കാരൂര്‍: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. 1948ല്‍ മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തമിഴ്നാട്ടിലെ അരുവാകുച്ചിയില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ആയതുകൊണ്ട് പറയുകയല്ല. പക്ഷെ മുമ്പില്‍ ഒരു ഗാന്ധി പ്രതിമയെ സാക്ഷിയാക്കിയാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു, അയാളുടെ പേരാണ് നാഥുറാം ഗോഡ്സെ. അവിടെ വച്ചാണ് തുടക്കം,’ കമല്‍ഹാസന്‍ പറഞ്ഞു.

മേയ് 19ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളില്‍ ഒന്നാണ് അരുവാക്കുച്ചി. ഇവിടെ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാനാർഥിയെ നിര്‍ത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ കൊച്ചുമകനായിട്ടാണ് താന്‍ നില്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ ഘാതകരോട് ചോദ്യം ചെയ്യാനാണ് എത്തിയതെന്നും തുറന്ന വാഹനത്തിന് മുകളില്‍ നിന്ന് അദ്ദേഹം പ്രസംഗിച്ചു.

‘നല്ല ഇന്ത്യക്കാര്‍ സമത്വമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ പതാകയിലെ മൂന്ന് നിറങ്ങളും ഒരുമിച്ച് നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അത് ഞാന്‍ ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നു,’ കമല്‍ഹാസന്‍ പറഞ്ഞു.

‘മുമ്പ് ഹിന്ദുത്വ സംഘടനകള്‍ അക്രമങ്ങളില്‍ ഏര്‍പ്പെടാറില്ലായിരുന്നു. എതിരാളികളോട് അവര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. പക്ഷെ ഇന്ന് അത് അക്രമത്തിലേക്ക് നീങ്ങി,’ കമല്‍ഹാസന്‍ പറഞ്ഞു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.