ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തില്‍ ചെറിയ തോതിലെങ്കിലും സ്വാധീനം ചെലുത്താന്‍ നടന്‍ കമല്‍ഹാസനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിനും സാധിച്ചു എന്നാണ് കണക്കുകള്‍ പറയുന്നുത്. ഒരു സീറ്റില്‍ പോലും കമല്‍ഹാസന്റെ പാര്‍ട്ടി വിജയിച്ചിട്ടില്ല എങ്കിലും വോട്ടിലെ കണക്കുകള്‍ ഉലകനായകനെ നിരാശപ്പെടുത്തുന്നില്ല. രണ്ട് മുഖ്യ ദ്രാവിഡ പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കുന്ന തമിഴ്‌നാട്ടില്‍ മൂന്നാമതൊരു ശക്തി എന്ന നിലയിലേക്ക് വളരാനാണ് കമല്‍ഹാസന്റെ ലക്ഷ്യം.
Read More: കമൽഹാസന്റെ ‘മക്കൾ നീതി മയ്യം’ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ബാറ്ററി ടോർച്ച്
മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണിത്. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത് 3.86 ശതമാനം വോട്ടാണ്. നഗര മേഖലകളിലാണ് മക്കള്‍ നീതി മയ്യത്തിന് നല്ല രീതിയില്‍ വോട്ട് ലഭിച്ചത്. അതേസമയം, ഗ്രാമീണ മേഖലകളില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

13 ലോക്സഭാ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് മക്കള്‍ നീതി മയ്യം. 10 മുതല്‍ 12 ശതമാനം വരെയാണ് മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്. കോയമ്പത്തൂര്‍ സ്ഥാനാര്‍ഥി ആര്‍ മഹേന്ദ്രനും സൗത്ത് ചെന്നൈ സ്ഥാനാര്‍ഥി ആര്‍ രംഗരാജനും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചു. 12 ശതമാനമാണ് ഇരുവരുടെയും വോട്ട് ഷെയര്‍. ഗ്രാമീണ മേഖലകളിൽ വോട്ട് കുറഞ്ഞതാണ് കമൽഹാസന് തിരിച്ചടിയായത്.
Read More: ഹിന്ദു തീവ്രവാദം; കമൽഹാസനെ വെടിവച്ച് കൊല്ലണമെന്ന് ഹിന്ദു മഹാസഭ നേതാവ്
അണ്ണാ ഡിഎംകെക്കെതിരെയും മോദി സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുള്ളതായിരുന്നു കമൽഹാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. രാജ്യത്തെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന പരാമർശം രാജ്യത്തൊട്ടാകെ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപ് രൂപംകൊണ്ട പാർട്ടിക്ക് തമിഴ്നാട്ടിൽ ചെറിയൊരു വോട്ട് ഷെയർ സ്വന്തമാക്കാൻ സാധിച്ചെങ്കിൽ വരും തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർധിപ്പിക്കാനാണ് കമൽ ശ്രമം നടത്തുക.
ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിനും തമിഴ്നാട്ടിൽ മോശമല്ലാത്ത ഒരു വോട്ട് ഷെയർ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അഞ്ച് ശതമാനം വോട്ട് സ്വന്തമാക്കിയ ദിനകരന്റെ പാർട്ടിക്ക് ഗ്രാമീണ മേഖലകളിലായിരുന്നു കൂടുതൽ നേട്ടം. നഗര മേഖലകളിൽ വോട്ട് ഷെയർ കുറയുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് ശതമാനം വോട്ടും അമ്മ മക്കൾ മുന്നേറ്റ കഴകം സ്വന്തമാക്കിയിട്ടുണ്ട്.