തിരുവനന്തപുരം: മെയ് രണ്ടോടെ പിണറായി വിജയന്റെ ഭരണം അവസാനിക്കുമെന്നും തുടർഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലം പുറത്തുവരുമെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി.
ഇപ്പോഴത്തേത് കെയർ ടേക്കർ മാത്രമാണെന്നും അടുത്തത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും ആന്റണി പറഞ്ഞു. അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്ന് എ കെ ആന്റണി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികൾക്ക് ഉത്സവകാലമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും. കോൺഗ്രസ് തിരിച്ച് വരാൻ പോകുകയാണ്. വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിൽ ജാഗ്രത കാണിക്കണമെന്നും എ കെ ആന്റണി പറഞ്ഞു.
Read More: കേരളത്തിൽ കോൺഗ്രസ് ജയിക്കും; ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു: എ.കെ ആന്റണി
കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് ജയിച്ച് അധികാരത്തിൽ വരുമന്നും കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആന്റണി പറഞ്ഞിരുന്നു.
“ഞങ്ങൾ സർവേകളിൽ വിശ്വസിക്കുന്നില്ല (അഭിപ്രായ വോട്ടെടുപ്പ്). ഈ സർവേകളെല്ലാം, ജനസംഖ്യയുടെ വലിയൊരു വിഭാഗം ഇനിയും തീരുമാനമെടുക്കാൻ ഉണ്ടെന്നാണ്. ഇത്തവണ, തീരുമാനമെടുക്കാത്ത ഈ വോട്ടർമാരും സ്വതന്ത്ര വോട്ടർമാരും ഇടതുപക്ഷ വോട്ടർമാരിൽ ഒരു വിഭാഗവും, യുഡിഎഫിന് വോട്ടുചെയ്യും. എൽഡിഎഫ് അധികാരം നിലനിർത്തിയാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ വിധി പശ്ചിമ ബംഗാൾ സിപിഎമ്മിന് തുല്യമാകുമെന്ന് ഇടതുപക്ഷക്കാരിൽ ഒരു വിഭാഗം പോലും കരുതുന്നു. പശ്ചിമ ബംഗാളിൽ 35 വർഷത്തെ തുടർച്ചയായ സർക്കാരിനുശേഷം, സിപിഎം ഇപ്പോൾ അവിടെ ഇല്ല. എൽഡിഎഫിന്റെ രണ്ടാമത്തെ ടേം അർത്ഥമാക്കുന്നത് കേരളത്തിലെ സിപിഎമ്മിനും ഇതേ വിധി നേരിടേണ്ടിവരും എന്നാണ്,” ആന്റണി അഭിമുഖത്തിൽ പറഞ്ഞു.