ഹൈദരാബാദ്: വിശാല ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)യ്ക്കു തിരിച്ചടി.ഫലം പ്രഖ്യാപിച്ച 149 ഡിവിഷനുകളില്‍ 55 എണ്ണത്തിൽ മാത്രം വിജയിച്ച ടിആര്‍എസിന് കഴിഞ്ഞതവണത്തെ അപേക്ഷിച്ച് പകുതിയോളം സീറ്റുകൾ നഷ്ടമായി. അതേസമയം, ഓള് ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീനെ (എഐഎംഐഎം) പിന്തള്ളി ബിജെപി രണ്ടാം സ്ഥാനം പിടിച്ചെടുത്തു. ബിജെപി 48 സീറ്റും എഐഎംഐഎം 44 സീറ്റും സ്വന്തമാക്കി. കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. ഒരു ഡിവിഷനിലെ ഫലം മാത്രമാണ് ഇനി അറിയാനുള്ളത്.
ആർക്കും സീറ്റ് നിലയിൽ കേവല ഭൂരിപക്ഷത്തിന്റെ അടുത്തെത്താനായില്ല. 75 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ വേണ്ടത്.
150 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണു വിശാല ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് കൗണ്‍സില്‍. കഴിഞ്ഞതവണ 99 സീറ്റില്‍ വിജയിച്ച ടിആര്‍എസിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ ബിജെപി രംഗത്തിറക്കിയാണ് പ്രചാരണം കൊഴുപ്പിച്ചത്. ഈ തന്ത്രം ഗുണം ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞതവണ നാല് സീറ്റ് മാത്രമാണു ബിജെപിക്കുണ്ടായിരുന്നത്. സഖ്യകക്ഷിയായ ടിഡിപിക്ക് രണ്ട് സീറ്റും.
ബിജെപി വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി പകുതിയോളം സീറ്റുകളില്‍ മുന്നിട്ടുനില്ക്കുക യായിരുന്നു. വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ടിആര്‍എസും എഐഎംഐഎമ്മും മുന്നേറുന്ന കാഴ്ചയാണുണ്ടായത്. കഴിഞ്ഞതവണ 44 അംഗങ്ങളുണ്ടായിരുന്ന എഐഎംഐഎമ്മിന് ഇത്തവണ കാര്യമായ നഷ്ടമില്ല.
വിവിധ രാഷ്ട്രീയ കക്ഷികള്‍ ഊര്‍ജിതമായ പ്രചാരണം നടത്തിയിരുന്നെങ്കിലും കോവിഡ് -19 സാഹചര്യത്തില്‍ പോളിങ് ശതമാനം വളരെ കുറവായിരുന്നു. ഡിസംബര്‍ ഒന്നിനു നടന്ന വോട്ടെടുപ്പില്‍ 46.55 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 74.67 ലക്ഷം വോട്ടര്‍മാരില്‍ 34.50 ലക്ഷം പേരാണു വോട്ട് ചെയ്തത്.
കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. അതിനാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് പതിവിലും വൈകും. 150 ഡിവിഷനുകളിലായി 1,122 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഇത്തവണ മേയര്‍ പദവി സ്ത്രീസംവരണമാണ്.