കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ രാഷ്ട്രീയക്കാർ മാത്രമല്ല, സിനിമാ, സാഹിത്യ, കായിക മേഖലയിൽ നിന്നുള്ളവരും ഒരു കൈ പയറ്റി നോക്കിയിട്ടുണ്ട്. ചിലരെല്ലാം വിജയസോപാനങ്ങളിലേക്ക് നടന്ന് കയറിയപ്പോൾ മറ്റ് ചിലർ പരാജയത്തിന്റെ നോവും അനുഭവിച്ചിട്ടുണ്ട്. പ്രധാന രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികളായും അവരുടെ സ്വതന്ത്രസ്ഥാനാർത്ഥികളായും ഒരു പാർട്ടിയുടെയും പിന്തുണയില്ലാത്ത സമ്പൂർണ്ണ സ്വതന്ത്രരായും അവർ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിച്ചിട്ടുണ്ട്. സാഹിത്യകാരന്മാർ തമ്മിലും സിനിമാക്കാർ തമ്മിലും തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയ ചരിത്രവും കേരളത്തിലുണ്ട്.

തമിഴ്നാടിനെ ആന്ധ്രപ്രദേശിനെയോ അനുകരിച്ചല്ല, കേരളത്തിലെ സാഹിത്യ താരങ്ങളും സിനിമാ താരങ്ങളും ജനവിധി തേടിയത്. ഒരുപക്ഷേ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താരങ്ങളിറങ്ങുന്നതിന് മുമ്പ് തന്നെ കേരളക്കരയിൽ തിരഞ്ഞെടുപ്പ് രംഗത്ത് ഇവർ തങ്ങളുടെ സാന്നിദ്ധ്യം പ്രകടമാക്കിയിരുന്നു. ജ്ഞാനപീഠ ജേതാവും മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയയാളും മികച്ച നടനുള്ള അവാർഡ് നേടിയ പ്രതിഭയും പ്രശസ്ത എഴുത്തുകാരിയുമൊക്കെ കേരളത്തിലെ രാഷ്ട്രീയ പരീക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവർക്കൊക്കെ പുറമെ രാജ്യാന്തര കായിക താരവും തിരഞ്ഞെടുപ്പ് കളത്തിൽ ഒരു കൈ നോക്കിയിട്ടുണ്ട്.
ഐക്യ കേരളം രൂപീകരിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ മന്ത്രിസഭയിൽ നിന്ന് തന്നെ ഈ ചരിത്രം തുടങ്ങാം. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയിൽ നിന്ന് തന്നെ. അധ്യാപകനും നിരൂപകനുമായ മുണ്ടശേരി കൊച്ചി പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. അദ്ദേഹത്തിന്റെ തിഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം തുടങ്ങുന്നത് കേരളം രൂപീകൃതമാകുന്നതിനും മുമ്പാണ്. കൊച്ചി രാജ്യമായിരുന്ന കാലത്ത് 1948 ൽ അർത്തൂക്കരയിൽ നിന്ന് അദ്ദേഹം കൊച്ചി നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
Also Read: തിരഞ്ഞെടുപ്പിലെ മക്കൾ മാഹാത്മ്യം
1954 ൽ ചേർപ്പിൽ നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തിരഞ്ഞെടുപ്പ് പരീക്ഷയിൽ ഒരു തോൽവിയും നേരിട്ടു. തിരു- കൊച്ചി കാലത്ത് 1951 ൽ നടന്ന തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച മുണ്ടശേരി, കോൺഗ്രസിലെ ഇയ്യുണ്ണി ചാലക്കയോട് തോറ്റു. ഇയ്യുണ്ണി 70300 വോട്ട് നേടിയപ്പോൾ, മുണ്ടശേരിക്ക് 56,362 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. എന്നാൽ 1957 ലെ നിയമസഭയിലേക്ക് ജോസഫ് മുണ്ടശേരി മത്സരിച്ച് ജയിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി. ഈ രണ്ട് തവണയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി പി ഐ) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

