scorecardresearch
Latest News

എൻഎസ്എസ് കൽപ്പന കാറ്റിൽപ്പറന്നു, ഭരണമാറ്റമില്ലാതെ കേരളം

കഴിഞ്ഞ യുഡിഎഫ് സർക്കാർ ഭരണകാലത്ത് താക്കോൽ സ്ഥാനം, അഞ്ചാം മന്ത്രി എന്നൊക്കെയുള്ള വിവാദങ്ങളുമായി അധികാരത്തെ നിയന്ത്രിക്കുന്നതിൽ എൻഎസ്എസിന് സാധിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, പിന്നെ നടന്ന ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, പൊതുതിരഞ്ഞെടുപ്പ് എന്നിവയിലൊക്കെ എൻഎസ് എസ് വീണ്ടും സജീവ രാഷ്ട്രീയ നിലപാടുമായി വന്നുവെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു

G Sukumaran Nair, NSS, NSS General Secretary

കേരള രാഷ്ട്രീയത്തിൽ മത,സമുദായ സംഘടനകൾക്ക് കാര്യമായ റോളൊന്നും ഇല്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. കേരളത്തെ സംബന്ധിച്ച പലപ്പോഴും സമുദായ നേതാക്കന്മാരുടെ രാഷ്ട്രീയ ഇടപെടൽ ‘ജൂനിയർ മാൻഡ്രേക്ക്’ (1997) എന്ന സിനിമയെ ഓർമ്മപ്പിക്കുന്നതാണ്. ഇവർ ആരെയങ്കിലും പിന്തുണച്ചാൽ തോൽവി അവർക്ക് ഉറപ്പ്. ഇവർ ആരെയെങ്കിലും തോൽപ്പിക്കണമെന്ന് പ്രഖ്യാപിച്ചാൽ വിജയം അവർക്കൊപ്പം എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. അവർ പറയുന്നത് പോലെ അബദ്ധത്തിലെങ്ങാനും സംഭവിച്ചാൽ പിന്നെ അത് തങ്ങളുടെ നേട്ടമായി അവർ കണക്കാക്കും. പിന്നെ ബഷീർ കഥാപാത്രത്തെ പോലെ വിലസും, രാഷ്ട്രീയക്കാരെ ചൊൽപ്പടിക്ക് നിർത്തും ഇതാണ് സ്ഥിരം അഭ്യാസം. അതിന് ഇന്ന സംഘടന എന്നില്ല എല്ലാവരും ഒരേ ചരടിലാണ്. എന്നാൽ ഇത്തവണ ഇതൊക്കെ വീണ്ടും പൊളിഞ്ഞു.

കേരളത്തിലെ ഈ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി നേതാവ് വെള്ളപ്പള്ളി നടേശൻ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങളൊന്നും നടത്തി വിവാദനായകനായില്ല. സാധാരണഗതിയിൽ അഭിപ്രായപ്രകടനം നടത്തി തിരിച്ചടി വാങ്ങുന്നതിൽ മുൻനിരയിൽ നിന്ന സമുദായ നേതാവാണ് വെള്ളപ്പള്ളി നടേശൻ. എന്നാൽ ഇത്തവണ അങ്ങനെ ഏതെങ്കിലും ഒരു നിലപാട് സ്വീകരിച്ച് തിരഞ്ഞെടുപ്പിലെ ഭാഗമാകുന്നതിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു നിന്നു. എന്നാൽ ശക്തമായി രംഗത്ത് വന്നത് എൻഎസ് എസ് ആയിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ എൻഎസ്എസ് രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്ന കാഴ്ചയാണ് കേരളം കണ്ടത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തും താക്കോൽ സ്ഥാനവും അഞ്ചാം മന്ത്രിവിവാദവുമൊക്കെയായി അരങ്ങ് വാണ ചരിത്രം എൻഎസ് എസിനുണ്ടെങ്കിലും എൻഡിപിക്കാലത്തിന് ശേഷം പ്രത്യക്ഷമായ ഇടപെടൽ കുറവായിരുന്നു .

