ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് പ്രതികൂലമാകുമ്പോള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെടുത്തുകയാണെങ്കില്‍ കര്‍ണാടകയിലെ മുസ്ലീം വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ബിജെപിയ്ക്ക് കൈ കൊടുക്കണമെന്ന് റോഷന്‍ ബെയ്ഗ് പറഞ്ഞു.

‘എന്‍ഡിഎ അധികാരത്തില്‍ തിരിച്ചുവരികയാണെങ്കില്‍, സാഹചര്യവുമായി പൊരുത്തപ്പെടണമെന്ന് ഞാന്‍ എന്റെ മുസ്ലീം സഹോദരങ്ങളോട് അപേക്ഷിക്കുകയാണ്,’ റോഷന്‍ ബെയ്ഗ് പറഞ്ഞു. ആവശ്യമായി വരികയാണെങ്കില്‍ മുസ്ലീംങ്ങള്‍ ബിജെപിക്ക് കൈകൊടുക്കണമെന്നും ബെയ്ഗ് പറഞ്ഞു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുസ്ലീം വിഭാഗത്തിന് ഒരു സീറ്റ് മാത്രമേ നല്‍കിയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ആവശ്യമെങ്കില്‍ നമ്മള്‍ കൈ കൊടുക്കണം. നമ്മള്‍ ഒരു പാര്‍ട്ടിയോട് മാത്രം സത്യസന്ധരായി ഇരിക്കേണ്ടതില്ല. കര്‍ണാടകത്തിലെ മുസ്ലീങള്‍ക്ക് എന്താണ് സംഭവിച്ചത്? കോണ്‍ഗ്രസ് ഒരു സീറ്റ് മാത്രമാണ് നല്‍കിയത്,’ സാഹചര്യം വരികയാണെങ്കില്‍ താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുമെന്നും ബെയ്ഗ് വ്യക്തമാക്കി.

Read More: Lok Sabha Election Exit Poll Results: മോദി വീണ്ടും അധികാരത്തിലേക്ക് ? എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

അപമാനം സഹിച്ചുകൊണ്ട് ഒരു പാര്‍ട്ടിയില്‍ നില്‍ക്കാന്‍ മുസ്ലീം വിഭാഗത്തിന് സാധിക്കില്ലെന്നും, അഭിമാനത്തോടെയും അന്തസോടെയുമാണ് തങ്ങള്‍ ജീവിക്കുന്നതെന്നും ബെയ്ഗ് പറഞ്ഞു. തങ്ങള്‍ക്ക് ബഹുമാനം കിട്ടാത്ത ഒരിടത്ത് തുടര്‍ന്നു പോകേണ്ട ആവശ്യമില്ലെന്നും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നിടത്തേ തങ്ങള്‍ തുടരൂവെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെയും പാര്‍ട്ടി വക്താവ് ഗുണ്ടു റാവുവിനെതിരെയും ബെയ്ഗ് വിമര്‍ശനം ഉന്നയിച്ചു.

കെ.സി വേണുഗോപാല്‍ കോമാളി ആണെന്ന് റോഷന്‍ ബെയ്ഗ് പറഞ്ഞു. ‘ എന്റെ നേതാവായ രാഹുല്‍ ഗാന്ധി ജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള കോമാളിയും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും”- എന്നായിരുന്നു ബെയ്ഗ് പ്രതികരിച്ചത്.

സീറ്റ് വിഭജനം മുതലുള്ള എല്ലാ കാര്യങ്ങളിലും പാര്‍ട്ടി പൂര്‍ണ പരാജയമായിരുന്നെന്നും തോല്‍വി നേരിട്ടാല്‍ അതിന് കാരണക്കാര്‍ നേതൃനിരയിലുള്ളവര്‍ തന്നെയാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

”ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു സീറ്റ് പോലും കൊടുത്തില്ല. മുസ്ലീം വിഭാഗത്തിന് ഒരു സീറ്റാണ് നല്‍കിയത്. അവരെ പൂര്‍ണമായും അവഗണിച്ചു. ഇതില്‍ ഞാന്‍ അസ്വസ്ഥനാണ്. നമ്മള്‍ ഇതെല്ലാം ശ്രദ്ധിക്കേണ്ടിയിരുന്നു”- റോഷന്‍ ബെയ്ഗ് പറഞ്ഞു.

കര്‍ണാടകത്തില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍. യുപിഎ മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളില്‍ വിജയിക്കുമെന്നും മറ്റുള്ളവര്‍ ഒന്ന് വരെ സീറ്റുകളാണ് നേടുകയെന്നും സര്‍വേ പ്രവചിച്ചിരുന്നു. ആകെ ലോകസഭാ 28 സീറ്റുകളാണ് കര്‍ണാടകത്തിലുള്ളത്.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.