കോഴിക്കോട്: ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇടറിയപ്പോഴും മലബാറില്‍ കാര്യമായ പരുക്കില്ലാതെ എല്‍ഡിഎഫ്. കണ്ണൂര്‍ കോര്‍പറേഷനില്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് സീറ്റ് കുറഞ്ഞപ്പോള്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചത് വന്‍ നേട്ടമായി.
യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയ കണ്ണൂര്‍ കോര്‍പറേഷനില്‍ ഇത്തവണ ഇടതു മുന്നണിയ്ക്കു നഷ്ടമായത് എട്ടു സീറ്റാണ്. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനു ക്ഷീണം സംഭവിച്ചപ്പോള്‍ മലബാറില്‍ മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ മാത്രമാണ് യുഡിഎഫിനു കാര്യമായ നേട്ടമുണ്ടായത്. മലബാറിലെ അഞ്ച് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫലം വിശദമായി ഇവിടെ പരിശോധിക്കാം.
Also Read: വീണ്ടും ചുവന്ന് കേരളം; ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് തിരിച്ചടി
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് ഭരണം യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 17 അംഗ ഭരണസമിതിയിലെ കഴിഞ്ഞ തവണത്തെ ഏഴ് സീറ്റ് ഇത്തവണ നിലനിര്‍ത്തിയ എല്‍ഡിഎഫ് സ്വതന്ത്രന്റെ പിന്തുണയോടെയാണു ഭരണത്തിലെത്തുന്നത്. യുഡിഎഫ് ഏഴും എന്‍ഡിഎ ഒരു സീറ്റും നേടി.
നഗരസഭകളുടെ കാര്യത്തില്‍ കാഞ്ഞങ്ങാടും നീലേശ്വരവും എല്‍ഡിഎഫും കാസര്‍ഗോഡ് യുഡിഎഫും നിലനിര്‍ത്തി. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ കഴിഞ്ഞതവണത്തെ പോലെ നാലെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫും നേടി.
അതേസമയം, കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇരുമുന്നണികള്‍ക്കും ഓരോ ഗ്രാമപഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി. 38 പഞ്ചായത്തുകളില്‍ പതിനഞ്ചില്‍ എല്‍ഡിഎഫും പതിനാറില്‍ യുഡിഎഫും ഭരണം സ്വന്തമാക്കി. എന്‍ഡിഎ നേട്ടം നാലില്‍നിന്ന് ആറായി ഉയര്‍ത്തി.
പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്ല്യോട് വാര്‍ഡും ഇതുള്‍പ്പെടുന്ന പുല്ലൂര്‍ പഞ്ചായത്തും എല്‍ഡിഎഫില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 17 സീറ്റുകളില്‍ ഒന്‍പത് എണ്ണം നേടിയാണ് യു.ഡി.എഫ്. വിജയം. കഴിഞ്ഞ തവണ നാല് സീറ്റായിരുന്നു ഇവിടെ യുഡിഎഫിനുണ്ടായിരുന്നത്.
കണ്ണൂര്‍
കോര്‍പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയതാണ് മലബാറിലെ യുഡിഎഫിന്റെ നേട്ടങ്ങളില്‍ പ്രധാനം. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫ് നേട്ടം 27ല്‍നിന്ന് 34 ആയി ഉയര്‍ത്തി. അതേസമയം, കഴിഞ്ഞതവണ 27 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഏഴ് സീറ്റ് നഷ്ടപ്പെട്ട് പത്തൊമ്പതിലേക്ക് ഒതുങ്ങി.
കഴിഞ്ഞതവണ കോണ്‍ഗ്രസ് വിമതന് പികെ രാഗേഷിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് രണ്ടു വര്‍ഷം ഭരണം നയിച്ചത്. തുടര്‍ന്ന് രാഗേഷ് കോണ്‍ഗ്രസിലെത്തിയതോടെ ഭരണം യുഡിഎഫിന്റെ കൈയിലേക്ക് എത്തുകയായിരുന്നു. ഇത്തവണ അനിശ്ചിതത്വതില്ലാതെ യുഡിഎഫിനു ഭരണം നടത്താം.
ചരിത്രത്തിലാദ്യമായി എന്‍ഡിഎ അക്കൗണ്ട് തുറന്നതിനും കോര്പറേഷന് സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ പള്ളിക്കുന്നിലാണ് ബിജെപി സ്ഥാനാര്‍ഥി വി.കെ ഷൈജുവിന്റെ അട്ടിമറി വിജയം. മറ്റൊരു വാര്‍ഡില്‍ സ്വതന്ത്രനും വിജയിച്ചു.
ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് രണ്ടു സീറ്റ് വര്‍ധിപ്പിച്ച് ഭരണത്തുടച്ച നേടി. 23 അംഗ ഭരണസമിതിയില്‍ 16 സീറ്റാണ് എല്‍ഡിഎഫ് നേട്ടം. അതേസമയം, കഴിഞ്ഞതവണ ഒന്‍പത് സീറ്റുണ്ടായിരുന്ന യുഡിഎഫ് രണ്ടു സീറ്റ് നഷ്ടപ്പെട്ട് ഏഴിലേക്ക് ഒതുങ്ങി.
എട്ട് നഗരസഭകളില്‍ അഞ്ചും എല്‍ഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞതവണ നാലിലായിരുന്നു ഭരണം. യുഡിഎഫ് ഇത്തവണ ഒരിടത്ത് ഭരണം നഷ്ടമായി മൂന്നിലേക്കു ചുരുങ്ങി. കൂത്തുപറമ്പ്, തലശേരി, പയ്യന്നൂര്‍, ഇരിട്ടി, ആന്തൂര്‍ നഗരസഭകളില്‍ എല്‍ഡിഎഫും തളിപ്പറമ്പ്, പാനൂര്‍, ശ്രീകണ്ഠാപുരം നഗരസഭകളില്‍ യുഡിഎഫും വിജയിച്ചു. ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റിലും എല്‍ഡിഎഫ് വിജയിച്ചു.
Also Read: സംസ്ഥാന സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല: രമേശ് ചെന്നിത്തല
11 ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനു നഷ്ടമായി. കഴിഞ്ഞ തവണ 11 ഇടത്തും എല്‍ഡിഎഫാണു വിജയിച്ചിരുന്നതെങ്കില്‍ ഇത്തവണ ഒന്‍പതിലേക്ക് ഒതുങ്ങി. രണ്ടിടത്ത് യുഡിഎഫ് ഭരണം പിടിച്ചെടുത്തു.
ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ കഴിഞ്ഞതവണത്തേക്കാള്‍ രണ്ടിടത്തുകൂടി ഇടതുമുന്നണി ഭരണം പിടിച്ചു. 71ല്‍ 56 ആണ് എല്‍ഡിഎഫ് നേട്ടം. അതേസമയം, യുഡിഎഫ് ഭരണം 17ല്‍നിന്ന് 16 ആയി കുറഞ്ഞു.
കല്യാശേരി പഞ്ചായത്തില്‍ 18 സീറ്റും എല്‍ഡിഎഫ് നേടിയതോടെ ഇവിടെയും പ്രതിപക്ഷമില്ല. അതേസമയം സിപിഎം കോട്ടയായ മലപ്പട്ടം പഞ്ചായത്തില്‍ ഒരു സീറ്റില്‍ യുഡിഎഫ് വിജയം നേടി. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്ണനാണ് വിജയിച്ചത്.
വയനാട്
സംസ്ഥാനത്ത് യുഡിഎഫിനു ഭരണം ലഭിച്ച മൂന്ന് ജില്ലാ പഞ്ചായത്തുകളില്‍ ഒന്നാണ് വയനാട്. 16 അംഗ കൗണ്‍സില്‍ ഒന്‍പത് സീറ്റോടെയാണു യുഡിഎഫ് ഭരണംപിടിച്ചത്. കഴിഞ്ഞ തവണ 11 സീറ്റുണ്ടായിരുന്ന യുഡിഎഫില്‍നിന്നു രണ്ടെണ്ണം പിടിച്ചെടുത്ത് എല്‍ഡിഎഫ് ഏഴ് അംഗങ്ങളുമായി നേട്ടം കൊയ്തു. കഴിഞ്ഞതവണ അഞ്ച് സീറ്റാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്.
അതേസമയം, മൂന്നു നഗരസഭകളില്‍ രണ്ടെണ്ണം യുഡിഎഫ് നേടി. മാനന്തവാടി എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുത്ത യുഡിഎഫ് കല്‍പ്പറ്റ നിലനിര്‍ത്തി. ബത്തേരിയില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയം.
