scorecardresearch
Latest News

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികളാണ്. 140 മണ്ഡലങ്ങളിലായി 2180 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്

ASSEMBLY ELECTION,ELECTION 2021,തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം,പത്രിക പിൻവലിക്കാൻ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. ഓരോ മണ്ഡലത്തിലും ഇന്നു വൈകുന്നേരത്തോടെ മത്സര രംഗത്തുള്ള സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിയും. പിന്‍വലിക്കല്‍ സമയം അവസാനിച്ചാലുടന്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. മുന്നണികളുടെ സ്വതന്ത്രര്‍ക്കും മറ്റു സ്വതന്ത്രര്‍ക്കും ഇന്ന് ചിഹ്നം ലഭിക്കും.

ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂരിൽ എതിരാളികളായി യുഡിഎഫിൽ മൂന്ന് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇവിടെ ഉൾപ്പടെ മുന്നണികൾ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത ഭീഷണി ഒഴിയുമോയെന്നത് വൈകുന്നേരത്തിനകം അറിയാനാകും. അതിനിടെ, തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിനെതിരെ സമർപ്പിച്ച ഹർജികളിൽ ഇന്നു ഹൈക്കോടതി വിധിയുണ്ടാകും.

മലപ്പുറം കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും. യുഡിഎഫ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക സൂക്ഷ്മപരിശോധനക്കായി മാറ്റിവച്ചത്. ജീവിതപങ്കാളിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടയിടത്ത് കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നും സ്വത്ത് വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നുമായിരുന്നു യുഡിഎഫ് പരാതി. കെ.പി.സുലൈമാന്‍ ഹാജി രണ്ട് വിവാഹം കഴിച്ചയാളാണെന്നും ഇക്കാര്യം മറച്ചുവച്ചുവെന്നുമായിരുന്നു യുഡിഎഫ് നേതാക്കളുടെ ആരോപണം.

Read More: പി.സി.ചാക്കോയെ സ്വീകരിക്കവേ പൊട്ടിക്കരഞ്ഞ് എ.കെ.ശശീന്ദ്രന്‍

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 1061 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 140 മണ്ഡലങ്ങളിലായി 2180 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയില്‍ 1119 നാമനിര്‍ദേശ പത്രികകള്‍ തള്ളി. തലശേരി, ഗുരുവായൂര്‍, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികയും തള്ളിയിരുന്നു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 129 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏറ്റവും കുറച്ചു സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് വയനാട്ടിലാണ്. മൂന്ന് മണ്ഡലങ്ങളിലായി 20 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കാസര്‍ഗോഡ്-41, കണ്ണൂര്‍-82, കോഴിക്കോട്-117, പാലക്കാട്-80, തൃശൂര്‍-80, എറണാകുളം-110, ഇടുക്കി-29, കോട്ടയം-70, ആലപ്പുഴ-58, പത്തനംതിട്ട-44, കൊല്ലം-84, തിരുവനന്തപുരം-107 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.

ഏറ്റവും കൂടുതല്‍ പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മലപ്പുറം ജില്ലയിലാണ്. 145 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ പത്രിക നല്‍കിയത്. 22 പേര്‍ പത്രിക നല്‍കിയ വയനാട്ടിലാണ് ഏറ്റവും കുറവ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. കാസര്‍ഗോഡ്-48, കണ്ണൂര്‍-93, കോഴിക്കോട്-130, പാലക്കാട്-76, തൃശൂര്‍-96, എറണാകുളം-111, ഇടുക്കി-45, കോട്ടയം-78, ആലപ്പുഴ-69, പത്തനംതിട്ട-44, കൊല്ലം-81, തിരുവനന്തപുരം-115 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ എണ്ണം.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Kerala assembly election 2021 last date to withdraw nominations