പഞ്ചായത്തിലും, തിരു കൊച്ചി നിയമസഭയിലും കേരളാ നിയമസഭയിലും അംഗമായിരുന്ന സാഹിത്യകാരനുണ്ട്. നാടകകൃത്തും സംവിധായകനും, സിനിമാ തിരക്കഥാകൃത്തും സംവിധായകുമൊക്കെയായ തോപ്പിൽ ഭാസിയാണ് തിരഞ്ഞെടുപ്പിലെ തിരശീലയ്ക്ക് മുന്നിലും പിന്നിലും തിളങ്ങിയ വ്യക്തിത്വം. കേരളത്തിലെ പ്രൊഫഷണൽ, രാഷ്ട്രീയ നാടകവേദിയുടെ അമരക്കാരിലൊരാളായ തോപ്പിൽഭാസി 1953ൽ വള്ളിക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. പിന്നീട് 1954ൽ തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1957ൽ ആദ്യ കേരള നിയമസഭയിൽ പഴയ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം കേരളാ നിയമസഭയിലെത്തിയത്.
1954ലെ തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച മറ്റൊരു ബഹുമുഖപ്രതിഭയുണ്ട്. മലയാള സാഹിത്യ ലോകത്തിലെ ബ്രിഗേഡിയർ ആയ ആ എഴുത്തുകാരന് പക്ഷേ തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല. ചെറുകഥാകൃത്ത്. സംവിധായകൻ, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, കാർട്ടൂണിസ്റ്റ് എന്നീ നിലകളിൽ സർഗാത്മക പ്രതിഭ തെളിയിച്ച അദ്ദേഹം ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു. ഗവൺമെന്റ് സെക്രട്ടറി, റവന്യൂബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് അദ്ദേഹം 1954ൽ തിരുകൊച്ചി നിയമസഭയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്രനായി പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചത്. എന്നാൽ വിജയിക്കാനായില്ല. രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ കോൺഗ്രസ് സ്ഥാനാർത്ഥി പൗലോസിനോട് തോൽക്കുകയായിരുന്നു.

1957 ൽ ജോസഫ് മുണ്ടശേരി നിയമസഭയിലേക്ക് ജയിച്ചുവെങ്കിൽ മറ്റൊരു സാഹിത്യകാരന് തോൽവിയായിരുന്നു ഫലം. തലശേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും സി പി ഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എസ് കെ പൊറ്റക്കാട് തോറ്റത് കോൺഗ്രസിന്റെ ജിനചന്ദ്രനോട് 1,382 വോട്ടിനായിരുന്നു. മലയാള സഞ്ചാര സാഹിത്യരംഗത്തെ കുലപതിക്ക് തലശേരയിൽ അത്തവണ വിജയിച്ച് പാർലമെന്റിലേക്കുള്ള വഴി കണ്ടെത്താനായില്ല.

കേരളത്തിൽ രണ്ട് സാഹിത്യ പ്രതിഭകൾ ഏറ്റുമുട്ടിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത് 1962 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു. നിരൂപകനും പ്രഭാഷകനുമായി സുകുമാർ അഴീക്കോടും എസ് കെ പൊറ്റക്കാടും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. അങ്കത്തട്ട് തലശേരി ലോക്‌സഭാ മണ്ഡലമായിരുന്നു. 1957ൽ തലശേരിയിൽ തോൽവി നേരിട്ട എസ് കെ അതേ തട്ടകത്തിൽ നടത്തിയ രണ്ടാം പോരാട്ടമായിരുന്നു അത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സി പി ഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എസ് കെ പൊറ്റക്കാട് രണ്ടാമത്തും തലശേരിയിൽ സ്ഥാനാർത്ഥിയായത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി സുകുമാർ അഴീക്കോടും (കെ.ടി. സുകുമാരൻ എന്നപേരിലാണ് അദ്ദേഹം മത്സരിച്ചത്). ഇത്തവണ വിജയം പൊറ്റക്കാടിനൊപ്പമായിരുന്നു. 64,950 വോട്ടിനായിരുന്നു പൊറ്റക്കാടിന്റെ വിജയം. പിന്നീട് രണ്ട് പേരും തിരഞ്ഞെടുപ്പ് രംഗം വിട്ടൊഴിഞ്ഞു.
Also Read: കോ ലീ ബി സഖ്യം -1991ൽ നിന്നും 2021ൽ എത്തുമ്പോൾ
ലോക്‌സഭാ, തിരു-കൊച്ചി, രാജ്യസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഏക സാഹിത്യകാരി ആനി തയ്യിലായിരിക്കും. മാത്രമല്ല കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഏക എഴുത്തുകാരിയും ഒരു പക്ഷേ ആനി തയ്യിലായിരിക്കും. 1949ൽ തിരു- കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ രാജ്യസഭയിലേക്കും 1967 ൽ ലോകസഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. മൂവാറ്റുപുഴയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ആിരുന്ന ആനി തയ്യിൽ 70,010 വോട്ട് നേടി മൂന്നാം സ്ഥാനാത്താണ് എത്തിയത്. ഇവിടെ സി പി എമ്മിന്റെ പി. പി എസ്തോസ് ആണ് അത്തവണ ജയിച്ചത്.

