സുരേന്ദ്രൻ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം; ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോ​ഗം ഇന്ന്

സുരേന്ദ്രൻ, മുരളീധരൻ എന്നിവർക്ക് പുറമേ സുരേഷ് ഗോപി, ഇ.ശ്രീധരൻ ഉൾപ്പെടെയുള്ള പ്രമുഖരെ ഉൾപ്പെടുത്തിയതാണ് ബിജെപി സംസ്ഥാന സമിതി തയ്യാറാക്കിയ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക

K Surendran

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി കോർ കമ്മിറ്റി. കോന്നിയിലെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്. വി മുരളീധരൻ മത്സരിക്കാൻ പാർലമെന്ററി ബോർഡ് തീരുമാനിച്ചാൽ കഴക്കൂട്ടത്താകും ജനവിധി തേടുക. വി മുരളീധരൻ മത്സരിക്കുന്നില്ലെങ്കിൽ കെ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കും.

സുരേന്ദ്രൻ, മുരളീധരൻ എന്നിവർക്ക് പുറമേ സുരേഷ് ഗോപി, ഇ.ശ്രീധരൻ ഉൾപ്പെടെയുള്ള പ്രമുഖരെ ഉൾപ്പെടുത്തിയതാണ് ബിജെപി സംസ്ഥാന സമിതി തയ്യാറാക്കിയ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക. പാർട്ടി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമാകും ദേശീയ നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിലവിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയ്ക്ക് യോഗത്തിൽ അന്തിമരൂപം നൽകും. തുടർന്ന് സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിൻ്റെ പരിഗണനയ്ക്ക് വിടും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പാലക്കാടാണ് ഇ ശ്രീധരനെ പരിഗണിക്കുന്നത്. വട്ടിയൂർക്കാവ്,തിരുവനന്തപുരം, തൃശൂർ എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളിൽ സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നുണ്ട്. എന്നാൽ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരിക്കെയാണ് സംസ്ഥാന സമിതി താരത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്.

എപി അബ്ദുള്ളക്കുട്ടി മലപ്പുറത്ത് സ്ഥാനാർത്ഥിയായേക്കും. നേമത്ത് കുമ്മനവും, കാട്ടാക്കട പികെ കൃഷ്ണദാസുമാകും മത്സരിക്കുക. ജെ.ആർ.പത്മകുമാർ നെടുമങ്ങാടും, കരമന ജയൻ പാറശാലയിലും അഡ്വ.എസ്.സുരേഷ് കോവളത്തും മത്സരിച്ചേക്കും. കോവളം മണ്ഡലം കേരള കാമരാജ് കോൺഗ്രസിന് നൽകേണ്ടി വന്നാൽ എസ്.സുരേഷ് മത്സരിക്കാൻ സാധ്യത കുറവാണ്.

പി.സുധീർ ആറ്റിങ്ങലിൽ നിന്നാകും ജനവിധി തേടുക. വി.വി.രാജേഷിന്റെ പേര് വട്ടിയൂർക്കാവ്, തിരുവനന്തപുരം, വാമനപുരം മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്. എം.ടി.രമേശ് കോഴിക്കോട് നോർത്തിൽ നിന്നും എ.എൻ.രാധാകൃഷ്ണൻ മണലൂരും മത്സരിക്കും.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 bjp candidate list

Next Story
മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും, മറ്റ് പ്രചരണങ്ങൾ വേണ്ട: തോമസ് ഐസക്
The moderation of comments is automated and not cleared manually by malayalam.indianexpress.com