കോട്ടയം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ ഭയമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലെ അനൗചിത്യമാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്ന് കാനം കോട്ടയത്ത് പറഞ്ഞു.

വയനാട്ടിലെ സിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ല. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായി മത്സരിക്കും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് പരിഹരിക്കാനാണ് രാഹുലിനെ കേരളത്തിലെത്തിക്കാന്‍ നീക്കങ്ങള്‍ നടന്നത്. ആ കെണിയില്‍ രാഹുല്‍ ഗാന്ധി വീഴരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Read More: രാഹുലിന്റെ സ്ഥാനാര്‍ഥിത്വം; പ്രതീക്ഷയുണ്ടെന്ന് സംസ്ഥാന നേതാക്കള്‍, ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് എഐസിസി

അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തീരുമാനമായിട്ടില്ല. സംസ്ഥാന നേതാക്കള്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും എഐസിസി ഇതേ കുറിച്ച് കാര്യമായി പ്രതികരിക്കുന്നില്ല. രാഹുല്‍ വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് സംസ്ഥാന നേതാക്കള്‍ പറയുമ്പോള്‍ വയനാട്ടില്‍ മത്സരിക്കണമോ എന്ന് രാഹുല്‍ തീരുമാനിച്ചിട്ടില്ലെന്ന് എഐസിസി വ്യക്തമാക്കുന്നു.

രാഹുല്‍ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നാണ് മത്സരിക്കുന്നതെങ്കില്‍ അത് അമേഠിയില്‍ നിന്നായിരിക്കുമെന്ന് എഐസിസി വ്യക്തമാക്കുന്നുണ്ട്. രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ മാത്രമായിരിക്കും വയനാടോ തെക്കേ ഇന്ത്യയിലെ മറ്റ് ഏതെങ്കിലും മണ്ഡലമോ രാഹുല്‍ തിരഞ്ഞെടുക്കുകയുള്ളൂ എന്നും എഐസിസി വ്യക്തമാക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