തിരുവനന്തപുരം: ചൊവ്വാഴ്ച്ചത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.
സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളില്‍ നിന്നുള്ള 140 കമ്പനി സേനയും തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ടെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിച്ചു. ഇത്രയധികം കേന്ദ്രസേനാവിഭാഗങ്ങള്‍ തിരഞ്ഞെടുപ്പിന് വിന്യസിക്കപ്പെടുന്നത് ആദ്യമായാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്രസേനാംഗങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Read More: 15 വർഷം: കോൺഗ്രസിനെ കൈകൊണ്ട് തൊടാതെ കൊല്ലം
സംസ്ഥാനത്തെ 481 പൊലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവില്‍ വരും.
24,788 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ അടക്കം 59,292 പൊലീസ് ഉദേ്യാഗസ്ഥർ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. ഇവരില്‍ 4405 സബ് ഇന്‍സ്‌പെക്ടര്‍മാരും 784 ഇന്‍സ്‌പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉള്‍പ്പെടുന്നു. സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കിലുള്ള 34,504 പേരും ഡ്യൂട്ടിക്കുണ്ടാകും.
ലോക്കല്‍ പൊലീസിനു പുറമേ ക്രൈംബ്രാഞ്ച്, വിജിലന്‍സ്, റെയില്‍വേ പൊലീസ്, ബറ്റാലിയനുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് ഉദേ്യാഗസ്ഥരേയും നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടാതെ ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, വനം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മോട്ടോര്‍ വാഹനം എന്നീവിഭാഗങ്ങളില്‍ നിന്നുള്ള ഉദേ്യാഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
Read More: തുടർഭരണം എന്ന യക്ഷപ്രശ്നം
പോളിംഗ് ബൂത്തുകള്‍ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോള്‍ ടീമുകള്‍ ഉണ്ടായിരിക്കുമെന്നും പൊലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. എട്ടോ പത്തോ സ്ഥലങ്ങളിലുള്ള പോളിംഗ് ബൂത്തുകള്‍ പരമാവധി 15 മിനിറ്റിനുള്ളില്‍ ഒരു ടീമിന് ചുറ്റിവരാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഓരോ ടീമിലും ഒരു വീഡിയോഗ്രാഫറും ഉണ്ടായിരിക്കും.
ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു ലോ ആന്റ് ഓര്‍ഡര്‍ പട്രോള്‍ ടീം, ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഓരോ ഇലക്ഷന്‍ സബ്ബ് ഡിവിഷനിലും പ്രത്യേക പട്രോള്‍ ടീം എന്നിവയെയും നിയോഗിക്കുന്നു.
നക്‌സല്‍ ബാധിതപ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടും 24 മണിക്കൂറും നിരീക്ഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഈ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ക്കും പോളിംഗ് ബൂത്തുകള്‍ക്കും പ്രത്യേക സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ 95 കമ്പനി പൊലീസ് സേനയും തയ്യാറാണെന്നും പൊലീസ് അറിയിച്ചു.
അതിര്‍ത്തി ജില്ലകളിൽ 152 സ്ഥലങ്ങളില്‍ ബോര്‍ഡര്‍ സീലിംഗ് ഡ്യൂട്ടിയ്ക്കായി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. കള്ളക്കടത്ത്, മദ്യക്കടത്ത് തുടങ്ങിയവും അക്രമണപ്രവർത്തനങ്ങൾക്കായി പുറത്തുനിന്നുള്ളവർ വരുന്നതും തടയാനാണിത്.
Read More: നന്ദിഗ്രാം വെടിവയ്പും പുതിയ ആരോപണങ്ങളും: വസ്തുതകൾ എന്തെല്ലാം?
പോളിംഗ് ദിവസം ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും വോട്ടര്‍മാരെ തടയുന്നതും കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. ഡ്രോണ്‍ മുഖേന ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ഉടന്‍തന്നെ പൊലീസ് പട്രോളിംഗ് പാര്‍ട്ടിക്ക് കൈമാറും.
പോളിംഗ് ഏജന്റുമാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിൽ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ വിവരം അറിയിച്ചാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചു. പോളിംഗ് ഏജന്റുമാര്‍ക്ക് വീട്ടില്‍നിന്ന് പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും യാത്രചെയ്യുന്നതിന് ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണവും നല്‍കും.
ഇരുചക്രവാഹനത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ച സാഹചര്യത്തില്‍ ഈ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുംമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് വിന്യാസവും സുരക്ഷാനടപടികളും നിരീക്ഷിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമായി എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.