തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല വിഷയത്തില്‍ എന്ത് വിധി വന്നാലും കൂടിയാലോചനകള്‍ക്ക് ശേഷമേ നടപ്പാക്കൂ. വിശ്വാസ സമൂഹത്തെ വിശ്വസത്തിലെടുത്തിട്ടെ തീരുമാനം കൈക്കൊള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ പരിഹാസത്തോടെയെടുത്ത കടകംപള്ളി ചോദ്യങ്ങളുമുയര്‍ത്തി. “പ്രധാനമന്ത്രിക്ക് മറുപടി പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടുണ്ടോ എന്നറിയില്ല. ഞാനൊരു സാധാരണ രാഷ്ട്രീയ പ്രവര്ത്തകന് മാത്രമാണ്. എന്നെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചതില്‍ സന്തോഷമുണ്ട്,” കടകംപള്ളി പറഞ്ഞു.
Read More: ‘അദ്ദേഹം തോളിൽ തട്ടി പറഞ്ഞു, ‘യു ആർ ഡൂയിങ് എ ഗ്രേറ്റ് ജോബ്’; കൃഷ്ണകുമാർ
2019 ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് രണ്ട് വര്‍ഷമായിട്ടും അതിനെക്കുറിച്ച് മിണ്ടുന്നില്ലെന്നും ദേവസ്വം മന്ത്രി ചോദിച്ചു. “പ്രധാന മന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നാണ് തോന്നുന്നത്. ബിജെപി സംസ്ഥാന നേതൃത്വവും കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയും ചേര്‍ന്ന് പ്രധാനമന്ത്രിയെപ്പോലെ ഒരു വലിയ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ലായിരുന്നു,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
“ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ല. സത്യാവസ്ത ഇതായിരിക്കെ വോട്ടു തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. ആരാധനാലയങ്ങളുടെ സൗകര്യങ്ങള്‍ മെച്ചെപ്പെടുത്തുന്നതിന് ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് പിണറായി സര്‍ക്കാരാണ്,” ദേവസ്വം മന്ത്രി പ്രതികരിച്ചു.