്‍ നിലനിര്‍ത്തി എല്‍ഡിഎഫ്. വി അബ്ദുറഹ്മാന് ജയം.

14:01 (IST) 2 May 2021
തൃശൂരിന് പിന്നാലെ തവനൂരും ഫോട്ടൊഫിനിഷിലേക്ക്

തവനൂരില്‍ വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക്. ഫിറോസ് കുന്നുംപറമ്പിലിന് 100 വോട്ടിന്റെ ലീഡ്. ഇനി എണ്ണാനുള്ളത് എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍

13:56 (IST) 2 May 2021
ഇ ശ്രീധരന്റെ ലീഡ് കുറയുന്നു

പാലക്കാട് ഈ ശ്രീധരന്റെ ലീഡ് 5000 ത്തില്‍ നിന്ന് 1700 ലേക്ക് ഇടിഞ്ഞു. അവസാന റൗണ്ടില്‍ ഷാഫി പറമ്പിലിന്റെ മുന്നേറ്റം.

13:55 (IST) 2 May 2021
തോല്‍വി അംഗീകരിച്ച് ബല്‍റാം

തൃത്താലയില്‍ തോല്‍വി അംഗീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

13:46 (IST) 2 May 2021
പിസി ജോര്‍ജ് എന്ന വന്മരം വീണു

പൂഞ്ഞാറില്‍ പിസി ജോര്‍ജിന് തോല്‍വി. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിനാല്‍ 11,404 വോട്ടിനാണ് വിജയിച്ചത്.

13:43 (IST) 2 May 2021
ഉമ്മന്‍ ചാണ്ടി വിയര്‍ത്ത് ജയിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജയിച്ചു. കേവലം 7426 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് നേടാനായത്. കഴിഞ്ഞ തവണ 25,000 ത്തിന് മുകളില്‍ ആയിരുന്നു ഭൂരിപക്ഷം.

13:30 (IST) 2 May 2021
അവസാന റൗണ്ടില്‍ എല്‍ഡിഎഫ്

യുഡിഎഫ് ലീഡ് നിലനിര്‍ത്തിയ തൃത്താല, തവനൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡിലേക്ക്.

13:26 (IST) 2 May 2021
പീരുമേട്ടില്‍ എല്‍ഡിഎഫിന് ജയം

പീരുമേട്ടില്‍ അവസാന റൗണ്ടില്‍ മണ്ഡലം നിലനിര്‍ത്തി എല്‍ഡിഎഫ്. 1608 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. അവസാന റൗണ്ട് വരെ യുഡിഎഫിനായിരുന്നു മേല്‍ക്കൈ.

13:22 (IST) 2 May 2021
നേമത്ത് ശിവന്‍കുട്ടി മുന്നില്‍

ത്രികോണ മത്സരം നടക്കുന്ന നേമത്ത് സിപിഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി മുന്നില്‍. 1,800 കടന്നു ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം.

13:14 (IST) 2 May 2021
ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് യെച്ചൂരി

എല്‍ഡിഎഫ് സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്യൂരി. എല്ലാ ദുര്‍ഘട സാഹചര്യത്തിലും ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനും അതിജീവിക്കാനും കേരളത്തെ സഹായിക്കാന്‍ സര്‍ക്കാരിനായി. എല്ലാ പ്രിയപ്പെട്ട സഖാക്കള്‍ക്കും ലാല്‍സലാം. യെച്ചൂരി പറഞ്ഞു.

13:05 (IST) 2 May 2021
അഴിക്കോട് ഇടത്തോട്ട്

അഴിക്കോട് സിപിഎം സ്ഥാനാര്‍ഥി കെവി സുമേഷിന്റെ ഭൂരിപക്ഷം 5,407 കടന്നു. സിറ്റിങ് എംഎല്‍എ കെഎം ഷാജിയാണ് രണ്ടാം സ്ഥാനത്ത്.

13:01 (IST) 2 May 2021
വിജയാഘോഷങ്ങൾക്ക് തിങ്കളാഴ്ചയും വിലക്ക്

വോട്ടെണ്ണലിനെത്തുടർന്നുള്ള രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ളാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും തിങ്കളാഴ്ചയും വിലക്കേർപ്പെടുത്തി. ആൾക്കൂട്ടമുണ്ടാക്കുന്ന തരത്തിൽ ഒരു പരിപാടികളും നടത്താൻ അനുവാദമുണ്ടാവില്ല. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

12:58 (IST) 2 May 2021
ഉമ്മന്‍ ചാണ്ടിയ്ക്ക് വീണ്ടും തിരിച്ചടി

പാമ്പാടി പഞ്ചായത്തിലും ഉമ്മന്‍ ചാണ്ടി പിന്നോട്ട്. പഞ്ചായത്തില്‍ ജെയ്ക് സി തോമസിന്റെ മുന്നേറ്റം. മുന്‍ മുഖ്യമന്ത്രിക്ക് 2,850 വോട്ടിന്റെ ഭൂരിപക്ഷം മാത്രം.

12:55 (IST) 2 May 2021
സ്വന്തം ബൂത്തിലും ജോസ് വീണു

സ്വന്തം ബൂത്തിലും ജോസ് കെ മാണിക്ക് തിരിച്ചടി. 8 വോട്ട് ലീഡ് മാണി സി കാപ്പന്‍ ജോസിന്റെ ബൂത്തില്‍ നേടി. നിലവില്‍ മാണി സി കാപ്പന്റെ ഭൂരിപക്ഷം 11,000 കടന്നു.

Web Title: Kerala assembly election 2021 results vote counting lead live updates