കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയാകാൻ മുതിർന്ന ഐപിഎസ് ഓഫീസർ ജേക്കബ് തോമസ് സമ്മതിച്ചു. ഇക്കാര്യം പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബാണ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ തവണത്തെ പാർട്ടി ഹൈപവർ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥിയാകാനുളള തീരുമാനം എടുത്തതെന്ന് സാബു പറഞ്ഞു. “ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്നായിരുന്നു യോഗം ചർച്ച ചെയ്തത്. എൽഡിഎഫിനെയും യുഡിഎഫിനെയും പിന്തുണക്കാൻ ആരും തയ്യാറായിരുന്നില്ല. ചിലർ ബിജെപിയെ പിന്തുണക്കാമെന്ന് പറഞ്ഞു. പത്ത് ശതമാനത്തോളം പേർ നോട്ടയ്‌ക്ക് വോട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എല്ലാവരും സ്വന്തം സ്ഥാനാർത്ഥിയെ നിർത്താമെന്ന നിർദ്ദേശം മുന്നോട്ട് വച്ചു,” സാബു പറഞ്ഞു.

“മികച്ചൊരു സ്ഥാനാർത്ഥിക്ക് വേണ്ടി പാർട്ടി പലരോടും കൂടിയാലോചന നടത്തി. കൊച്ചൗസേഫ് ചിറ്റിലപ്പളളിയടക്കം അഞ്ചോളം പേർ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസാണ് സമ്മതം അറിയിച്ചത്. മത്സരിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹമിപ്പോൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. അതിനാൽ അദ്ദേഹത്തിന്റെ കാര്യം പറയാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല,” സാബു പറഞ്ഞു.

“കഴിഞ്ഞ എഴുപത് വർഷക്കാലം ചാലക്കുടിയെ പ്രതിനിധീകരിച്ച എംപിമാർ ആര് ചെയ്തതിനേക്കാളും പത്തിരട്ടിയെങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യും. കിഴക്കമ്പലം പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ഞങ്ങൾ ചെയ്യുന്നത്. എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്. അത്തരമൊരു പ്രവർത്തനം തന്നെയാകും ചാലക്കുടിയിൽ ജയിച്ചാലും നടത്തുക. അതിന് പ്രത്യേകമായൊരു തിരഞ്ഞെടുപ്പ് പ്രചാരണ പത്രിക തയ്യാറാക്കില്ല,” സാബു വ്യക്തമാക്കി.

അതേസമയം സർവ്വീസിൽ നിന്ന് സ്വയം വിരമിക്കാൻ അനുവദിക്കണം എന്ന് അപേക്ഷിച്ച് കൊണ്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനും അപേക്ഷ നൽകി. ഇദ്ദേഹം ചാലക്കുടിയിൽ സ്ഥാനാർത്ഥിയായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ട്വന്റി ട്വന്റിയോ , ജേക്കബ് തോമസോ സ്ഥിരീകരിച്ചിരുന്നില്ല. 2017 ഡിസംബര്‍ 30 മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷന്‍ ഇപ്പോഴും തുടരുകയാണ്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.