സിനിമ പൂർത്തിയാക്കിയിട്ടും റിലീസ് ചെയ്യാൻ കഴിയാത്തതുപോലെ ജയിച്ചിട്ടും നിയമസഭ കാണാൻ കഴിയാത്ത ഒരു സംവിധായകൻ കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് എത്തിയ പ്രമുഖ സിനിമാ സംവിധായകൻ രാമുകാര്യാട്ടാണ് നിയമസഭാ കാണാനാകാതെ പോയ വിജയി. രാമു കാര്യാട്ട് 1965 ൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സി പി ഐയുടെയും സിപിഎമ്മിന്റെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. നാട്ടികയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ അത്തവണ സഭ ചേർന്നില്ല.
പിന്നീട് 1971 തൃശൂരിൽ നിന്നും സ്വതന്ത്രനായി രാമുകാര്യാട്ട് മത്സരിച്ചു. ജയിച്ചത് സിപി ഐ സ്ഥാനാർത്ഥിയും രണ്ടാം സ്ഥാനാത്ത് സി പി എം സ്ഥാനാർത്ഥിയും എത്തി. 6,364 വോട്ടുകൾ നേടി നാലാം സ്ഥാനമായിരുന്നു രാമുകാര്യാട്ടിന് അത്തവണ നേടാനായത്.

നീണ്ട പതിമൂന്ന് വർഷത്തിന് ശേഷമാണ് മറ്റൊരു സാഹിത്യപ്രതിഭ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. 1984ൽ കമലാദാസ് എന്ന മലയാളികളുടെ സ്വന്തം മാധവിക്കുട്ടിയാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഒരു കൈ നോക്കിയത്. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു കമലാദാസിന്റെ (മാധവിക്കുട്ടി) മത്സരം. ഇന്ദിരാഗന്ധിയുടെ വധത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർത്തിയ പുതുമുഖ സ്ഥാനാർത്ഥിയായ എ. ചാൾസ് ആണ് ജയിച്ചത്. 1786 വോട്ടാണ് മാധവിക്കുട്ടിക്ക് തിരുവന്തപുരത്ത് നിന്നും ലഭിച്ചത്. ആ തിരഞ്ഞെടുപ്പിൽ തോറ്റ മാധവിക്കുട്ടി പിന്നീട് മത്സര രംഗത്ത് വന്നില്ല.

എറണാകുളം നിയമസഭയിൽ നിന്നും സാഹിത്യകാരനും അധ്യാപകനുമായ എം. കെ. സാനു 1987 ൽ സി പി എം സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് ജയിച്ചു. ആ ടേമിന് ശേഷം അദ്ദേഹം തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്മാറി.
മാധവിക്കുട്ടിയുടെ പരാജയത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞപ്പോൾ മറ്റൊരു സിനിമാ, സാഹിത്യ പ്രതിഭയുടെ വീണ്ടും തിരുവനന്തപുരം ലോക്‌സഭാ ണ്ഡലത്തിൽ ജനവിധി തേടിയിറങ്ങി. 1989 ൽ നടന്ന തിരഞ്ഞെടുപ്പിൽ കവിയും അധ്യാപകനും ഗാനരചയിതാവുമായിരുന്ന ഒ. എൻ. വി കുറപ്പായിരുന്നു എൽ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിന്റെ എ. ചാൾസിനോട് പരാജയപ്പെട്ടു.
രണ്ട് സാഹിത്യ പ്രതിഭകളെ തോൽപ്പിച്ച രാഷ്ട്രീയ നേതാവ് എന്ന നേട്ടം തിരുവന്തപുരത്ത് തുടർച്ചയായി മൂന്ന് തവണ ജയിച്ച് എ. ചാൾസ് എന്ന കോൺഗ്രസ് നേതാവിനുള്ളതാണ്.

