തിരുവനന്തപുരം: ബിജെപിയിൽ നിന്ന് വ്യത്യസ്തരല്ല കേരളത്തിലെ ഇടത് സർക്കാരിന്റെ പക്ഷത്തുള്ളവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയും ഇടതു പക്ഷവും വിഭജനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്നും രാഹുൽ പറഞ്ഞു. നേമത്ത് കോൺഗ്രസിന്റെ തിരഞ്ഞെടപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിജെപിയോടും ആർഎസ്എസിനോടും എനിക്കുള്ള പ്രശ്നം രണ്ടു തലങ്ങളിലുള്ള പ്രശ്നമാണ്. അതിൽ ആദ്യത്തെ പ്രശ്നം അവർ കേരളത്തിലെ ഐക്യത്തെ തകർക്കുന്നു എന്നതാണ്. രണ്ടാമത്തെ പ്രശ്നം അവർ കേരളത്തെ മനസ്സിലാക്കിയെന്ന് നടിക്കുന്നു എന്നതും. അത് ഏറ്റവും അധികം ധാര്‍ഷ്ട്യമുള്ള പ്രവൃത്തിയാണ്,” രാഹുൽ പറഞ്ഞ്.
ബിജെപിയുടെ ഈ പ്രവൃത്തികൾ മതത്തിനെതിരെ നിൽക്കുന്നവയാണെന്നും രാഹുൽ പറഞ്ഞു. “സത്യത്തിൽ പറഞ്ഞാൽ അത് മതത്തിനെതിരെ നിൽക്കുന്നു. നമ്മുടെ മതങ്ങളുടെ സാരാംശം പറയുന്നത് നമുക്ക് മനസ്സിലാവുന്നതിനുമപ്പുറം ധാരാളം കാര്യങ്ങളുണ്ടെന്നാണ്. സത്യം പറഞ്ഞാൽ എല്ലാ മതങ്ങളുടെയും സാരാംശം പറയുന്നത് ഇതാണ്. മതം പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുന്നതിനുമപ്പുറം കാര്യങ്ങൾ ഈ ലോകത്തുണ്ടെന്നും അത് തിരിച്ചറിയാനും അതിനോട് വിനയാന്വിതരായിരിക്കാനുമാണ്,” രാഹുൽ പറഞ്ഞു.

“ഞാൻ ഒരു ചോദ്യം ചോദിക്കുകയാണ്. നോട്ട് നിരോധനം സർക്കാർ വിനയാന്വിതരായി എടുത്ത തീരുമാനമായിരുന്നോ എന്ന ചോദ്യം. ഒരു വൈകുന്നേരം ഇന്ത്യയിലെ പ്രധാനമന്ത്രി കേരളത്തിന്റെയോ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെയോ അഭിപ്രായം കേൾക്കാതെ, മന്ത്രിസഭയുടെയോ മറ്റാരുടെയെങ്കിലുമോ അഭിപ്രായം കേൾക്കാതെ പ്രഖ്യാപിക്കുകയാണ് ഞാൻ ഇവിടെ നോട്ട് നിരോധിക്കാൻ പോവുകയാണെന്ന്. അദ്ദേഹത്തിന്റെ ഈ ധാര്‍ഷ്ട്യം കാരണം ദശലക്ഷക്കണക്കിന് ജീവിതങ്ങളെയാണ് അദ്ദേഹം തകർത്തുകളഞ്ഞത്.”
“കുറച്ച് മാസം കഴിഞ്ഞ് ഈ നാട്ടുകാരോട് ചോദിക്കാതെ വ്യവസായികളോടോ കർഷകരോടോ സംസാരിക്കാതെ ജിഎസ്ടി നടപ്പാക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതിലൂടെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണ് അദ്ദേഹം ചെയ്തത്,” രാഹുൽ പറഞ്ഞു.
