Elections 2019: തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍, കഴിഞ്ഞ അഞ്ചു വർഷത്തെ തങ്ങളുടെ ആദായ നികുതി റിട്ടേണും, മറ്റു രാജ്യങ്ങളിലുള്ള അവരുടെ സമ്പാദ്യത്തിന്റെയും പൂർണ വിവരങ്ങള്‍ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് നിയമ മന്ത്രാലയം കഴിഞ്ഞ ആഴ്ച ഉത്തരവിടുകയുണ്ടായി. ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരി മാസം പതിമൂന്നാം തീയതി നിയമ മന്ത്രാലയത്തിനു എഴുതിയത് പ്രകാരം ഫോം 26-ൽ ഭേദഗതി വരുത്തി കൊണ്ടാണ് ഈ ഉത്തരവുണ്ടായത്.

എന്താണ് ഫോം 26?

തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ഒരു സ്ഥാനാർഥി തങ്ങളുടെ ആസ്തികൾ, ബാധ്യതകൾ, വിദ്യാഭ്യാസ യോഗ്യതകൾ, ക്രിമിനൽ ആന്റിസെടെന്‍സ് (വിധിയായതും, ബാക്കി നിൽക്കുന്ന കേസുകളും) പൊതു കുടിശ്ശിക എന്തെങ്കിലുമുണ്ടെങ്കിൽ അതും ഉൾപ്പെടുത്തിയ വിവരങ്ങൾ അടങ്ങിയ ഒരു സത്യവാങ്‌മൂലം സമർപ്പിക്കേണ്ടതുണ്ട്, അതാണ് ഫോം 26. നാമനിര്‍ദ്ദേശപത്രികയോടൊപ്പം ഈ സത്യവാങ്‌മൂലം ഫയൽ ചെയ്യുകയും, ഒരു സത്യപ്രതിജ്ഞ കമ്മീഷൻന്റെ മുൻപിലോ, ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്പിലോ അല്ലെങ്കിൽ നോട്ടറി പബ്ലിക്കിന്റെ മുൻപിലോ ശപഥമെടുക്കുകയും ചെയ്യണം.

എന്താണ് പുതിയ മാറ്റം?

മുൻപ് സ്ഥാനാർത്ഥിക്ക് അവസാനമായി നടത്തിയ ഐ. ടി റിട്ടേൺ (സ്വന്തവും, പങ്കാളിയുടെയും, മറ്റു ആശ്രിതരുടെയും) മാത്രം പരസ്യമാക്കിയാൽ മതിയായിരുന്നു. മുൻപ് വിദേശ സമ്പാദ്യങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടില്ലായിരുന്നു. ഫെബ്രുവരി മാസം ഇരുപത്തിയാറാം തീയതിയിലെ അറിയിപ്പ് പ്രകാരം വിദേശ സമ്പാദ്യത്തിൽ, വിദേശ ബാങ്കുകളിലോ, അല്ലെങ്കിൽ മറ്റു വിദേശത്തുള്ള മറ്റേതു പ്രസ്ഥാനങ്ങളിലോ ഉള്ള എല്ലാ നിക്ഷേപങ്ങളുടെയും, മുതല്‍മുടക്കുകളുടെയും വിവരങ്ങൾ ഉൾപെടുത്തേണ്ടതുണ്ട്. സ്ഥാനാർത്ഥികൾ അവരുടെ തന്നെ കഴിഞ്ഞ ഒരു വർഷത്തെയല്ല മറിച്ചു, അഞ്ചു വർഷത്തെ ആദായ നികുതി റിട്ടേൺ വിശദാംശങ്ങളും, വിദേശ നിക്ഷേപങ്ങളുടെ വിശദാംശങ്ങളും, കൂടാതെ അവരുടെ ജീവിതപങ്കാളിയുടെയും, ഹിന്ദു കൂട്ടുകുടുംബത്തിലെ (Hindu Undivided Family (HUF)) അംഗങ്ങളുടെയും (സ്ഥാനാർത്ഥി ‘കർത്ത’ (വ്യവഹാര ചുമതലയുള്ള മുതിര്‍ന്ന അംഗം) ആണെങ്കിലോ അല്ലെങ്കിൽ അവകാശത്തിൽ മറ്റുള്ളവരുമായി തുല്യ പങ്കിടുന്ന വ്യക്തി ആണെങ്കിലോ) അതു പോലെ ആശ്രിതരുടെയും ഇതേ വിവരങ്ങൾ ഇനി നിർബന്ധമായും പരസ്യപ്പെടുത്തണം.