എൻഡിപി എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ശേഷം 1996 മുതൽ സമദൂരം എന്ന രാഷ്ട്രീയ നിലപാടിലായിരന്നു എൻഎസ്എസ്. പി. കെ നാരായണപ്പണിക്കർ ജനറൽസെക്രട്ടറിയായിരിക്കെയാണ് ആ നിലപാട് സ്വീകരിച്ചത്. പിന്നീട് ഈ സമദൂര സിദ്ധാന്തം മറ്റ് പലരും പയറ്റി. പക്ഷേ, എൻഎസ്എസ് സമദൂരം പ്രഖ്യാപിച്ചതിനാൽ എൻഎസ്എസിനോ മറ്റുള്ളവർക്കോ പ്രത്യേകിച്ച പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആര് ജയിച്ചാലും തങ്ങളുടെ സമദൂര നിലപാടിലെ വിജയമാണ് എന്ന് പറഞ്ഞ് എൻഎസ്എസ് പോകും. എന്നാൽ വിഎസ് അച്യുതാന്ദൻ ഭരണത്തിലിരിക്കെ എൻഎസ് എസ് ചെറിയൊരു മാറ്റം വരുത്തി. ‘ശരിദൂരം’ എന്നായി ആ നിലപാട് പിന്നെ വീണ്ടും ‘സമദുരം’ എന്നൊക്കെ പറഞ്ഞ നിലനിൽക്കുകയായിരുന്നു.

ഇതിനെല്ലാം മാറ്റം വരുന്നത് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന് സുപ്രീം കോടതി വിധി വരുകയും കേരള സർക്കാർ വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റും എന്ന് പറയുകയും ചെയ്തതോടെയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോടതിവിധിക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെ എൻഎസ്എസും രംഗത്തെത്തി. സർക്കാരിനെതിരെ ആയിരുന്നു എൻ എസ്എസ് ആക്രമണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസം സംരക്ഷിക്കാൻ വോട്ട് ചെയ്യണം എന്നായിരുന്നു എൻഎസ്എസ് നിലപാട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവിധ കാരണങ്ങൾ കൊണ്ട് യുഡിഎഫ് തരംഗം ആഞ്ഞ് വീശി. 19 സീറ്റിൽ ജയിച്ചു. അതിന് കാരണം ശബരിമലയാണ് എന്നും തങ്ങളുടെ നിലപാടാണെന്നും എൻഎസ്എസ് നേതൃത്വം കരുതി. അവർ വീണ്ടും വോട്ടർമാക്ക് വിപ്പുമായി ഇറങ്ങിയത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ. എൻഎസ് എസ് ഇറങ്ങിക്കളിച്ച കോൺഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ സിപിഎം പിടിച്ചെടുത്തു. വട്ടിയൂർക്കാവും കോന്നിയും. വട്ടിയൂർക്കാവിലെ സമുദായസമവാക്യം നോക്കിയാൽ നായർ സമുദായത്തിനാണ് മുൻതൂക്കം. ആ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞത് എൻ എസ് എസിന് കാര്യമായ സ്വാധീനമില്ലാത്ത അരൂരിലും എറണാകുളത്തുമായിരന്നു.

ഇത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വന്നപ്പോൾ എൻഎസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായർ ജനാധിപത്യം സംരക്ഷിക്കാൻ വോട്ട് ചെയ്യണം എന്ന പ്രസ്താവനയുമായി രംഗത്ത് എത്തി. അത് പരോക്ഷമായി എൽഡിഎഫിനെതിരായ പ്രസ്താവനയായി തന്നെയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിൽ എൽഡിഎഫ് തിളക്കമാർന്ന വിജയം നേടി.

നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ വളച്ചുകെട്ടി പറയാനൊന്നും എൻഎസ്എസ് ജനറൽസെക്രട്ടറി സമയം മിനക്കെടുത്തിയില്ല. ഭരണമാറ്റം എന്ന നിലപാട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സിപിഎം, സിപിഐ നേതാക്കളും എൻഎസ്എസ് നേതാവ് ജി സുകുമാരൻ നായരുമായി വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഏറ്റവും ശക്തമായി എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നിലപാടിനെ വിമർശിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയുട ചുമതല വഹിക്കുന്ന എ വിജയരാഘവനും വിമർശനം ഉന്നയിച്ചു. എൻഎസ്എസിനോട് ഏറ്റുമുട്ടിൽ ഫലം തിരിച്ചടിയായിരിക്കുമെന്ന് പല അഭ്യുദയകാകംക്ഷികളും ഉപദേശിച്ചുവെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് കീഴടങ്ങണ്ട എന്ന് തന്നെയായിരുന്നു എൽഡിഎഫ് നേതാക്കളുടെ തീരുമാനം

