വയനാട്: വയനാടിനെതിരായ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്ര വിഷമുണ്ടാകില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

‘അമിത് ഷായ്ക്ക് വയനാടിന്റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. പാകിസ്ഥാനില്‍ വിളിക്കാത്തിടത്ത് പോയി ചായ കുടിച്ചയാളാണ് മോദി. കോണ്‍ഗ്രസിനെ മോദി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിനെ പാക്കിസ്ഥാനുമായി താരതമ്യം ചെയ്തായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയത്. മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാന്‍ പതാകയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിവാദ പരാമര്‍ശം. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ വര്‍ഗീയ പരാമര്‍ശം.

‘ഒരു ഘോഷയാത്ര നടന്നപ്പോള്‍ അത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല,’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഏപ്രില്‍ 4ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും പത്രിക സമര്‍പ്പിച്ചപ്പോള്‍ മുസ്‌ലിം ലീഗിന്റെ കൊടികള്‍ ഉയര്‍ന്നതിനെ കുറിച്ചായിരുന്നു ഷായുടെ വാക്കുകള്‍. ‘സഖ്യ കക്ഷികളെ തൃപ്തിപ്പെടുത്താനായി ഈ രാഹുല്‍ ബാബ കേരളത്തിലേക്ക് പോയി അവിടെ ഒരു സീറ്റില്‍ മത്സരിക്കുകയാണ്. അവിടെ ഘോഷയാത്ര നടന്നപ്പോള്‍ ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലാണോ ഇത് നടക്കുന്നതെന്ന് തിരിച്ചറിയാനാവില്ല,’ ഷാ പറഞ്ഞു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.