എന്തു കൊണ്ട് സ്ഥാനാർത്ഥികൾ ഈ വിശദാംശങ്ങൾ ഫയൽ ചെയ്യണം?

വോട്ട് ചെയ്യുന്നവർക്ക് കാര്യജ്ഞാനത്തോട് കൂടെയുള്ള ഒരു തീരുമാനം എടുക്കാൻ സഹായിക്കുക എന്താണ് ഫോം 26 അവതരിപ്പിച്ചതിന്റെ പ്രധാന കാരണം. ക്രിമിനൽ പ്രവൃത്തികൾ ചെയ്യുന്ന സ്ഥാനാർത്ഥികളെ കുറിച്ച് വോട്ട് ചെയ്യുന്നവരെ ഉത്ബോധിപ്പിക്കുകയും, സംശയകരമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന സ്ഥാനാർത്ഥികൾ സഭയിലേക്കോ പാർലമെന്റിലേക്കോ തിരഞ്ഞെടുക്കപ്പെടുന്നതിൽ നിന്നും തടയുന്നതിനും ഈ സത്യവാങ്‌മൂലം സഹായിക്കും. ഏറ്റവും പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ സേവിക്കുന്ന പാർലമെന്റ് അംഗങ്ങളുടെ വരുമാനം, അധികാരത്തിലുണ്ടായിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് എത്രത്തോളം വർധിച്ചുവെന്ന് ജനങ്ങൾക്ക് തിട്ടപ്പെടുതുവാനും സാധിക്കും.

എപ്പോഴാണ്, എങ്ങനെയാണ് അത് അവതരിപ്പിക്കപ്പെട്ടത്?

മിക്ക തെരെഞ്ഞുടുപ്പ് പരിഷ്കരണങ്ങളേയും പോലെ, 2002 സെപ്റ്റംബർ മാസം മൂന്നാം തീയതി വന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഫോം 26 അവതരിപ്പിച്ചത്. ഫോമിന്റെ ഉല്പത്തി അന്വേഷിച്ചാല്‍, 1999 മെയ് മാസത്തിൽ നിയമ കമ്മീഷൻ സമർപ്പിച്ച, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ക്രിമിനലുകൾ കടന്നു കൂടാതിരിക്കാനുള്ള 170- താമത്തെ റിപ്പോർട്ടിലാകും എത്തി നിൽക്കുക. സ്ഥാനാർത്ഥിയുടെ നിർദേശപ്പട്ടിക സ്വീകരിക്കുന്നതിന് മുൻപ് അവരുടെ ക്രിമിനൽ പൂര്‍വ്വവൃത്താന്തവും, അവരുടെ സമ്പാദ്യം വെളിപ്പെടുലും ആവശ്യപ്പെടണം എന്നതാണ് ആ റിപ്പോർട്ടിലെ നിർദേശം.

അന്നത്തെ സർക്കാർ ഈ നിർദേശത്തിനു അനുസരിച്ചു പ്രവർത്തിക്കാത്തത് കാരണം, 1999 ഡിസംബർ മാസം ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതു താല്പര്യ ഹർജി സമർപ്പിക്കപ്പെട്ടു. 2000 നവംബർ മാസം രണ്ടാം തീയതി ഹൈക്കോടതി തെരെഞ്ഞെടുപ്പ് കമ്മീഷനോട് സ്ഥാനാർഥികളിൽ ആരെങ്കിലും ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള എന്തെങ്കിലും കുറ്റം ആരോപിക്കപ്പെട്ടവരുണ്ടോയെന്നും, അവരുടെയും, അവരുടെ ജീവിതപങ്കാളിയുടെയും, ആശ്രിതരുടെയും സമ്പാദ്യവും, തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമായ മറ്റു വിവരങ്ങളും ശേഖരിച്ചു കൊള്ളാനും നിർദേശം നൽകി.

സർക്കാർ സുപ്രീം കോടതിയിൽ ഇതിനെതിരെ അപ്പീൽ സമർപ്പിച്ചു. സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെക്കുക മാത്രമല്ല, ഒരു പടികൂടേ മുന്നോട്ട് പോയി തിരഞ്ഞെടുപ്പ് കമ്മീഷനോട് 2002 മെയ് മാസം രണ്ടാം തീയതിയിലെ വിധി പ്രകാരം, സ്ഥാനാർത്ഥികളോട് അവർ ഏതെങ്കിലും ക്രിമിനൽ കുറ്റകൃത്യത്തിൽ പണ്ട് കുറ്റാരോപിതരോ/ വെറുതെവിട്ടവരോ/ മോചിതരോ ആണോയെന്ന് പരിശോധിക്കാനും, നാമനിർദേശപട്ടിക സമർപ്പിക്കുന്നതിന് ആറു മാസത്തിനു മുൻപ് ബാക്കി നിൽക്കുന്ന ഏതെങ്കിലും കേസുകളിൽ കുറ്റാരോപിതരാണോ എന്ന് അന്വേഷിക്കാനും, സ്ഥാനാർത്ഥിയുടെയും ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും സമ്പാദ്യവും, കടബാധ്യതകളും അന്വേഷിക്കാനും, സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാനും ആവശ്യപ്പെട്ടു.

