ആലപ്പുഴ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ഇന്നസെന്റ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. സമുദായ നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയെ കാണാന്‍ എത്തിയതെന്ന് ഇന്നസെന്റ് പറഞ്ഞു. അടുപ്പമുള്ള സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read More: യുഡിഎഫിന് സർവ്വനാശം സംഭവിക്കും, ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല: വെള്ളാപ്പള്ളി
എന്‍എസ്എസ് നേതൃത്വവുമായി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. മണ്ഡലത്തിലുള്ള എന്‍എസ്എസ് നേതാക്കളുമായി സംസാരിക്കും. എന്നാല്‍, ചങ്ങനാശേരിയില്‍ പോയി എന്‍എസ്എസ് നേതൃത്വത്തെ കാണില്ലെന്നും വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തില്‍ ഇന്നസെന്റ് പറഞ്ഞു.
(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)
സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ തുഷാര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവയ്ക്കണമെന്ന നിലപാട് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം തുഷാര്‍ രാജിവയ്ക്കണം. അച്ചടക്കമുള്ള പ്രവര്‍ത്തകനായി പെരുമാറുമെന്നാണ് വിശ്വസിക്കുന്നത്. തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കിയ കോണ്‍ഗ്രസ് നിലപാടിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഷാനിമോള്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. കുറേ കൂടി നല്ല സീറ്റായിരുന്നു നല്‍കേണ്ടിയിരുന്നത്. തോല്‍ക്കുന്ന സീറ്റാണ് ഇപ്പോള്‍ ഷാനിമോള്‍ക്ക് കൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഷാനിമോള്‍ ഉസ്മാനെ ചതിച്ചിരിക്കുകയാണ്. അഖിലേന്ത്യാ നേതാവ് കൂടിയായ ഷാനിമോള്‍ക്ക് എന്തുകൊണ്ട് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.