ഇതേ വർഷം തന്നെ മറ്റൊരു സിനിമാ സംവിധായകനും ലോക്‌സഭയിലേക്ക് മത്സരിച്ചു. ഒറ്റപ്പാലത്ത് സി പി എമ്മിന്റെ സ്ഥാനാർത്ഥിയായി സംവിധായകൻ ലെനിൻ രാജേന്ദ്രൻ മത്സരിച്ചു. കെ. ആർ നാരായണനോട് അദ്ദേഹം തോറ്റു. 1991ലും കെ ആർ നാരായണനെതിരെ ഒറ്റപ്പാലം മണ്ഡലത്തിൽ ലെനിൻ രാജേന്ദ്രനായിരുന്നു സി പി എമ്മിന്റെ സ്ഥാനാർത്ഥി. രണ്ട് തവണയും വിജയം അദ്ദേഹത്തിനൊപ്പമുണ്ടായില്ല. പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരരംഗത്തേക്ക് ലെനിൻ രാജേന്ദ്രൻ വന്നില്ല.
1999 ൽ വീണ്ടുമൊരു നക്ഷത്രത്തിളക്കം തിരഞ്ഞെടുപ്പിൽ ഉണ്ടായി. ആലപ്പുഴ മണ്ഡലത്തിൽ നിന്നും ഭരത് അവാർഡ് ജേതാവായ നടൻ മുരളിയാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചത്. വി.എം. സുധീരനെതിരായി മത്സരത്തിൽ മുരളിക്ക് വിജയിക്കാനായില്ല.

ഏറെക്കാലത്തിന് ശേഷം ലോക‌്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സാഹിത്യത്തിൽ നിന്നും സിനിമയിൽ നിന്നുമുള്ള പ്രതിഭകൾ മത്സരിച്ചത് 2014ലാണ്. ചാലക്കുടിയിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച നടൻ ഇന്നസെൻറ് ലോക്‌സഭയിലേക്ക് ജയിച്ചു. തൃശൂരിൽ നിന്നും ആം ആദ്മി പാർട്ടിയുടെ ( ആപ്പ്) സ്ഥാനാർത്ഥിയായി സാഹിത്യകാരിയായ സാറാ ജോസഫ് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
ഇതേ തിരഞ്ഞെടുപ്പിൽ തന്നെ ആപ്പിന്റെ സ്ഥാനാർത്ഥിയായി മറ്റൊരു പ്രമുഖയും മത്സരിച്ചു. രാജ്യാന്തര തലത്തിൽ ശ്രദ്ധേയയായ മാധ്യമപ്രവർത്തകയും ഗ്രന്ഥകർത്രിയുമായ അനിതാപ്രതാപ് എറണാകുളത്ത് നിന്നാണ് ലോകസഭയിലേക്ക് മത്സരിച്ചത്. ഇരുവർക്കും തോൽവിയായിരുന്നു ഫലം. 2019ൽ ചാലക്കുടിയിൽ ഇന്നസെൻറ് വീണ്ടും മത്സരിച്ചുവെങ്കിലും തോൽവിയായിരുന്നു ഫലം.

ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുത്ത സിനിമാക്കാരനുമുണ്ട് കേരളത്തിലെ രാഷ്ട്രീയ ചിത്രത്തിൽ. 1994 ൽ ഉപതിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ നിന്നും ജയിച്ചാണ് പി ടി കുഞ്ഞിമുഹമ്മദ് എന്ന ചലച്ചിത്രകാരൻ നിയമസഭയിലേക്ക് എത്തുന്നത്. സി പി എം സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1996 ൽ അദ്ദേഹം വീണ്ടും നിയമസഭാംഗമായി. 1994ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ കോട്ടയായിരുന്ന മണ്ഡലമാണ് പി ടി കുഞ്ഞിമുഹമ്മദിലൂടെ എൽ ഡി എഫ് പിടിച്ചെടുത്തത്. 1977 മുതൽ മുസ്‌ലിം ലീഗ് സ്ഥിരമായി ജയിച്ചിരുന്ന മണ്ഡലമായിരുന്നു ഗുരുവായൂർ.

