തിരുവല്ല: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് സുരേന്ദ്രന്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടത്. തിരുവല്ലയില്‍ ട്രെയിന്‍ മാര്‍ഗം എത്തിയ സുരേന്ദ്രന് സ്റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ജില്ലയിലെ നേതാക്കളും സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തി. ചെണ്ട മേളത്തിന്റെ അകമ്പടിയോടെയായിരുന്നു സുരേന്ദ്രന് സ്വീകരണമൊരുക്കിയത്. ഇന്ന് റോഡ് ഷോ അടക്കം വിവിധ പരിപാടികളാണ് മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്.

Read More: ‘വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുത്തിട്ടില്ല’

മണ്ഡലത്തില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശബരിമല വിഷയമടക്കം തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കുമെന്നാണ് ബിജെപി നിലപാട്. ശബരിമല യുവതീ പ്രവേശന വിഷയം തങ്ങള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കുമെന്നാണ് ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നത്.

കേരളത്തില്‍ ബിജെപി ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ഏറെ ദിവസം നീണ്ട ഉദ്വേഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മറ്റ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും പത്തനംതിട്ട സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും കെ.സുരേന്ദ്രനും പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയിലായി. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതും സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