കാസർഗോഡ്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റും മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥിയുമായ കെ.സുരേന്ദ്രൻ. ബിജെപിയെ തോൽപ്പിക്കാൻ, എൽഡിഎഫ് മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെയാണ് സുരേന്ദ്രൻ വിമർശിച്ചത്. കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കൾ മുല്ലപ്പള്ളിയോട് ഒരിക്കലും പൊറുക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
“സിപിഎമ്മിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരവധി കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തോടുള്ള അവഹേളനമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത്. മഞ്ചേശ്വരത്ത് എൻഡിഎ വിജയിക്കുമെന്ന ഭയമാണ് മുല്ലപ്പള്ളിയെകൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ആശയ പാപ്പരത്തമാണിതെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇവിടെ വ്യക്തമാകുന്നത്,” കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ആർഎസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്നും ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ്, യുഡിഎഫിനെ പിന്തുണക്കണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. മണ്ഡലത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടതെന്നും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു.
എന്നാൽ മുല്ലപ്പള്ളിയുടെ വാക്കുകൾ തള്ളി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയും രംഗത്തെത്തി. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിവുണ്ടെന്നും ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.