1996ൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും നിയമസഭയിലെത്തി. കടമ്മിനിട്ട രാമകൃഷ്ണനാണ് സഭയിലെത്തിയ കവി. അദ്ദേഹമെത്തിയതോ ജയന്റ് കില്ലർ എന്ന പരിവേഷമായിട്ടായിരുന്നു. രാഷ്ട്രീയത്തിലെ അതികായനെ മലർത്തിയടിച്ചാണ് കവിയുടെ സഭാപ്രവേശം.
ഒരു കാലത്ത് സി പിഎമ്മിന്റെ പതാകവാഹകനായിരുന്ന എം വി ആർ എന്ന എം വി രാഘവനെ സി പി എം സ്വതന്ത്രനായി മത്സരിച്ച കടമ്മനിട്ട തോൽപ്പിക്കുകയായിരുന്നു. ആറന്മുള മണ്ഡലത്തിൽ നിന്നായിരുന്നു കടമ്മനിട്ടയുടെ വിജയം. ഒരു തവണ മൽസരിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തോട് കടമ്മനിട വിടപറഞ്ഞു.
2001 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥിയായി സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള മത്സരിച്ചു. അപ്രതീക്ഷിതമായതൊന്നും സംഭവിക്കാത്തതിനാൽ മൂന്നാം സ്ഥാനമാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്.

സിനിമാ-സാഹിത്യ മേഖലകളില്‍ നിന്ന് ഏറ്റവും കൂടുതൽ തവണ ജനപ്രതിനിധിയായി എന്ന റെക്കോർഡ് കേരളാ കോൺഗ്രസ് (ബി)യുടെ കെ.ബി ഗണേശ് കുമാറിനാണ്. 2001 മുതൽ തുടർച്ചയായി നാല് തവണ അദ്ദേഹം പത്താനപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും ഭാഗമായി അദ്ദേഹം മത്സരിച്ചു ജയിച്ചു. രണ്ട് തവണ മന്ത്രിയും ആയി. അഞ്ചാം തവണയും മത്സരിക്കുകയാണ് അദ്ദേഹം.

ഗണേശ് കുമാർ മത്സരിക്കുന്ന പത്തനാപുരം മണ്ഡലത്തിൽ മറ്റൊരു പ്രത്യേകത കൂടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായി. 1962 ൽ തലശേരി ലോക്‌സഭാ മണ്ഡലത്തിൽ രണ്ട് സാഹിത്യകാരന്മാരാണ് ഏറ്റുമുട്ടിയിതെങ്കിൽ 2016 ലെ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ മൂന്ന് മുന്നണികൾക്കും വേണ്ടി ഏറ്റുമുട്ടിയ മൂന്ന് സ്ഥാനാർത്ഥികളും സിനിമാ നടന്മാരായിരുന്നു.
എൽ ഡി എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് (ബി)യുടെ സിറ്റിങ് എം എൽ എ കെ. ബി. ഗണേശ് കുമാർ. യു ഡി എഫിന് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായി പി വി ജഗദീഷ് കുമാർ എന്ന ജഗദീഷും ബി ജെ പി സ്ഥാനാർത്ഥിയായി രഘു ദാമോദരൻ എന്ന ഭീമൻ രഘുവുമാണ് രംഗത്തിറങ്ങിയത്. പത്തനാപുരത്ത് ബോക്സോഫീസ് വിജയം ഗണേശനായിരുന്നു. മണ്ഡലത്തിലെ പതിവ് തെറ്റിക്കാതെ ജഗദീഷ് രണ്ടാംസ്ഥാനത്തും ഭീമൻ രഘു മൂന്നാം സ്ഥാനത്തും എത്തി. ഇത്തവണയും ഗണേശ് കുമാറാണ് പത്തനാപുരത്ത് മത്സരിക്കുന്നത്.
Also Read: 15 വർഷം: കോൺഗ്രസിനെ കൈകൊണ്ട് തൊടാതെ കൊല്ലം
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു നടൻ കൂടി ജയിച്ചു കയറി, മുകേഷ്. കൊല്ലം മണ്ഡലത്തിൽ നിന്നും സി പി എമ്മിന്റെ സ്ഥാനാർത്ഥിയായിട്ടായിരുന്നു മുകേഷിന്റെ മത്സരം. ഇത്തവണയും മുകേഷ് സി പി എം സ്ഥാനാർത്ഥിയായി കൊല്ലം മണ്ഡലത്തിൽ നിന്നും ജനവിധി തേടുകയാണ്.
ഗണേശ് കുമാർ മുന്നണി മാറി മത്സരിച്ചതെങ്കിൽ അലി അക്ബർ എന്ന സംവിധായകൻ തിരഞ്ഞെടുപ്പിൽ പാർട്ടി മാറിയാണ് മത്സരിച്ചത്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി 2014 ൽ വടകരയിൽ മത്സരിച്ചുവെങ്കിലും അലി അക്ബർ തോറ്റു. പിന്നീട് പാർട്ടി മാറി 2016ൽ ബി ജെ പി സ്ഥാനാർത്ഥിയായി കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചുവെങ്കിലും വീണ്ടും തോൽവിയായിരുന്നു ഫലം.
സാഹിത്യത്തിനും സിനിമയ്ക്കും പുറമേ ക്രിക്കറ്റ് താരമായ ശ്രീശാന്തും തിരഞ്ഞെടുപ്പ് രംഗത്തിറങ്ങി. ബി ജെ പിക്കായാണ് ശ്രീശാന്ത് തിരഞ്ഞെടുപ്പ് മൈതാനത്ത് ഇറങ്ങിയത്. തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ 2016ൽ തോറ്റുവെങ്കിലും കേരളത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ കളിക്കാനിറങ്ങിയ ക്രിക്കറ്റർ എന്ന ബഹുമതി സ്വന്തമാക്കാൻ ശ്രീശാന്തിനായി.