“എന്തുകൊണ്ടാണ് കർഷകർ ഡൽഹിക്ക് പുറത്ത് സമരം ചെയ്യുന്നത്. എന്തുകൊണ്ടാണ് ദശലക്ഷക്കണക്കിന് കർഷകർ ഇങ്ങനെ സമരത്തിലേക്ക് പോയത്. എന്തുകൊണ്ടെന്നാൽ ഈ നാട്ടിലെ ജനങ്ങളോട് ഒട്ടും ബഹുമാനമില്ലാതെ പ്രധാനമന്ത്രി എടുത്ത ഒരു തീരുമാനം കാരണം,” രാഹുൽ പറഞ്ഞു.
“കോവിഡ് കാലത്ത് ഞാൻ ആയിരക്കണക്കിന് തൊഴിലാളികളോട് സംസാരിച്ചു. ആയിരക്കണക്കിന് തൊഴിലാളികൾ അന്ന് സ്വന്തം നാടുകളിലേക്ക് നടന്നു പോവുകയായിരുന്നു. അന്ന് അവരോട് ചോദിച്ചു അവർക്കെന്താണ് പറയാനുള്ളതെന്ന്. പെട്ടെന്നൊരു ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ ഞങ്ങളെപ്പോലുള്ളവർ ഇല്ലാതാവും എന്നത് എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് മനസ്സിലാവാത്തതെന്നാണ് അവർ ചോദിച്ചത്,” രാഹുൽ പറഞ്ഞു.
“അവർ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഈ നാട്ടിലെ പ്രധാനമന്ത്രിക്ക് നാല് ദിവസം കൂടി ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ കാത്തിരിക്കാൻ പറ്റാത്തതെന്തെന്ന്. നാട്ടിൽ പോകാൻ ബസ് ടിക്കറ്റോ ട്രെയിൻ ടിക്കറ്റോ ചോദിച്ചപ്പോൾ പ്രധാനമന്ത്രി ആ ആവശ്യം നിഷേധിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ ചെയ്തികളിൽ ഹിന്ദുവിന്റേതായ എന്ത് സ്വഭാവങ്ങളാണുള്ളത്. ഞാൻ ഈ പ്രവൃത്തികളിൽ കാണുന്നത് ശുദ്ധമായ ധാര്‍ഷ്ട്യം മാത്രമാണ്, മറ്റൊന്നുമല്ല. അതിനെതിരെയാണ് നമ്മൾ പോരാടുന്നത്,” രാഹുൽ പറഞ്ഞു.
“ബിജെപിയെ പറയുന്നതിൽനിന്ന് വ്യത്യസ്തരല്ല കേരളത്തിലെ ഇടതു സർക്കാരിന്റെ പക്ഷത്തുള്ളവരും. ബിജെപി ചെയ്യുന്ന അതേ വിഭാഗീയതയും വിഭജനവുമാണ് ഇടതുപക്ഷത്തുള്ളവർ ചെയ്തുകൊണ്ടിരിക്കുന്നത്. ”
“അവർ ബിജെപി പടർത്തുന്നത് പോലുള്ള അതേ വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത്. ബിജെപി നടപ്പാക്കാൻ ശ്രമിക്കുന്ന അതേ വിഭജനങ്ങളാണ് ഇടതു പക്ഷവും നടപ്പാക്കാൻ ശ്രമിക്കുന്നത്,” രാഹുൽ പറഞ്ഞു.
“ഈ രാജ്യത്തെ പ്രധാനമന്ത്രി എല്ലാ ദിവസവും കോൺഗ്രസ് മുക്ത ഭാരതത്തെക്കുറിച്ച് പറയുന്നു. എന്നാൽ പ്രധാനമന്ത്രി ഒരിക്കലും സിപിഎം മുക്ത ഇടത് മുക്ത ഭാരതത്തെമെന്നോ സിപിഎം മുക്ത കേരളമെന്നോ പറയുന്നത് ഞാൻ കേട്ടിട്ടില്ല. ”
“കേരളത്തിൽ വളരെ തുറന്ന അഴിമതിയാണ് നടക്കുന്നത്. അവർ അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ എന്തുകണ്ടാണ് ബിജെപി ഇതിനെക്കുറിച്ച് അന്വേഷിക്കാത്തത്. കാരണം ബിജെപിക്ക് ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ. കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രമെ അവർക്കുള്ളൂ,” രാഹുൽ പറഞ്ഞു.