കണ്ണൂർ: ധർമ്മടത്തെ സ്ഥാനാർഥി പ്രഖ്യാപനം വീണ്ടും പ്രതിസന്ധിയിൽ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കാൻ താനില്ലെന്ന് കെ.സുധാകരൻ എംപി വ്യക്തമാക്കി. മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ്, കെപിസിസി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മത്സരിക്കാന്‍ കഴിയാത്ത ചുറ്റുപാട് ആണെന്നും മണ്ഡലങ്ങളില്‍ നിരവധി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ധര്‍മ്മടത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഡൽഹിയിൽ വച്ച് ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
“ധർമടത്ത് മത്സരിക്കാന്‍ കെപിസിസിയും ഹൈക്കമാന്‍ഡും എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരോടും നന്ദിയുണ്ട്. ഇക്കാര്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കണ്ണൂര്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കുകയെന്നതാണ് രാഷ്ട്രീയ അജണ്ട. അത് പ്രാവര്‍ത്തികമാകണമെങ്കില്‍ പുറത്ത് എന്റെ സജീവസാന്നിധ്യം ഉണ്ടാവണം. ഇരിക്കൂറില്‍ അടക്കം ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് തീര്‍ക്കാന്‍ എന്റെ സാന്നിധ്യം ആവശ്യമാണ്. മത്സരിക്കാന്‍ സന്തോഷമേയുള്ളൂ. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലമാണ് എന്റെ മുഖ്യലക്ഷ്യം. മത്സരിക്കാന്‍ സാധിക്കാത്ത ചുറ്റുപാട് ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെയ്ത് തീര്‍ക്കേണ്ട പ്രാഥമിക നടപടികള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. നേതൃത്വത്തിന്റെ തീരുമാനത്തെ ധിക്കരിക്കുന്നതല്ല,” സുധാകരന് പറഞ്ഞു.
പിണറായിക്കെതിരെ സുധാകരൻ മത്സരിക്കണമെന്നത് പാർട്ടിയുടെ ആഗ്രഹമാണെന്നും അന്തിമഘട്ട ചർച്ചകൾ നടക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തേ പറഞ്ഞിരുന്നു. ധർമ്മടത്ത് കെ.സുധാകരൻ മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കെപിസിസിയും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു മണിക്കൂർ സമയം വേണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ രംഗത്തെത്തി.
Read More: ധർമ്മടത്ത് മത്സരിക്കാനില്ല, സി.രഘുനാഥ് സ്ഥാനാർഥിയാകട്ടെ: കെ.സുധാകരൻ
സി.രഘുനാഥിനെ ധർമ്മടത്ത് സ്ഥാനാർഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകരൻ നേരത്തേ പ്രതികരിച്ചിരുന്നു. വാളയാർ പെൺകുട്ടികളുടെ മാതാവിന് പിന്തുണ നൽകാൻ ആലോചിച്ചിരുന്നു, എന്നാൽ പ്രാദേശിക എതിർപ്പിനെ തുടർന്നാണ് അത് ഉപേക്ഷിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു.
സംസ്ഥാനത്ത് ധർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. ഇവിടെ ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി.ദേവരാജന്റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത്. എന്നാൽ മത്സരിക്കാൻ ദേവരാജൻ തയ്യാറായില്ല. കെപിസിസി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാകും. ധർമ്മടത്തെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.