കേരളത്തിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി മത്സരിച്ച ഏക നടൻ ദേവനാണ്. 2004 ൽ കേരളാ പീപ്പിൾസ് പാർട്ടി രൂപീകരിച്ചാണ് ദേവൻ മത്സരരംഗത്ത് എത്തിയത്. എന്നാൽ, ഒരിടത്തും ജയിക്കാനായില്ല. പിന്നീട് പാർട്ടിയുടെ പേര് നവകേരളാ പീപ്പിൾസ് പാർട്ടി എന്നാക്കി. നിലവിൽ അദ്ദേഹത്തിന്റെ പാർട്ടിയെ ബി ജെ പിയിൽ ലയിപ്പിച്ചു എന്നാണ് അദ്ദേഹം അറിയിച്ചത്. തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജയിക്കുകയും തോൽക്കുകയും ചെയ്ത സംവിധായകൻ രാമുകാര്യാട്ടിന്റെ ബന്ധുകൂടിയാണ് നടൻ ദേവൻ.
ഇത്തവണ കേരളാ നിയമസഭയിലേക്ക് മത്സരിക്കുന്നവരിൽ എട്ട് പേരാണ് സിനിമാക്കാർ. ഏഴു പേർ നടന്മാരാണ്. അതിലൊരാൾ നിർമ്മാതാവും അഭിനേതാവും സംവിധായകനുമാണ്. മറ്റൊരാൾ നിർമാതാവും. ഇതിൽ രണ്ട് പേർ എൽ ഡി എഫിലും മൂന്ന് പേർ വീതം യു ഡി എഫിനും എൻ ഡി എയ്ക്കും വേണ്ടി മത്സരിക്കുന്നു.
എൽ ഡി എഫിൽ നിന്നും യു ഡി എഫിലേക്ക് മാറിയാണ് നിർമാതാവും അഭിനേതാവും സംവിധായകനുമായ മാണി സി. കാപ്പൻ സ്ഥിരം മണ്ഡലമായ പാലയിൽ മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച എൽ ഡി എഫ് എം എൽ എയാണ് കാപ്പൻ. മലയാളം, ആസാമീസ് ഭാഷകളിൽ സിനിമാ നിർമ്മാണം, അഭിനയം, സംവിധാനം എന്നി മേഖലകളിലും മാണി സി. കാപ്പൻ തൻ്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുവെങ്കിലും തോൽവിയായിരുന്നു ഫലം. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മാണി സി കാപ്പൻ ആദ്യമായി വിജയിച്ചത്. ജോസ് കെ. മാണി വിഭാഗം കേരളാ കോൺഗ്രസ് എൽ ഡി എഫിലേക്ക് വന്നപ്പോള്‍ പാലാ സീറ്റിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്നാണ് മാണി സി കാപ്പൻ പാർട്ടിയും മുന്നണിയും വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് യു ഡി എഫിൽ ചേർന്ന്, പാലയിൽ മത്സരിക്കുന്നത്.

