ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടതു സർക്കാരിനെതിരേയും രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ശബരിമല സ്ത്രീപ്രവേശനത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ ആന്റണി വിമർശിച്ചു. മുഖ്യമന്ത്രിക്ക് വിശ്വാസികള്‍ മാപ്പ് നല്‍കില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Read More: കോണ്‍ഗ്രസ്- ബിജെപി ധാരണ, എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഇല്ലാത്തത് ഇതിന് തെളിവ്: മുഖ്യമന്ത്രി
ഇപ്പോഴുള്ള നിലപാട് നേരത്തെ എടുത്തിരുന്നെങ്കില്‍ കേരളത്തില്‍ ഇത്ര നാശം ഉണ്ടാകുമായിരുന്നോ?. ആര് എതിര്‍ത്താലും യുവതികളെ കയറ്റുമെന്ന് പിടിവാശി സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയെന്നും ആന്റണി ചൂണ്ടിക്കാട്ടി. പമ്പ മുതല്‍ മാക്കൂട്ടം വരെ പൊലീസ് അകമ്പടിയോടെ കൂടി നടത്തിയ യാത്രയുടെ ചിത്രം ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലെത്തുന്ന അയ്യപ്പ ഭക്തര്‍മാരും സ്ത്രീകളും മറക്കുമോയെന്നും ആന്റണി ചോദിച്ചു.
കനത്ത പരാജയമാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്. ചില മന്ത്രിമാര്‍ തെറ്റുകള്‍ ഏറ്റുപറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലപാട് മാറ്റം ജനങ്ങള്‍ തിരിച്ചറിയും. ഷുഹൈബും കൃപേഷും ശരത് ലാലും എത്ര ക്രൂരമായും പൈശാചികമായുമാണ് മാർക്സിസ്റ്റ് പാര്‍ട്ടിയാല്‍ കൊല ചെയ്യപ്പെട്ടതെന്ന് ആന്റണി പറഞ്ഞു. സുപ്രീം കോടതി വരെ പോയ സര്‍ക്കാര്‍ അവര്‍ക്ക് നീതി നിഷേധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എൽഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകളിൽ എൻഡിഎയ്ക്ക് സ്ഥാനാർഥികൾ ഇല്ലാത്തത്, സംസ്ഥാനത്തെ കോൺഗ്രസ്-ബിജെപി ധാരണയുടെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങാനാണ് ബിജെപിയുടെ ശ്രമം. കൂടിക്കാഴ്ച നടത്തുന്നതും കൂട്ടുണ്ടാക്കുന്നതും ആരെന്ന കാര്യം തെളിഞ്ഞതാണ്. ബിജെപി-കോണ്‍ഗ്രസ് കേരളതല കൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ തള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണ് ഇത്. അപ്പോഴും അതേ വഴിയില്‍ ബിജെപിയും കോണ്‍ഗ്രസും ലീഗും നീങ്ങുന്നുവെന്നതാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ഗീയതയെയും മടിയിലിരുത്തി അധികാരം പിടിച്ചടക്കാമെന്നായിരുന്നു വ്യാമോഹിച്ചിരുന്നത്. അത് തകര്‍ന്നടിയുന്നുവെന്ന് കാണുമ്പോഴുള്ള വെപ്രാളം ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും കേരളതല യോജിപ്പുണ്ടാക്കുന്നത് ജനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.