പറയേണ്ടതു മാത്രം അക്കമിട്ട് പറഞ്ഞും ഒരു അധിക മൂളല്‍ പോലും ബാക്കി വയ്ക്കാതെയും പിണറായി വിജയന്‍ പത്രസമ്മേളനം അവസാനിപ്പിക്കുന്നു. കോട്ടയത്തെ കഞ്ഞിക്കുഴി ഗസ്റ്റ്ഹൗസില്‍ കാണുന്ന പ്രശസ്ത രാഷ്ട്രീയ മുഖത്തിന്റ മട്ടും മാതിരിയുമൊക്കെ മാധ്യമക്കാര്‍ക്ക് സുപരിചിതം.
ഈ സംക്ഷിപ്ത ഭാഷണം ഇപ്പോള്‍ ലക്ഷക്കണക്കിന് ടിവി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പുതുമ. കഴിഞ്ഞ വർഷം മാര്‍ച്ച് മുതൽ കോവിഡ് കാലത്ത് മാസങ്ങളോളം എന്നും വൈകീട്ട് ആറിന് ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ടത് മുഖ്യമന്ത്രി കാര്യനിര്‍വഹണം നടത്തുന്നതിന്‍റെ നേർക്കാഴ്ചയാണ്. മലയാള വാര്‍ത്താ ചാനലുകള്‍ക്ക് അന്ന് ഏതാണ്ട് വിനോദ ചാനലുകളോളം സ്വീകാര്യത കിട്ടി. മൂന്നില്‍ രണ്ടു കാഴ്ചക്കാരെങ്കിലും ആറു മണി ശീലമാക്കിയെന്ന് ഒരു ചാനല്‍ പത്രാധിപര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതിന് ആനുപാതികമായ പ്രതികരണം വോട്ടര്‍മാരില്‍ നിന്നുണ്ടാവുമെന്നു പാർട്ടിനേതൃത്വം കണക്കുകൂട്ടുന്നു. ദിനം തോറും ക്രമത്തില്‍ വളര്‍ത്തിയെടുത്ത പ്രാപ്തനായ ഒരു രക്ഷകന്റെ പരിവേഷം സംസ്ഥാനമൊട്ടുക്ക് ഫലിക്കുമെന്നാണു അവരുടെ പ്രതീക്ഷ. അവ്യക്തതയ്ക്ക് ഒട്ടും കുറവില്ലാത്ത ഒരു തിരഞ്ഞെടുപ്പാണിത്. കോൺഗ്രസിനെ എഴുതിത്തള്ളാന്‍ വയ്യ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ നേതൃത്വത്തില്‍ അപ്രതീക്ഷ വിജയം അവര്‍ നേടി. ഇത്തവണ ബിജെപി മൂന്നാം സ്ഥാനത്തുനിന്ന് ഒറ്റയടിക്ക് കയറി വരാന്‍ മുച്ചീട്ടും നിരത്തി രംഗത്തുണ്ട്.
ഇതൊന്നും പോരാഞ്ഞിട്ട് നന്നായി ഭരിച്ച സഹപ്രവര്‍ത്തകരെ മുക്കാലും മാറ്റി നിര്‍ത്തിയിട്ടാണ് മുഖ്യമന്ത്രി തുടര്‍ഭരണം ആവശ്യപ്പെടുന്നത്. പാലായിലും വൈക്കത്തുമൊക്കെ പൊതുയോഗങ്ങളില്‍ തികഞ്ഞ തന്ത്രജ്ഞനെയാണ് കണ്ടത്. മൊത്തം വസ്ത്രധാരണത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുള്ള വാമൂടിയിലൂടെ ഒരല്പം കനം കുറഞ്ഞാണ് ശബ്ദം പുറത്തു വരുന്നത്.
പാലയിലെ ഉല്‍പ്പതിഷ്ണുക്കളും സംരംഭകോത്സുകരുമായ കേരള കോണ്‍ഗ്രസുകാരെ പുതിയ പങ്കാളിത്തത്തെക്കുറിച്ച് ഒരു പാടു കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാര്‍ക്സിസ്റ്റ് പാളയത്തിലേക്ക് സ്നാനം ചെയ്ത ജോസ് കെ മാണി ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടില്ല. കെ എം മാണിയുടെ വാക്ചാതുര്യത്തിനു പാര്‍ട്ടിയില്‍ പകരക്കാരില്ല. ഈ ദൗത്യം സഖാവ് ആവതും നിര്‍വഹിക്കുന്നു. ടി സിഎസ്, ഏണസ്റ്റ് ആന്‍ഡ് യങ് എന്നീ പേരുകളുടെ ഇടതുപക്ഷ ഉച്ചാരണം സദസ്സ് സാകൂതം കേള്‍ക്കുന്നു.
തുടര്‍ന്നു വൈക്കത്തെത്തുമ്പോള്‍ അല്പം ആശ്വാസമുണ്ട്. നിക്ഷേപകരെയും മൂലധനത്തെയും വാഴ്ത്തണ്ട. ചരിത്രം കുറിച്ച ക്ഷേത്രപ്രവേശനം നടന്ന പരിസരത്ത് സാമൂഹിക ക്ഷേമ പരിപാടികളെപ്പറ്റി പറഞ്ഞു നില്‍ക്കാം. പറയാന്‍ കുറേയൊക്കെ ഉണ്ട് താനും. ദിവസത്തെ പര്യടനം ഒടുവില്‍ കോട്ടയത്തെ വന്‍ ജനാവലിക്ക് മുമ്പില്‍ സമാപിക്കുന്നു.
പ്രചാരണത്തിന്റെ നൂലാമാലകള്‍ ചികഞ്ഞു നോക്കിയല്ല വോട്ട് വീഴുകയെന്ന് ഒരു കോട്ടയം സഖാവ് ഓര്‍മിപ്പിക്കുന്നു. ഈ ജനം വന്നു നിറയുന്നത്തിനു പിന്നില്‍ പിണറായിയുടെ ടിവി സ്വാധീമാണെന്ന് അയാള്‍ക്ക് ഉറപ്പാണ്. ഈ ദൃശ്യഘടകത്തെ അയാള്‍ Triple V എന്നു വിളിക്കുന്നു- Visual, Vijayan, Vote.
കാഴ്ചയുടെ ശക്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പഠിപ്പിച്ചത് കോട്ടയമാണ്, അയാള്‍ തുടരുന്നു. 1984ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് കുറുപ്പായിരുന്നു ഇവിടെ പാർട്ടി സ്ഥാനാർഥി. സുഹൃത്തും മുഖ്യ സംഘാടകനുമായ സി പി ജോണ്‍ എങ്ങനെയോ സുരേഷിന്റെ ഫോട്ടോ വച്ച് കുറേ പോസ്റ്ററുകള്‍ അടിച്ചു.
മാര്‍ക്സിസ്റ്റ് പുരോഹിതര്‍ക്കിടക്ക് ഇത് താന്‍പോരിമയും മഹാപാപവുമൊകക്കെയാണ് അന്ന്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത്തിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍, സഹതാപ തരംഗത്തില്‍ സുരേഷ് കുറുപ്പ് ഒഴികെ സി പിഎം സ്ഥാനാർത്ഥികളൊക്കെ തറ പറ്റി. അന്ന് ഒരു വെറും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനു ഇത്രയ്ക്കു സമ്മതിദാനത്തെ സ്വാധീനിക്കാമെങ്കിൽ ഇന്നത്തെ ടെലിവിഷന്‍റെ ശക്തി എത്രയെന്ന് താമസിയാതെ അറിയാം.