Also Read: കോർപറേഷനുകളിൽ ഇടത് ആധിപത്യം; യുഡിഎഫിന് കണ്ണൂർ മാത്രം
നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഒന്ന് നഷ്ടപ്പെട്ട് രണ്ടിലേക്ക് ഒതുങ്ങിയപ്പോള്‍ യുഡിഎഫ് നേട്ടം രണ്ടായി ഉയര്‍ന്നു. ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിഭാഗവും യുഡിഎഫിനൊപ്പമാണ്. 23 പഞ്ചായത്തുകളില്‍ 16 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞതവണത്തേക്കാള്‍ നാലു പഞ്ചായത്തുകളില്‍ അധികമായി യുഡിഎഫ് ഭരണം നേടി. എല്‍ഡിഎഫ് ഭരണം 11ല്‍നിന്ന് ഏഴായി കുറഞ്ഞു.
കോഴിക്കോട്
കോഴിക്കോട് കോര്‍പറേഷനില്‍ ഭരണത്തുടര്‍ച്ച നേടിയ എല്‍ഡിഎഫ് സീറ്റുകളുടെ എണ്ണം 47ല്‍നിന്ന് 51 ആയി ഉയര്‍ത്തി. അതേസമയം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡില്‍ തോറ്റത് എല്‍ഡിഎഫിനു തിരിച്ചടിയായി. ഇവിടെ ബിജെപിക്കാണു വിജയം. ബിജെപി കഴിഞ്ഞ തവണത്തെ ഏഴ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ യുഡിഎഫ് സീറ്റുകള്‍ 19ല്‍നിന്ന് 17 ആയി കുറഞ്ഞു.
ജില്ലാ പഞ്ചായത്തില്‍ രണ്ട് സീറ്റ് അധികം നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 27 അംഗ ഭരണസമിതിയില്‍ 18 സീറ്റാണ് ഇത്തവണ ലഭിച്ചത്. യുഡിഎഫ് വിജയം 11ല്‍നിന്ന് ഒന്‍പതായി കുറഞ്ഞു.
അതേസമയം, നഗരസഭകളില്‍ ഇടതിനു വന്‍ തിരിച്ചടിയാണു നേരിട്ടത്. മൂന്നെണ്ണം യുഡിഎഫ് പിടിച്ചെടുത്തു. ഏഴ് നഗരസഭകളില്‍ കഴിഞ്ഞതവണ അഞ്ചിടത്തും ഭരിച്ച എല്‍ഡിഎഫ് ഇത്തവണ മൂന്നിലേക്കു ചുരുങ്ങി. യുഡിഎഫ് ഭരണം ഒന്നില്‍നിന്ന് നാലായി ഉയര്‍ന്നു.
കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസല്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒറ്റവോട്ടും ലഭിച്ചില്ല. ഐഎന്‍എല്ലിന്റെ അബ്ദുള്‍ റഷീദാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ഫൈസലിനെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം ആദ്യം തീരുമാനിച്ചത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. എന്നാല്‍ ഫൈസല്‍ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഇത് കണ്ണില്‍ പൊടിയിടലായിരുന്നുവെന്നാണ് ഫൈസലിന്റെ വിജയം വ്യക്തമാക്കുന്നത്. ഫൈസലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ സിപിഎം പതാകയുമായാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടാതെ പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് മാധ്യമങ്ങളോട് പറഞ്ഞു.
12 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്‍പതിടത്ത് വിജയിച്ച് എല്‍ഡിഎഫും മൂന്നിടത്ത് വിജയിച്ച് യുഡിഎഫും ഭരണം നിലനിര്‍ത്തി. ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് എല്‍ഡിഎഫിന് രണ്ടിടത്ത് ഭരണം നഷ്ടമായി. 70 പഞ്ചായത്തുകളില്‍ 45 ഇടത്ത് കഴിഞ്ഞതവണ ഭരണം സ്വന്തമാക്കിയപ്പോള്‍ ഇത്തവണ 43ല്‍ ആണ് വിജയം. യുഡിഎഫ് വിജയം 24ല്‍നിന്ന് 27 ആയി ഉയര്‍ന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സഹോദരന് കെ. ഭാസ്കരന് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ പരാജയപ്പെട്ടു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ അസയിനാറാണ് ജയിച്ചത്. അതേസമയം സുരേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ ബിജെപി വിജയിച്ചു. ഒഞ്ചിയം പഞ്ചായത്തില്‍ രണ്ടുവാര്‍ഡുകള്‍ ആര്എംപിയില്നിന്ന് സിപിഎം പിടിച്ചെടുത്തു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വാര്‍ഡുകളിലാണ് ആര്‍എംപി തോറ്റത്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ വന്‍ കുതിപ്പാണ് യുഡിഎഫ് നടത്തിയത്. 94 പഞ്ചായത്തുകളില്‍ 73 ഇടത്തും യുഡിഎഫ് ഭരണം സ്വന്തമാക്കി. കഴിഞ്ഞതവണത്തേക്കാള്‍ 16 പഞ്ചായത്തുകളില്‍ അധികമായി യുഡിഎഫ് ഭരണം നേടി. കഴിഞ്ഞതവണ 35 പഞ്ചായത്തുകള്‍ ഭരിച്ച എല്‍ഡിഎഫ് ഇത്തവണ പതിനേഴിലേക്ക് ഒതുങ്ങി. കഴിഞ്ഞതവണ ജില്ലയിലെ പല പഞ്ചായത്തുകളിലും പ്രാദേശിക സഖ്യങ്ങൾ രൂപപ്പെട്ടത് എൽഡിഎഫിനു ഗുണം ചെയ്തിരുന്നു.