ഫലം വന്നപ്പോൾ എൽഡിഎഫ് 2016 നേക്കാൾ കൂടുതൽ സീറ്റുകളോടെ ചരിത്രത്തിലാദ്യമായി തുടർഭരണം നേടി. ഈ വർത്തമാനകാല ചരിത്രം വ്യക്തമാക്കുന്നത് എൻഎസ്എസ് എന്ന സാമുദായിക സംഘടനയുടെ ജനറൽ സെക്രട്ടറി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് അനുഗുണമായല്ല, സമുദായംഗങ്ങളുടെ നിലപാട് എന്നതാണ്. എസ്എൻഡിപിയുടെ കാര്യത്തിൽ നേരത്തെ തന്നെ ഇത് വ്യക്തമായതാണ്. പലതലവണയുള്ള അനുഭവങ്ങളിലൂടെയാകാം ഇത്തവണ തിരഞ്ഞെടുപ്പ് കാലത്ത് മൗനം പാലിക്കാൻ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ തീരുമാനിച്ചതും, നേരത്തെ സമദൂര സിദ്ധാന്തവുമായി എൻഎസ്എസിനെ പി കെ. നാരായണപ്പണിക്കർ നയിച്ചതും.

എൻഎസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഭരണമാറ്റ ആഹ്വാനം നായർ സമുദായം തള്ളിയതായിട്ടാണ് സിപിഎം ഉൾപ്പെടയുള്ളവർ വിലയിരുത്തുന്നത്. ഉദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് നായർ സമുദായത്തിൽപ്പെട്ട വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള തലസ്ഥാന ജില്ലയിലെ നാല് മണ്ഡലങ്ങൾ പരിശോധിക്കാമെന്നാണ്. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കാട്ടാക്കട എന്നീ മണ്ഡലങ്ങൾ എടുത്താൽ നാല് മണ്ഡലത്തിലും എൽഡിഎഫ് വൻ വിജയം നേടുകയാണ് ചെയ്തത്. കാട്ടക്കടയിൽ ഭൂരിപക്ഷം വൻതോതിൽ വർദ്ധിപ്പിച്ചു. കഴിഞ്ഞ തവണ കഷ്ടിച്ച് ജയിച്ച ഐബി സതീഷ് ഇത്തവണ അഞ്ചക്കമാക്കി ഭൂരിപക്ഷം. തിരുവനന്തപുരം മണ്ഡലം വർഷങ്ങൾക്ക് ശേഷം യുഡിഎഫിലെ വിഎസ് ശിവകുമാറിനെ തോൽപ്പിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫിലെ ആന്റണി രാജു പിടിച്ചെടുത്തു. നേമം ബിജെപിയിൽ നിന്നും എൽ ഡിഎഫിലെ വി ശിവൻകുട്ടി പിടിച്ചെടുത്തു. മാത്രമല്ല, കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തുള്ളകയും ചെയ്തു. വട്ടിയൂർക്കാവിൽ സിപിഎം ഉപതിരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത സീറ്റ് വികെ പ്രശാന്ത് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തി. കഴക്കൂട്ടത്ത കടകംപള്ളി സുരേന്ദ്രനും നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഒരു സീറ്റിൽ മാത്രമാണ് യുഡിഎഫ് ജയിച്ചത്. കോവളം മണ്ഡലത്തിൽ തിരുവനന്തപുരം നഗരവുമായി ബന്ധപ്പെട്ട് കിടക്കുന്ന മണ്ഡലങ്ങളുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ കാര്യമായ സ്വാധീനം നായർ സമുദായത്തിനോ എൻഎസ്എസിനോ ഇല്ലെന്നതാണ് കോൺഗ്രസുകാരും അഭിപ്രായപ്പെടുന്നത്.

തിരുവനന്തപുരം മാത്രമല്ല, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നിങ്ങനെ ഏത് ജില്ലയെടുത്താലും എൻഎസ്എസിന് സ്വാധീനമുണ്ടെന്ന് പറയുന്നടിങ്ങളിലെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയം കൊയ്തിരിക്കുകയാണ്. ശബരിമല വരുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ച് സീറ്റുകളും എൽഡിഎഫ് വിജയിച്ചു. ചുരുക്കിപറഞ്ഞാൽ ഭരണമാറ്റം വേണമെന്ന എൻഎസ്എസ് ജനറൽസെക്രട്ടറിയുടെ അഭിപ്രായം തള്ളി ഭരണമാറ്റം വേണ്ടെന്ന തീരുമാനമാണ് നായർ സമുദായാംഗങ്ങൾ ഉൾപ്പടെയുള്ള വോട്ടർമാർ പൊതുവിൽ സ്വീകരിച്ചത് എന്നാണ് ഫലം വ്യക്തമാക്കുന്നത്. . 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ സ്വീകരിച്ച നിലപാടിൽ നിന്നും ജനങ്ങൾക്ക് മനംമാറ്റം ഉണ്ടായിട്ടില്ല എന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നതെന്ന് ഇടതുപക്ഷ നേതാക്കൾ വിലയിരുത്തുന്നു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Kerala assembly election 2021 nss sabarimala cpm congress