തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മയ്ക്കും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഡോക്ടർ എസ്.എസ്.ലാലിനും ഇരട്ടവോട്ട്. ചെന്നിത്തല പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52-ാം ബൂത്തിലുമാണ് പ്രതിപക്ഷ നേതാവിന്റെ അമ്മയ്ക്ക് വോട്ട് എന്നാണ് കണ്ടെത്തൽ. അതേസമയം, വട്ടിയൂർക്കാവിലെ 170-ാം നമ്പർ ബൂത്തിലാണ് ഡോ.എസ്.എസ്.ലാലിന് രണ്ട് വോട്ടുള്ളത്.
കുടുംബത്തിലെ മറ്റെല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകിയമ്മയുടെ വോട്ട് മാത്രം നീക്കിയിട്ടില്ലെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റെയും വോട്ട് അദ്ദേഹത്തിന്റെ ജന്മദേശമായ തൃപ്പെരുന്തുറ പഞ്ചായത്തിലായിരുന്നു. എന്നാല്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹത്തിന്റെയും മാതാവ് ഉള്‍പ്പെടെയുള്ളവരുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസിന്റെ വിലാസത്തിലേക്ക് മാറ്റി. എന്നാൽ അധികൃതരുടെ വീഴ്ചയാണ് പിഴവിന് കാരണമെന്നും വോട്ട് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
Read More: രാജ്നാഥ് സിങ്ങും ജെ.പി നഡ്ഡയും ഇന്ന് കേരളത്തിൽ; രാഹുലിന്റെ പ്രചാരണം തുടരും
ഡോ.എസ്.എസ്.ലാലിന് വട്ടിയൂർക്കാവിലെ 170-ാം നമ്പർ ബൂത്തിലാണ് രണ്ട് വോട്ടുള്ളത്. കണ്ണമ്മൂല സെക്ഷനിലെ 646 ക്രമനമ്പറിലാണ് ആദ്യവോട്ട്. കൂട്ടിച്ചേർത്ത പട്ടികയിൽ ക്രമ നമ്പർ 1243 ആയിട്ടാണ് രണ്ടാം വോട്ട്. എന്നാൽ സംഭവം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് എസ്.എസ്.ലാലിന്റെ വിശദീകരണം.
നേരത്തെ എൽദോസ് കുന്നപ്പള്ളിക്കും, ഭാര്യയ്ക്കും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് നിരവധി പേർക്ക് ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് തന്നെ പ്രതിരോധത്തിലായി.