ചെന്നൈ: കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത് കമല്‍ഹാസന്‍ തന്നെയാണ്. എന്നാല്‍ കമല്‍ഹാസന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കമല്‍ പറഞ്ഞു. മാര്‍ച്ച് 24-ാം തീയതി അന്തിമ പട്ടിക പുറത്തിക്കുമ്പോള്‍ തന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് വ്യക്തമാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Read: കമൽഹാസന്റെ ‘മക്കൾ നീതി മയ്യം’ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ബാറ്ററി ടോർച്ച്

പാര്‍ട്ടി മാര്‍ച്ച് 24 ന് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളേയും അന്ന് പ്രഖ്യാപിക്കും. നിലവില്‍ പുറത്തുവിട്ട ആദ്യഘട്ട പട്ടികയില്‍ ഒരു വനിതാ സ്ഥാനാർഥി മാത്രമേയുള്ളൂ. നടന്‍ നാസറിന്റെ ഭാര്യ കമീല നാസറാണ് സെന്‍ട്രല്‍ ചെന്നൈയില്‍ മത്സരിക്കുന്നത്.

ഡിഎംകെയില്‍ നിന്നും രാജിവച്ച് പുറത്തു വന്ന് മക്കള്‍ നീതി മയ്യത്തോടൊപ്പം ചേര്‍ന്ന ഡോ. എം.എഎ.സ്.സുബ്രഹ്മണ്യന്‍ പുതുച്ചേരിയില്‍ നിന്നും മത്സരിക്കും. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കഴിഞ്ഞ് ദിവസം കോര്‍ കമ്മിറ്റി അംഗം രാജിവച്ചു. പാര്‍ട്ടിയുടെ സഹസ്ഥാപകന്‍ കൂടിയായ സി.കെ.കുമരവേല്‍ ആണ് കോര്‍ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിരവധിയാളുകള്‍ കമല്‍ഹാസനില്‍ തൃപ്തരല്ലെന്ന് കുമരവേല്‍ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