ലക്നൗ:”ഇങ്ങനെയായിരുന്നില്ല. വളരെ നല്ലരീതിയിലായിരുന്നു നേരത്തെ എല്ലാവരും കഴിഞ്ഞിരുന്നത്. സന്തോഷത്തിലും സങ്കടത്തിലും ഹിന്ദുക്കളും മുസ്ലീമുകളും ഒരുമിച്ചായിരുന്നു. ഇന്ന് ഒരു ഗ്രാമത്തില്‍ ജീവിക്കുമ്പോഴും ഞങ്ങള്‍ ഒരുമിച്ചല്ല” നയാബന്‍സില്‍ ചെറിയൊരു കച്ചവടക്കാരനായ ഗുല്‍സാം അലി പറയുന്നു. ഉത്തര്‍പ്രദേശിലെ കൊച്ചു ഗ്രാമമാണ് നയാബന്‍സ്. ഇവിടുത്തെ മുസ്ലീമുകളെ സംബന്ധിച്ച് തങ്ങളുടെ മക്കള്‍ ഹിന്ദുക്കളുടെ മക്കളോടൊപ്പം കളിച്ചു നടക്കുന്നതും മതത്തിന്റെ അതിര് വരമ്പില്ലാതെ എല്ലാവരും ഒരുമിച്ച് കഴിഞ്ഞതുമൊക്കെ ഇന്ന് ഓര്‍മ്മകളാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗ്രാമത്തിലെ മുസ്ലീമുകളും ഹിന്ദുക്കളും അകന്നു. ചിലര്‍ ഗ്രാമം വിട്ടു പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ തങ്ങളുടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് അവര്‍ പറയുന്നത്. ഞായറാഴ്ച എക്സിറ്റ് പോളുകള്‍ വന്നതിന് പിന്നാലെ റോയിറ്റേഴ്സിനോടാണ് ഗ്രാമത്തിലെ മുസ്ലീമുകള്‍ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. നാളെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്.
മോദി 2014 ലാണ് അധികാരത്തിലെത്തുന്നത്. 2017 ല്‍ ബിജെപി ഉത്തര്‍പ്രദേശും കീഴടക്കി. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി. ”മോദിയും യോഗിയും എല്ലാം നശിപ്പിച്ചു. ഹിന്ദുക്കളേയും മുസ്ലീമുകളേയും ഭിന്നിപ്പിക്കുകയാണ് അവരുടെ പ്രധാന അജണ്ട. മുമ്പ് ഇങ്ങനെയായിരുന്നില്ല. ഞങ്ങള്‍ക്ക് ഇവിടം വിടണമെന്നുണ്ട് പക്ഷെ പറ്റുന്നില്ല” അലി പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തന്റെ ബന്ധുക്കളടക്കം നിരവധി കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്നും പാലായനം ചെയ്തതായി അലി പറയുന്നു. എല്ലാം ഭയം മൂലം മാത്രമാണ്. എന്നാല്‍ തങ്ങളുടെ പോളിസികള്‍ വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കാനുള്ളതല്ലെന്നാണ് ബിജെപി പറയുന്നത്.
കഴിഞ്ഞ വര്‍ഷം അവസാന പശുവിന്റെ പേരില്‍ ഗ്രാമത്തിലുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ നയാബന്‍സ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുസ്ലീമുകള്‍ പശുവിനെ കശാപ്പു ചെയ്യുന്നതായി കണ്ടെന്ന് ഒരു സംഘം ഹിന്ദുക്കള്‍ ആരോപിക്കുകയായിരുന്നു. രോക്ഷാകുലരായ തീവ്ര ഹിന്ദുത്വവാദികള്‍ പൊലീസിനെതിരേയും തിരിഞ്ഞു. ദേശീയപാത തടഞ്ഞു. വാഹനങ്ങള്‍ കത്തിച്ചു. ഒരു പൊലീസുകാരനുള്‍പ്പടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
അഞ്ച് മാസങ്ങള്‍ക്ക് ശേഷം തങ്ങളുടെ ഉള്ളിലെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെന്ന് ഗ്രാമത്തിലെ മുസ്ലീമുകള്‍ പറയുന്നു. 4000 ല്‍ പരം ആളുകളുള്ള ഗ്രാമത്തില്‍ ഇപ്പോള്‍ 400 ന് അടുത്ത് മാത്രമാണ് മുസ്ലീമുകളുള്ളത്. ഹിന്ദുക്കള്‍ കൂടുതലുള്ള ഇടങ്ങളില്‍ മുസ്ലീമുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടുതലാണെന്ന് അവര്‍ പറയുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങളെയെല്ലാം ബിജെപി നേതൃത്വം തള്ളിക്കളയുകയാണ് ചെയ്തത്.”ഈ സര്‍ക്കാരിന് കീഴില്‍ ഒരു കലാപവും രാജ്യത്തുണ്ടായിട്ടില്ല. അക്രമ സംഭവങ്ങളെയെല്ലാം ഹിന്ദു-മുസ്ലീം സംഘര്‍ഷമായി പറയുന്നത് ശരിയല്ല” ബിജെപി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ പറഞ്ഞു. പ്രതിപക്ഷമാണ് വര്‍ഗ്ഗീയത ആയുധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.