പ്രകടനം നടത്തുന്നതു കണ്ട് സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം: എം.വി. ഗോവിന്ദൻ

പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണ്ട് പാർട്ടിയിൽ പുനഃപരിശോധന ഉണ്ടാകില്ല. പാർട്ടി ഒരു തീരുമാനമെടുത്താൽ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പ്രവർത്തകർക്കുള്ളത്

Kerala Election,Kerala Election 2021,Kuttiady decision,MV Govindan Master,No change in,says CPIM leader,കുറ്റ്യാടിയിൽ പുന:പരിശോധന ഉണ്ടാകില്ലെന്ന്,പ്രകടനം കണ്ട്,സ്ഥാനാർത്ഥിയെ മാറ്റില്ല,എംവി ഗോവിന്ദൻ മാസ്റ്റർ,Kerala Assembly Election,Election 2021,Kerala 2021 Election,Kuttiady,CPIM,MV Govindan
Photo: K Babeesh

കോഴിക്കോട്: നിമസഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഎം സ്ഥാനാർഥി പട്ടികയെ തുടർന്ന് കുറ്റ്യാടിയിൽ പാർട്ടി പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനെതിരെ സിപിഎം നേതാവ് എം.വി. ഗോവിന്ദൻ. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണ്ട് പാർട്ടിയിൽ പുനഃപരിശോധന ഉണ്ടാകില്ല. പാർട്ടി ഒരു തീരുമാനമെടുത്താൽ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പ്രവർത്തകർക്കുള്ളത്. പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“സിറ്റിങ് സീറ്റ് അല്ലാഞ്ഞിട്ടും ഇത്ര വലിയ പ്രശ്നമുണ്ടാക്കുന്നത് എന്തിനാണ്? പ്രശ്നം പാർട്ടി സംഘടനാപരമായി കൈകാര്യം ചെയ്ത് പരിഹരിക്കും. പി.ജയരാജനെ പാർട്ടിയിൽ ഒറ്റപ്പെടുത്തുന്നുവെന്നത് അടിസ്ഥാനരഹിതമാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാലല്ല ഇ.പി.ജയരാജൻ മത്സരിക്കാത്തത്. പിണറായി വിജയൻ പാർട്ടിയെ കൈപ്പിടിയിലാക്കിയെന്ന ആരോപണം അസംബന്ധമാണ്. പിണറായി വിജയനെ കടന്നാക്രമിക്കാനുള്ള അടവാണിത്,” എം.വി.ഗോവിന്ദൻ പറഞ്ഞു.

Read More: കുറ്റ്യാടിയിൽ ‘പുകഞ്ഞ്’ സിപിഎം; പ്രവർത്തകരുടെ കൂറ്റൻ പ്രതിഷേധ പ്രകടനം, ജോസ് കെ.മാണിയും പ്രതിരോധത്തിൽ

സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നലേയും സിപിഎം പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായി നൂറ് കണക്കിനു പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്ത സിപിഎം തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. കുറ്റ്യാടിയിൽ സിപിഎം സ്ഥാനാർഥി തന്നെ മത്സരിക്കണമെന്നും അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്യാൻ അവസരം വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിൽ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധിക്കുന്ന സിപിഎം പ്രവർത്തകരുടെ ആവശ്യം. സിപിഎം പ്രാദേശിക നേതൃത്വത്തിനും സമാന നിലപാടാണ്. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്നും സിപിഎം തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പലയിടത്തും നേരത്തെ പോസ്റ്ററുകൾ ഉയർന്നിരുന്നു. ‘പ്രസ്ഥാനത്തിനു നേരെ വന്നാൽ നോക്കി നിൽക്കാനാവില്ല,’ എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.

പാർട്ടി കൊടികൾ പിടിച്ചും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും കുറ്റ്യാടി മുൻ എംഎൽഎ കെകെ ലതികയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുമായിരുന്നു പ്രതിഷേധം. ഇരുവരുമാണ് കെപി കുഞ്ഞമ്മദ് കുട്ടിക്ക് കുറ്റ്യാടി സീറ്റ് നിഷേധിക്കുന്നതിനു പിന്നിലെന്നാണ് പ്രതിഷേധകരുടെ ആരോപണം. കുറ്റ്യാടി മണ്ഡലത്തിൽ കഴിഞ്ഞതവണ സിറ്റിങ് എംഎൽഎ കെകെ ലതിക പരാജയപ്പെട്ടതിനു പിന്നിൽ കെപി കുഞ്ഞമ്മദ് കുട്ടി വേണ്ടത്ര പ്രവർത്തിക്കാത്തതിനാലാണെന്ന ആരോപണം പാർട്ടിക്കുള്ളിൽ നേരത്തെ  ഉയർന്നിരുന്നു.

ചൊവ്വാഴ്ചയും സമാന രീതിയിലുള്ള പ്രതിഷേധം കുറ്റ്യാടിയിൽ നടന്നിരുന്നു. ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. സിപിഎം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയിലെ പ്രകടനം.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 m v govindan master against kuttiady protest

Next Story
കുറ്റ്യാടിയിൽ ‘പുകഞ്ഞ്’ സിപിഎം; പ്രവർത്തകരുടെ കൂറ്റൻ പ്രതിഷേധ പ്രകടനം, ജോസ് കെ.മാണിയും പ്രതിരോധത്തിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com