തൃശൂര്‍: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് തൃശൂരില്‍. ചാലക്കുടി, ഇരിങ്ങാലക്കുട, ചാവക്കാട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് രണ്ടിനു ശേഷം വടക്കാഞ്ചേരിയില്‍നിന്നു തൃശൂര്‍ വരെ പ്രിയങ്കയുടെ റോഡ് ഷോ നടക്കും. വൈകുന്നേരം തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിച്ച ശേഷമായിരിക്കും പ്രിയങ്കയുടെ മടക്കം.
രണ്ടു ദിവസത്തെ പ്രചാരണത്തിനായി ഇന്നലെയാണ് പ്രിയങ്ക കേരളത്തിലെത്തിയത്. മൂന്ന് ജില്ലകളിലായി നടന്ന വിവിധ പരിപാടികളില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍, സ്വര്‍ണക്കടത്ത് കേസ്, സ്പ്രിൻക്ലര്‍ കരാര്‍ എന്നിവയില്‍ സര്‍ക്കാരിന്റെ പങ്ക് പുറത്തുവന്നപ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചുകളിക്കുകയാണ് ചെയ്തതെന്ന് പ്രിയങ്ക ആരോപിച്ചു. യഥാര്‍ഥ സ്വര്‍ണം കേരളത്തിലെ ജനങ്ങളാണെന്ന് പറഞ്ഞ പ്രിയങ്ക കോർപറേറ്റ് മാനിഫസ്റ്റോയാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും പറഞ്ഞു.
Read More: തപാല്‍ വോട്ടിനിടെ പെന്‍ഷനുമായെത്തി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കേരളത്തിലെത്തിയിരുന്നു. പാലക്കാട് മാത്രം പ്രസംഗിച്ച മോദി കന്നിവോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫിലും യുഡിഎഫിലും നിരാശയാണെന്ന് പറഞ്ഞു. ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന രാഷ്ട്രീയത്തിലാണ് അവര്‍ക്ക് വിശ്വാസമെന്നും മോദി അവകാശപ്പെട്ടു. പ്രചാരണത്തിനായി മോദി ഈ ആഴ്ച വീണ്ടും കേരളത്തിലെത്തും. പത്തനംതിട്ടയിലും തിരുവനന്തപുരത്തും അദ്ദേഹം പ്രസംഗിക്കും.