ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇനി തരംതാഴാന്‍ ബാക്കിയില്ലാത്ത അത്ര അധഃപതിച്ചിരിക്കുകയാണ് മോദിയെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരെ മോദിയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍.
Also Read: ‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്’ ആയിട്ടാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്; രാഹുലിനെതിരെ മോദി
രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ചയാളാണ് രാജീവ് ഗാന്ധി. അദ്ദേഹത്തെ കുറിച്ച് തരംതാണ പരാമര്‍ശം നടത്തിയ മോദി പ്രധാനമന്ത്രി കസേരയ്ക്കു തന്നെ കളങ്കം വരുത്തിയെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
ബോഫോഴ്സ് കേസില്‍ ഡല്‍ഹി ഹൈക്കോടതി രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കിയതാണ്. അതിനെതിരെ സിബിഐ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതുമാണ്. രാജ്യത്തെ പരമോന്നത നീതിപീഠം കുറ്റവിമുക്തനാക്കിയ കേസിലാണ് ഇല്ലാത്ത ആരോപണമുന്നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മരിച്ച വ്യക്തിയെ കുറിച്ച് പറയുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും പ്രധാമന്ത്രിയില്‍ നിന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: അച്ഛനെ പറഞ്ഞ മോദിക്ക് രാഹുലിന്റെ വക ‘ആലിംഗനം’; കര്‍മ്മഫലം കാത്തിരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ്
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെതിരേയും കെസി വേണുഗോപാല്‍ വിമര്‍ശനമുന്നയിച്ചു. മോദി എന്ത് പറഞ്ഞാലും ക്ലീന്‍ ചിറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്’ ആയിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു മോദി പറഞ്ഞത്. പിതാവും മുന്‍ പ്രധാനമന്ത്രിയും ആയ രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു. വിധി നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നാണ് രാഹുല്‍ പ്രതികരിച്ചത്.
‘മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Modi Ji,
The battle is over. Your Karma awaits you. Projecting your inner beliefs about yourself onto my father won’t protect you.
All my love and a huge hug.
Rahul
— Rahul Gandhi (@RahulGandhi) May 5, 2019
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. ‘മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന് എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,’ രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
രാജീവ് ഗാന്ധി സര്‍ക്കാരിനെ പിടിച്ചുലച്ച ബൊഫോഴ്സ് കേസ് ഉദ്ദേശിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. സോണിയ ഗാന്ധിയുടെ ഭര്‍ത്താവും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി 1991ലാണ് വധിക്കപ്പെട്ടത്. എന്നാല്‍ ബൊഫോഴ്സ് കേസ് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി തളളിയ കാര്യം ചിദംബരം ഓര്‍മ്മിപ്പിച്ചു. അന്ന് ബിജെപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന തീരുമാനം എടുത്തതും ചിദംബരം ചൂണ്ടിക്കാണിച്ചു.