തിരുപൂർ: തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികൾ നൽകുന്ന വാഗ്ദാനങ്ങൾ കേട്ട് പലപ്പോഴും കണ്ണുതള്ളറുള്ളവരാണ് പല വോട്ടർമാരും. തിരഞ്ഞെടുപ്പിന്റെ ഒഴിച്ചുകൂടാനാകത്ത ഭാഗം കൂടിയാണത്. വ്യത്യസ്തമായ പല വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പിന് മുമ്പായി സ്ഥാനാർത്ഥികൾ നൽകാറുണ്ട്. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ പല വോട്ടർമാരും അതൊന്നും വകവെക്കാറില്ല.

എന്നാൽ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി മണ്ഡലത്തിലെ ആളുകളെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് തമിഴ്നാട് സ്വദേശി ഷെയ്ഖ് ദാവൂദ്. തിരുപൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന അന്തിയൂർ സ്വദേശിയായ എ എം ഷെയ്ഖ് ദാവൂദിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാം കുടിയന്മാരെ ലക്ഷ്യംവെച്ചുകൊണ്ടാണ്. പ്രതിമാസം ഓരോ കുടുംബത്തിനും 10 ലിറ്റർ മദ്യം നൽകുമെന്നാണ് ഷെയ്ഖിന്റെ ഉറപ്പ്.

കുടുംബത്തിലെ ആണുങ്ങളെല്ലാം കുടിയന്മാരായി പോയാൽ വിഷമിക്കേണ്ട. വീട്ടിലെ സ്ത്രീകൾക്കുമുണ്ട് ഷെയ്ഖിന്റെ വക ഞെട്ടിക്കുന്ന വാഗ്ദാനം. പ്രതിമാസം 25000 രൂപയായിരിക്കും വീട്ടിലെ സ്ത്രീകൾക്ക് ലഭിക്കുക. മദ്യം നേരിട്ട് പോണ്ടിച്ചേരിയിലെ ഡിസ്റ്റിലറികളിൽ നിന്ന് കൊണ്ടുവരാനാണ് പദ്ധതിയെന്ന് ഷെയ്ഖ് വ്യക്തമാക്കുന്നു.

മദ്യം നൽകുന്നത്കൊണ്ട് സമൂഹത്തെ തെറ്റിലേയ്ക്ക് തള്ളിവിടുകയല്ല താനെന്ന് ഷെയ്ഖ് പറയുന്നു. “ഇക്കാലത്ത് കുടിക്കാത്തവരായി ആരാണുള്ളത്. എന്നാൽ ഗുണനിലവരമില്ലാത്ത മദ്യം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇതിനെതിരായി പോണ്ടിച്ചേരിയിൽ നിന്ന് നേരിട്ട് മദ്യം എത്തിക്കും,” ഷെയ്ഖ് പറഞ്ഞു.

എ എം ഷെയ്ഖ് ദാവൂദിന്റെ മറ്റ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇങ്ങനെ

1. കുടുംബത്തിലെ ഒരാൾക്കെങ്കിലും സർക്കാർ ജോലി
2. നവദമ്പതികൾക്ക് എംപി ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപയും പത്ത് പവനും
3. മേട്ടൂർ ഡാമിൽ നിന്ന് തിരുപൂരിലേയ്ക്ക് കനാൽ

തിരുപൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായാണ് ഇയാൾ ജനവിധി തേടുന്നത്. 55 കാരനായ എ എം ഷെയ്ഖ് അഹമ്മദ് തന്റെ ജീവിതത്തിലെ അവസാന ശ്വാസം വരെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ഉറപ്പ് നൽകുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.