തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഉണ്ടായിട്ടുണ്ടെന്നും മലബാർ മേഖലകളിയായിരുന്നു ഇത് ശക്തമെന്നും രാജഗോപാൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു പ്രാദേശിക തലത്തിലുള്ള ധാരണയെന്നും അദ്ദേഹം സമ്മതിച്ചു.
Read More: ഹലാൽ ഭക്ഷണത്തിനെതിരെ നോട്ടീസ്: ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് മുൻകൂർ ജാമ്യം
എന്നാൽ എൽഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാൽ പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ നീക്കുപോക്കുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ബാലശങ്കർ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്ന് രാജഗോപാൽ വിമർശിച്ചു.
നേരത്തേയും ബിജെപിയെ വെട്ടിലാക്കി രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. നേതൃത്വത്തിന്റെ പ്രവർത്തന രീതി മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണം’, രാജഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.