കൊച്ചി: ജേക്കബ് തോമസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ജേക്കബ് തോമസ് നല്കിയ രാജി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലാണ് മത്സരിക്കാനുള്ള സാധ്യതകള്‍ അടഞ്ഞത്. ഏപ്രില്‍ നാലിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഇതുവരെയും ജേക്കബ് തോമസ് സമര്‍പ്പിച്ച രാജി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ചാലക്കുടിയില്‍ നിന്ന് ട്വന്റി ട്വന്റി മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് ജേക്കബ് തോമസ് നേരത്തെ അറിയിച്ചിരുന്നത്. ട്വന്റി ട്വന്റിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, രാജി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ജേക്കബ് തോമസിന് മത്സരിക്കാന്‍ സാധിക്കില്ല. ജേക്കബ് തോമസിന് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ട്വന്റി ട്വന്റി ഇപ്പോള്‍ അറിയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി ജേക്കബ് തോമസ് രാജി സമര്‍പ്പിച്ചിരുന്നു. സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് അപേക്ഷ നല്‍കിയത്.
Read More: ഡിജിപി ജേക്കബ് തോമസ് സ്വയം വിരമിക്കാൻ അപേക്ഷ നൽകി
സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുന്നതിനായി ജേക്കബ് തോമസ് മാർച്ച് 22 നാണ് അപേക്ഷ നൽകിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും സ്വയം വിരമിക്കല്‍ അപേക്ഷ നല്കി. 2017 ഡിസംബര്‍ 30 മുതല്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലായിരുന്നു. സസ്പെന്ഷന് ഇപ്പോഴും തുടരുകയാണ്.
കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ആറ് മാസത്തിനു ശേഷം വീണ്ടും സസ്പെന്ഷന് ലഭിച്ചു.
തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തെ തുടര്‍ന്നായിരുന്നു മൂന്നാം തവണ സസ്പെന്‍ഷനിലായത്. സിറ്റിങ് എംപിയായ ഇന്നസെന്റ് തന്നെയാണ് ഇത്തവണയും ചാലക്കുടിയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ബിജെപി സ്ഥാനാര്‍ഥി.