കരുവാരക്കുണ്ട് പഞ്ചായത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും പരസ്പരം മത്സരിച്ചതോടെ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കി. 21 സീറ്റില്‍ 13 ലും എല്‍ഡിഎഫ് വിജയിച്ചു. ലീഗ് ആറ് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും വിജയിച്ചു.
ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ ഇരു മുന്നണികളും കഴിഞ്ഞതവണത്തെ നില തുടര്‍ന്നു. 32 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് ഇരുപത്തിയേഴും എല്‍ഡിഎഫിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 ഇടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും ഭരണം തുടരും.
12 നഗരസഭകളില്‍ ഒന്‍പതിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ഭരണം സ്വന്തമാക്കി. കോണ്‍ഗ്രസ് ഭരണതലപ്പുത്തുള്ള മലപ്പുറം ജില്ലയിലെ ഏക നഗരസഭയായ നിലമ്പൂര്‍ ഇടതുമുന്നണി പിടിച്ചെടുത്തു. 33 സീറ്റില്‍ ഇരുപത്തി രണ്ടും എല്‍ഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞതവണ 26 സീറ്റുണ്ടായിരുന്ന യുഡിഎഫ് ഒമ്പതില്‍ ഒതുങ്ങി. കഴിഞ്ഞതവണ ഒമ്പത് സീറ്റില്‍ ജയിച്ച ലീഗിന് ഇത്തവണ ഒന്നുപോലും ലഭിച്ചില്ല. ലീഗിനു സീറ്റില്ലാത്ത മലപ്പുറത്തെ ഏക നഗരസഭയാണിത്. ബിജെപി ഒരു സീറ്റില്‍ വിജയിച്ചു. അതേസമയം തിരൂര്‍ നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു.
മന്ത്രി കെ.ടി ജലീലിന്റെ വീട് സ്ഥിതിചെയ്യുന്ന വളാഞ്ചേരി നഗരസഭയിലെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു. കഴിഞ്ഞദിവസം അന്തരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനു തലക്കാട് ഗ്രാമപഞ്ചായത്തില്‍ പാറശേരി വെസ്റ്റ് വാര്‍ഡില്‍ മികച്ച വിജയം നേടി. സിപിഎം തലക്കാട് ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു സഹീറ 239 വോട്ടിനാണ് ജയിച്ചത്. 10ന് പാറശേരിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെയല്‍ഫയര്‍ പാര്‍ട്ടിക്കു നേട്ടം
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫിനു ഭരണം ലഭിച്ചില്ല. കഴിഞ്ഞതവണ വെല്‍ഫെയറുമായുള്ള സഖ്യത്തില്‍ ഇവിടെ എല്‍ഡിഎഫ് 22 സീറ്റ് നേടിയിരുന്നു. ഇത്തവണ എല്‍ഡിഎഫ് 15 സീറ്റ് നേടി. ഇത്രയും സീറ്റാണ് യുഡിഎഫിനുമുള്ളത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ മുസ്ലിം ലീഗ് വിമതന്റെ പിന്തുണയോടെ ഭരണം നേടാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
ജമാഅത്തെ ഇസ്ലാമിയുടെ ശക്തികേന്ദ്രമായ കൊടിയത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് നേട്ടം കൊയ്തു. കാരശേരി പഞ്ചായത്ത് വെല്‍ഫയര്‍ – യുഡിഎഫ് സഖ്യം നേടി. മലപ്പുറത്തെ കൂട്ടിലങ്ങാടിയിലും സഖ്യം നേട്ടമുണ്ടാക്കി. സഖ്യം കൊണ്ട് പലയിടങ്ങളിലും വെല്‍ഫയര്‍ പാര്‍ട്ടിക്കാണു യുഡിഎഫിനേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടായത്.