കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനേയും എൽഡിഎഫ് സർക്കാരിനേയും കടന്നാക്രമിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദേശത്തെ സ്വര്‍ണത്തിലും, സ്വര്‍ണ കടത്തിലും, ആഴക്കടല്‍ മത്സ്യബന്ധന കരാറുകള്‍ വിദേശ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിലുമാണ് കേരള മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രദ്ധ ചെലുത്തുന്നതെന്ന് പ്രിയങ്ക വിമർശിച്ചു. സ്വര്‍ണക്കടത്ത്, ഡോളർ കടത്ത്, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങളും ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കരുനാഗപ്പള്ളിയിലെ യുഡിഎഫ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
സംസ്ഥാനത്തെ യഥാര്‍ത്ഥ സ്വര്‍ണം ഇവിടുത്തെ ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. നിര്‍ഭാഗ്യവശാല്‍, ഇതിന് നേരെ വിപരീതമായാണ് ഇവിടുത്തെ മുഖ്യമന്ത്രിയും സര്‍ക്കാരും പെരുമാറുന്നത്. വിദേശത്തെ സ്വര്‍ണത്തിലും സ്വര്‍ണ കടത്തിലും ആഴക്കടല്‍ മത്സ്യബന്ധന കരാറുകള്‍ വിദേശ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോടല്ല, മറിച്ച് കോര്‍പറേറ്റ് മാനിഫെസ്റ്റോയോടാണ് അവര്‍ക്ക് വിധേയത്വമുള്ളത്. രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രത്തിലിരുന്ന് വിറ്റുതുലയ്ക്കുന്നതുപോലെയാണ് കേരളത്തിന്റെ സമ്പത്ത് ആ സര്‍ക്കാര്‍ വിറ്റു തുലയ്ക്കുന്നതുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read More: ലതിക സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കി
“ഓരോ അഴിമതി ആരോപണങ്ങളും ഉയര്‍ന്നുവരുമ്പോള്‍ മുഖ്യമന്ത്രി പറയുന്നതിന് അതിനെക്കുറിച്ച് അറിയില്ലെന്നാണ്. ഇത്തരം ഒരു കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയില്ലെങ്കില്‍ ആരാണ് ഈ സര്‍ക്കാരിനെ ഭരിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഇഎംസിസി അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുണ്ടായ വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഒന്നും തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് സത്യമല്ലെന്ന് നമ്മുടെ നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അറിയാം.”
ചെറുപ്പക്കാരായ കോൺഗ്രസുകാരെ സിപിഎം കൊന്നൊടുക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. ജനങ്ങളുടെ മനസില്‍ ഭയം നിറയ്ക്കാനാണ് അവരുടെ ശ്രമമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് അട്ടിമറിച്ചതിലും പ്രിയങ്ക വിമര്‍ശനം നടത്തി. കേസിന്റെ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. ഇക്കാര്യത്തില്‍ യുപി സര്‍ക്കാരിനെപ്പോലെയാണ് പിണറായി പെരുമാറിയതെന്നും പ്രിയങ്ക പറഞ്ഞു.
ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് യുപി സര്‍ക്കാര്‍ ചെയ്തതുപോലെത്തന്നെയാണ് വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തോട് കേരള സർക്കാരും പെരുമാറിയതെന്ന് പ്രിയങ്ക ആരോപിച്ചു.
“സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്നെന്ന് പറയുന്ന ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത്? യുപി മുഖ്യമന്ത്രി കേരളത്തില്‍ വന്നാല്‍ ലവ് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്ന അതേ ഭാഷയിലാണ് ഇവിടെ സിപിഎമ്മിന്റെ സഖ്യകക്ഷികള്‍ ലവ് ജിഹാദിനെക്കുറിച്ച് പറയുന്നത്,” പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.