ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവും നടിയുമായ ജയ ബച്ചൻ. രാജ്യത്തെ സംരക്ഷിക്കേണ്ട വ്യക്തി തന്നെ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന് ജയ ബച്ചൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ബൂത്ത് ഏജന്റുമാർക്കുളളത് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും ജയ ബച്ചൻ പറഞ്ഞു.
ലക്‌നൗവിൽ എസ്‌പി സ്ഥാനാർഥി പൂനം സിൻഹയ്ക്കുവേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു ജയ ബച്ചൻ. പൂനം സിൻഹയെ മുഴുമനസോടെ ജനങ്ങൾ സ്വീകരിക്കണമെന്നും ജയ അഭ്യർഥിച്ചു. ”പുതു സ്ഥാനാർഥിയെ നിറഞ്ഞ മനസോടെ സ്വീകരിക്കുകയെന്നത് സമാജ്‌വാദിയുടെ ആചാരമാണ്. ഞങ്ങൾ അവരെ സ്വീകരിക്കുകയും അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്യും. അവർ എവിടെനിന്നു വന്നവരാണെങ്കിലും എസ്‌പിയുടെ ഭാഗമാണ്, അവരെ നമ്മൾ സംരക്ഷിക്കും,” ജയ പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്നും ജയ ബച്ചൻ ആവശ്യപ്പെട്ടു. നിങ്ങൾ എല്ലാവരും എനിക്ക് ഉറപ്പ് തരണം (പൂനത്തിന്റെ ജയം), അല്ലെങ്കിൽ അവൾ എന്നെ മുംബൈയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് തമാശരൂപേണ ജയ പറഞ്ഞു. പൂനം തന്റെ സുഹൃത്താണെന്നും 40 വർഷമായി അവളുമായി അടുത്ത ബന്ധമുണ്ടെന്നും ജയ വ്യക്തമാക്കി.
Read: കോൺഗ്രസ് സ്ഥാനാർഥി ശത്രുഘ്‌നൻ സിൻഹയുടെ ആസ്തി 112 കോടി, സ്വന്തമായുളളത് 7 കാറുകൾ
”നിങ്ങൾ ഇന്നു കാണിക്കുന്ന ഉത്സാഹം, വോട്ടിങ് ദിനത്തിലും എനിക്ക് കാണണം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ എസ്‌പി സ്ഥാനാർഥികൾക്കും ഇതേ ഉത്സാഹത്തോടെ നിങ്ങളുടെ പിന്തുണ നൽകണം. സമാജ്‌വാദി പാർട്ടി പ്രവർത്തകർ അവർക്കൊപ്പമുണ്ടെന്ന് തെളിയിക്കണം,” ജയ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെയാണ് പൂനം സിൻഹ സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. ലക്‌നൗവിൽ ബിജെപി സ്ഥാനാർഥി രാജ്‌നാഥ് സിങ്ങാണ് പൂനത്തിന്റെ പ്രധാന എതിരാളി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സമ്പന്നരായ സ്ഥാനാർഥികളിൽ അഞ്ചാം സ്ഥാനത്താണ് പൂനം സിൻഹയെന്നാണ് റിപ്പോർട്ടുകൾ. 193 കോടിയുടെ ആസ്തിയാണ് പൂനത്തിനുളളത്. നാഷണൽ ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണ് സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടത്. പൂനത്തിന് തൊട്ടുപിന്നിലുളളത് സമാജ്‌വാദി പാർട്ടിയുടെ സീതാപൂർ സ്ഥാനാർഥി വിജയ് മിശ്രയാണ്യ 177 കോടിയുടെ ആസിത്യാണ് ഇദ്ദേഹത്തിനുളളത്. മൂന്നാം സ്ഥാനത്ത് 77 കോടി രൂപയുടെ ആസ്തിയുമായി ബിജെപി സ്ഥാനാർഥി ജയന്ത് സിൻഹയാണ്.

പൂനം സിൻഹയുടെ ഭർത്താവ് ശത്രുഘ്‌നൻ സിൻഹ സിൻഹ പട്‌ന സാഹിബ് നിയോജക മണ്ഡലത്തിൽന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർഥിയാണ് സിൻഹ. മൂന്നു ദശാബ്ദത്തോളം ബിജെപിക്കൊപ്പം പ്രവർത്തിച്ചശേഷം അടുത്തിടെയാണ് സിൻഹ കോൺഗ്രസിൽ ചേർന്നത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെയാണ് സിൻഹ തിരഞ്ഞെടുപ്പിൽ നേരിടുന്നത്.