തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ കെ.സി.വേണുഗോപാൽ ഇടപെട്ടുവെന്ന കെ.സുധാകരൻ എംപിയുടെ ആരോപണം തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സ്ഥാനാർഥിക്ക് വേണ്ടിയും വേണുഗോപാൽ സമ്മർദം ചെലുത്തിയിട്ടില്ല. നാല് പേരല്ല എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഏതു ഘട്ടത്തിലാണ് സ്ഥാനാർഥി നിർണയത്തിൽ കെ.സി.വേണുഗോപാൽ ഇടപെട്ടതെന്ന് സുധാകരൻ ആരോപിക്കുന്നത്? ഒരു ഘട്ടത്തിലും കെ.സി സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടിട്ടില്ല. അദ്ദേഹം ഹൈക്കമാൻഡിന്റെ പ്രതിനിധിയാണ്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ നിതാന്ത ജാഗ്രതയോടെയാണ് അദ്ദേഹം ചർച്ചകളിൽ ഇടപെട്ടത്.”
Read More: ധർമ്മടത്ത് മത്സരിക്കാനില്ല, സി.രഘുനാഥ് സ്ഥാനാർഥിയാകട്ടെ: കെ.സുധാകരൻ
മലബാർ ജില്ലകളിൽ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നെന്ന മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ പ്രസ്താവനയും മുല്ലപ്പള്ളി രാമചന്ദ്രന്‍ തള്ളി. പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണ് അതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം പുറത്തായതിന്റെ വെപ്രാളമാണിതെന്നും അദ്ദേഹം പറഞ്ഞു.
“മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ ആര്‍.ബാലശങ്കറിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നു. അതില്‍ അവര്‍ക്കുണ്ടായ വെപ്രാളം മറച്ചുവയ്ക്കാന്‍ എന്തെങ്കിലും കിട്ടുമോയെന്ന് നോക്കിയപ്പോള്‍ കിട്ടിയ ആരോപണമാണിത്. കേരളീയ സമൂഹം വലിച്ചെറിഞ്ഞ ആരോപണമാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബിജെപിക്കും ഇന്ന് സംഭവിച്ച ആശയ അപചയമാണ് ഇതിന് കാരണം,” മുല്ലപ്പള്ളി പറഞ്ഞു.
മഹിള കോൺഗ്രസ് മുൻ പ്രസിഡന്റ് ലതിക സുഭാഷിനെയും മുല്ലപ്പള്ളി വിമർശിച്ചു. സ്ഥാനാർഥിയാവാൻ പറ്റാത്തതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് കെപിസിസിയിൽ തല മുണ്ഡനം ചെയ്തു നടത്തിയ പ്രതിഷേധം കടന്ന കൈയായി പോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളീയ പൊതുസമൂഹവും ഇവിടുത്തെ വനിതകളും അതു നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു. തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കാൻ ലതികയ്ക്കൊപ്പം നിന്ന സ്ത്രീകളെല്ലാം കഴിഞ്ഞ ദിവസം തന്നെ വന്നു കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.