scorecardresearch
Latest News

ജനവിധി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം: മുഖ്യമന്ത്രി

ഇവിടെ വർഗീയതക്ക് ഇടമില്ല എന്ന് കേരളത്തിലെ ജനങ്ങൾ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനവിധി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം: മുഖ്യമന്ത്രി

സംസ്ഥാനത്ത എൽഡിഎഫിന് തുടർഭരണം നൽകിയ തിരഞ്ഞെടുപ്പ് വിജയം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചരിത്രം തിരുത്തിയ വിധിയാണ് കേരളത്തിലുണ്ടായത്. ഈ വിജയത്തിന്റെ നേരവകാശികൾ കേരളത്തിലെ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമേ എല്‍ഡിഎഫ് പറയൂ. പറയുന്ന കാര്യങ്ങള്‍ എൽഡിഎഫ് നടപ്പാക്കുമെന്നും ഉറപ്പുണ്ട്. ഇക്കാര്യങ്ങളിൽ ജനങ്ങള്‍ക്കു വിശ്വാസമുണ്ട്. അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നുള്ള വിശ്വാസമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ചരിത്രവിജയൻ

“കേരളം വർഗീയതയുടെ വിളനിലമല്ലെന്ന് ബിജെപിയുടെ പരാജയം തെളിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വിജയിക്കുന്ന തന്ത്രങ്ങൾ കേരളത്തിൽ വിജയിക്കില്ല. ആ തന്ത്രങ്ങൾ ചെലവാകുന്ന സംസ്ഥാനമല്ല കേരളം. മതനിരപേക്ഷതയിൽ ഊന്നിനിൽക്കുന്ന ഇടമാണ് കേരളം,” മുഖ്യമന്ത്രി പറഞ്ഞു. വർഗീയയ്ക്ക് ഇടമുള്ള സംസ്ഥാനമല്ല കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ വർഗീയതക്ക് ഇടമില്ല എന്ന് കേരളത്തിലെ ജനങ്ങൾ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ചില മാധ്യമങ്ങൾ യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെ അസത്യ പ്രചാരണങ്ങൾ നടത്തുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

“വലിയ തോതിൽ ഒരു കൂട്ടം വലതുപക്ഷ മാധ്യമങ്ങൾ ഇവിടെ പ്രവർത്തിച്ചിരുന്നു.യുഡിഎഫിന്റെ ഘടകകക്ഷികളേക്കാളും മുകളിൽനിന്ന് പ്രവർത്തിക്കാൻ തയ്യാറായ മാധ്യമങ്ങളുണ്ട്. എങ്ങനെ എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ പറ്റും എന്ന ഗവേഷണത്തിലല്ലേ അവർ ഏർപെട്ടത്,” മുഖ്യമന്ത്രി ചോദിച്ചു.

Read More: ആപത്തിൽ കേരളത്തിനു കൈനീട്ടി, ചേർത്തുപിടിച്ച് ജനം; ഭൂരിപക്ഷത്തിൽ റെക്കോഡിട്ട് ശൈലജ

“തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച് ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയ കാര്യങ്ങൾ തങ്ങൾ തീരുമാനിക്കും എന്ന ഹുങ്കോട് കൂടിയാണ് ചില മാധ്യമങ്ങൾ പ്രവർത്തിച്ചത്. തങ്ങൾ ഇവിടത്തെ മേലാളന്മാരാണ് എന്ന നിലയിലായിരുന്നു അവരുടെ പ്രവർത്തനം. നാട് തങ്ങളുടെ കൈയിൽ ഒതുക്കിക്കളയാം എന്ന നിലയിലാണ് ചില മാധ്യമങ്ങൾ നീങ്ങിയത്,,” മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇവർ തീരുമാനിക്കുന്നതല്ല ഈ നാട്ടിൽ നടക്കുക എന്ന് കേരളത്തിലെ ജനങ്ങൾ തെളിയിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Kerala assembly election 2021 cm pinarayi vijayan press meet