തൃശൂർ: ബിജെപി അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് പാർട്ടിയുടെ തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിൽ വിജയ സാധ്യതയേക്കാൾ മത്സര സാധ്യതയാണുള്ളതെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. നാല് മണ്ഡലങ്ങളാണ് പാർട്ടി മുന്നോട്ട് വച്ചതെന്നും എന്നാൽ താൻ തൃശൂരിൽ നിന്നു തന്നെ മത്സരിക്കണം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read More: വിജയസാധ്യതയല്ല, മത്സരസാധ്യത; തൃശൂരില്‍ നിന്ന് മത്സരിക്കണമെന്നത് മോദിയുടെ ആഗ്രഹം: സുരേഷ് ഗോപി
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുരേഷ് ഗോപി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയ്ക്ക് ശേഷം പത്ത് ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു. കൊവിഡ് വാക്സിൻ എടുത്ത ശേഷമായിരിക്കും തൃശൂരിലടക്കം പ്രചാരണ രംഗത്ത് സുരേഷ് ഗോപി സജീവമാകുക.
മത്സരിക്കാൻ താൽപര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർഥിയായത്. മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു. മത്സരിക്കാൻ താൽപര്യമില്ലെന്നും നിര്‍ബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. ഒടുവിൽ തൃശൂരിൽ തന്നെ സ്ഥാനാർഥിയാകുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ത്യശൂരിൽ നിന്നും ജനവിധി തേടി പരാജയപ്പെട്ടിരുന്നു.