ബോൾഗാട്ടിയിൽ നിന്ന് ബാലുശേരിയിലെത്തി മത്സരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി . മിമിക്രി താരം, അഭിനതാവും കോൺഗ്രസ് പ്രവർത്തകനുമായ ധർമ്മജന്‍റെ കന്നി മത്സരമാണ്.
തിരുവനന്തപുരം സെൻട്രൽ എന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ ക്രിക്കറ്ററെ ഇറക്കി തോറ്റ ബി ജെ പി ഇത്തവണ വീണ്ടും ഈ മണ്ഡലത്തിൽ പുതിയ പരീക്ഷണം നടത്തുകയാണ്. സീരിയൽ നടനായ കൃഷ്ണകുമാർ ജി യാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കേരളത്തിലെ തിരിഞ്ഞെടുപ്പിൽ ആദ്യമായി സീരിയൽ നടനെ മത്സരിപ്പിക്കുന്നതും ബി ജെ പിയായിരിക്കും.
Also Read: തിരഞ്ഞെടുപ്പുകാലത്തെ പ്രതീതി യാഥാർഥ്യങ്ങൾ
സിനിമാതാരങ്ങൾക്കപ്പുറം രാഷ്ട്രീയത്തിലിറങ്ങിയ നിർമ്മാതാവാണ് മഞ്ഞാളാം കുഴി അലി. 1988 ൽ ധ്വനി എന്ന മലയാളചിത്രം നിർമ്മിച്ച് ചലച്ചിത്രനിർമ്മാണ രംഗത്തേക്ക് കടന്നുവന്ന വ്യവസായിയാണ് മഞ്ഞളാം കുഴി അലി. 25 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ആദ്യ ചിത്ര നിർമ്മിച്ച് എട്ട് വർഷം പിന്നിടുമ്പോഴാണ് തിരഞ്ഞെടുപ്പിൽ മത്സിച്ചത്. കന്നിയങ്കത്തിൽ പരാജയമായിരുന്നു മാക് അലി എന്ന് അറിയപ്പെടുന്ന മഞ്ഞളാംകുഴി അലിയെ കാത്തിരുന്നത്. 1054 വോട്ടുകൾക്കാണ് മുസ്‌ലിം ലീഗിലെ കെ പി എ മജീദിനോട് മഞ്ഞളാം കുഴി അലി തോറ്റത്. അന്ന് സി പി എം സ്വതന്ത്രനായിട്ടായിരുന്നു അദ്ദേഹം മത്സരിച്ചത്. 2001 ലെ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ കെ പി മജീദിനെ 3058 വോട്ടിന് തോൽപ്പിച്ച് സി പി എം സ്ഥാനാർത്ഥിയായി അലി നിയമസഭയിലേക്ക് എത്തി. 2006 ൽ അദ്ദേഹം തകർപ്പൻ ജയമാണഅ നേടിയത്. മുസ്‌ലിം ലീഗിലെ കരുത്തനും മന്ത്രിയുമായിരുന്ന എം കെ മുനീറിനെ തോൽപ്പിച്ചാണ് വീണ്ടും നിയമസഭയിലേക്ക് പോയത്. ഇത്തവണ അലി സ്വന്തം ഭൂരിപക്ഷം അയ്യായിരമാക്കി വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ സി പി എമ്മിനോട് വിയോജിച്ച് 2010 ഒക്ടോബറിൽ നിയമസഭാംഗത്വം രാജിവെച്ച് മുസ്ലിംലീഗിൽ ചേർന്നു.
പാർട്ടി മാറിയതിനൊപ്പം 2011 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം മണ്ഡലവും മാറി. സി പി എമ്മിൽ നിന്നും ലീഗിലേക്കും മങ്കട നിന്നും പെരിന്തൽമണ്ണയിലേക്ക് ആയിരുന്നു ആ മാറ്റം. പാർട്ടിയും മണ്ഡലവും മാറിയെങ്കിലും വിജയം മഞ്ഞളാംകുഴി അലിക്കൊപ്പമായിരുന്നു. സി പി എമ്മിലെ വി.ശശികുമാറിനെ തോൽപ്പിച്ച് അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 2012 ഏപ്രിലിൽ മന്ത്രിയുമായി. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അഞ്ചാം മന്ത്രി വിവാദം എന്ന് അറിയപ്പെട്ട വിവാദത്തിലെ മന്ത്രിസ്ഥാനമാണ് അലിയെ തേടിയെത്തിയത്. 2016 ലും ശശികുമാറിനെ തോൽപ്പിച്ച് അലി നിയമസഭയിലെത്തി. ഇത്തവണ വീണ്ടും മങ്കടയിലേക്ക് തിരികെയത്തിയാണ് മഞ്ഞളാം കുഴി മത്സരിക്കുന്നത്. നാലാംതവണയാണ് മങ്കടയിൽ അലി മത്സരിക്കുന്നത്. നേരത്തെ മൂന്ന് തവണയും മത്സരിച്ചത് എൽ ഡി എഫിന് വേണ്ടിയായിരന്നുവെങ്കിൽ ഇത്തവണ യു ഡി എഫ് സ്ഥാനാർത്ഥിയാട്ടിണ് മങ്കടയിൽ അലിയുടെ രംഗപ്രവേശം.
ചവറയിലെ മക്കൾ മത്സരത്തിനിടയിൽ കടന്നുവന്ന ബി ജെ പിയുടെ സ്ഥാനാർത്ഥി സിനിമാ- സീരിയിൽ നടനും സെലിബ്രിറ്റി ക്രിക്കറ്റ് താരവുമാണ്. ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് വിവേക് ഗോപൻ. സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമാതാരങ്ങളുടെ സെലിബ്രിറ്റിക്രിക്കറ്റ് ടീം അംഗവുമാണ്.

