കണ്ണൂർ: ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് എം.പി കെ.സുധാകരൻ. പ്രാദേശിക നേതാക്കളും പ്രവർത്തകരും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ടെന്നും ഉമ്മൻചാണ്ടിയുമായി ഈ വിഷയം താൻ സംസാരിച്ചിരുന്നുവെന്നും സധാകരൻ പറഞ്ഞു.
ധർമ്മടത്ത് വാളയാറിലെ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുന്നതിനോട് പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ട്. പ്രാദേശിക വികാരം മാനിക്കണമെന്ന് കെ.സുധാകരൻ പറഞ്ഞു. ധർമ്മടത്ത് കെ.സുധാകരൻ അല്ലെങ്കിൽ സി.രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം.
Read More: കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഉണ്ടായിട്ടുണ്ട്: ഒ.രാജഗോപാൽ
സംസ്ഥാനത്ത് ധർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. ഇവിടെ ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി ദേവരാജന്‍റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത് എന്നാൽ മത്സരിക്കാൻ ദേവരാജൻ തയ്യാറായില്ല. കെപിസിസി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാകും. ധർമ്മടത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ കഴിഞ്ഞദിവസം കെ.സുധാകരൻ പരസ്യമായി രംഗത്തു വന്നിരുന്നു. കെ.സി വേണുഗോപാലും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇഷ്ടക്കാരെ സ്ഥാനാർഥി പട്ടികയിൽ തള്ളിക്കയറ്റുകയാണ് ചെയ്തതെന്നും ഈ പട്ടികയിൽ യാതൊരു പ്രതീക്ഷയുമില്ലെന്നും കെ.സുധാകരൻ പറഞ്ഞിരുന്നു.
കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പൊട്ടിത്തെറിച്ചു. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും സുധാകരൻ തുറന്നടിച്ചു. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.