രാഷ്ട്രപതി നോമിനേറ്റ് ചെയ്ത് രാജ്യസഭാംഗമായ നടനാണ് സുരേഷ് ഗോപി. 1997 ൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടനാണ് അദ്ദേഹം. 2016ൽ രാജ്യസഭാ അംഗമായ അദ്ദേഹം 2019ൽ ബി ജെ പി സ്ഥാനാർത്ഥിയായി തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും തോൽവിയായിരുന്നു ഫലം. തൃശൂരെടുക്കാനിറങ്ങിയ സുരേഷ് ഗോപി അന്ന് വെറുംകൈയ്യോടെ രാജ്യസഭയിലേക്ക് മടങ്ങി.
ഇത്തവണ തൃശൂർ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് അദ്ദേഹം. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാംഗമായിരിക്കേ രാഷ്ട്രീയപാർട്ടി പ്രതിനിധിയായി ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ആദ്യവ്യക്തിയായിരിക്കും സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് മുമ്പ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്തിട്ടുള്ളത് സർദാർ കെ. എം പണിക്കർ, ജി. ശങ്കരക്കുറുപ്പ്, അബു എബ്രഹാം എന്നിങ്ങനെ ലോകത്തിന് മലയാളം സംഭാവന ചെയ്ത അതുല്യ പ്രതിഭകളെയായിരുന്നു.
Also Read: തുടർഭരണം എന്ന യക്ഷപ്രശ്നം
പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ ശ്രദ്ധേയനായരുന്നു സർദാർ കാവാലം മാധവപ്പണിക്കർ എന്ന കെ എം പണിക്കർ. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മീഷൻ അംഗമായിരുന്നു അദ്ദേഹം. കശ്മീർ രാജാവിന്റെ ഉപദേശകൻ, മൈസൂർ സർവകലാശാലയുടെ വൈസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയിലെ ആദ്യ സംഘത്തെ നയിച്ചതും പണ്ഡിതനായ കെ എം പണിക്കരായിരുന്നു. കേരളത്തിൽ നിന്നുള്ള ആദ്യ രാജ്യസഭാംഗവും കെ എം പണിക്കരായിരുന്നു. 1959ലാണ് അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യുന്നത്.
പ്രശസ്ത മലയാള കവിയും അധ്യാപകനുമയായ ജി. ശങ്കക്കുറപ്പാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ജ്ഞാനപീഠ ജേതാവും. 1965ൽ പ്രഥമ ജ്ഞാനപീഠം നേടിയ അദ്ദേഹത്തെ 1968ലാണ് രാജ്യസഭാ അംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്തത്.
ലോകപ്രശസ്ത കാർട്ടൂണിസ്റ്റ് അബു എബ്രഹാം ആയിരുന്നു രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത മൂന്നാമത്തെ മലയാളി. 1972 മുതൽ 1978 വരെയായിരുന്നു അദ്ദേഹം രാജ്യസഭാംഗമായിരുന്നത്. രാജ്യസഭാ അംഗമായിരിക്കെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയുടെ നിലപാടിനെ പരിഹസിച്ച് അബു എബ്രഹാം പ്രശസ്തമായ കാർട്ടൂൺ വരച്ചതും.