2002 ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി തെരെഞ്ഞെടുപ്പ് കമ്മീഷൻ വിധി നടപ്പാക്കുന്നതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ രണ്ട് മാസത്തിനുള്ളിൽ സർക്കാർ ഒരു ഓഡിനൻസ് പുറപ്പെടുവിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ നിർവ്വീര്യമാക്കി. ജനങ്ങളുടെ പ്രാതിനിധ്യമെന്ന (ഭേദഗതി) പേരിൽ 2002-ൽ പുറപ്പെടുവിച്ച ഓഡിനൻസ് പ്രകാരം (2002 ഡിസംബർ മാസം ഇരുപത്തിയെട്ടാം തീയതി നിയമമാക്കി മാറ്റിയ) രണ്ടു വർഷത്തിലോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള, കോടതിയിൽ ചാർജ് ചെയ്ത, തീർപ്പുണ്ടാകാത്ത ഏതെങ്കിലും കേസുകൾ ഉണ്ടോയെന്നും, ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനെന്നു വിധിക്കപ്പെടുകയോ ഒരു വർഷത്തേക്കോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്ന് സ്ഥാനാർത്ഥികൾ വെളിപ്പെടുത്തിയാൽ മതിയാകും എന്നാക്കി. ഇതേ തുടർന്ന്, മുകളിൽ പറഞ്ഞ നിർദേശങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടു സ്ഥാനാർത്ഥികൾ ഫോം 26 നൽകാനായി, 2002 സെപ്റ്റംബർ മാസം മൂന്നാം തീയതി, 1961-ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തു.

സുപ്രീം കോടതി ഈ ഭേദഗതിയെ നിയമസാധുതയില്ലാത്തതാക്കി. 2002 മെയ് മാസം രണ്ടാം തീയതി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ അഞ്ചു നിർദേശങ്ങളിലേക്കും വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷൻ 2003 മാർച്ച് മാസം ഇരുപത്തിയേഴാം തീയതി പുതിയൊരു ഓർഡർ പുറത്തിറക്കുകയും ചെയ്തു.

സത്യവാങ്മൂലത്തിൽ ഒരു സ്ഥാനാർത്ഥി കള്ളം പറഞ്ഞാൽ എന്ത് സംഭവിക്കും?

പൂർണമായൊരു സത്യവാങ്മൂലം ഒരു സ്ഥാനാർത്ഥി ഫയൽ ചെയ്യണമെന്നാണ്. കുറച്ചു കോളങ്ങൾ ശൂന്യമായി ഇട്ടിരുന്നാൽ സത്യവാങ്‌മൂലത്തെ അത് നിരർത്ഥകമാക്കാം. ഫോം 26 പൂർണമായും പൂരിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് റിട്ടേർണിംഗ് ഉദ്യോഗസ്ഥന്റെ കടമയാണ്. സ്ഥാനാർത്ഥി ഫോം 26 പൂർണമായും പൂരിപ്പിക്കുന്നതിൽ പരാജയപ്പെട്ടെങ്കിൽ നാമനിർദേശ പത്രിക തളളിക്കളയാം.

സ്ഥാനാർത്ഥി എന്തെങ്കിലും വിവരം മറച്ചുവെച്ചിട്ടുണ്ടെങ്കിലോ കള്ളം പറഞ്ഞിട്ടുണ്ടെന്നോ തെളിഞ്ഞാൽ പരാതിക്കാരന് തെരഞ്ഞെടുപ്പ് നിവേദനം വഴി അന്വേഷണത്തിന് ആവശ്യപ്പെടാം. കോടതി സത്യവാങ്മൂലത്തിൽ തെറ്റ് കണ്ടെത്തിയാൽ ആ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവായി വിധിക്കും.

സത്യവാങ്മൂലത്തിൽ കളവ് കാണിക്കുന്നതിനുള്ള നിലവിലെ ശിക്ഷ ആറു മാസം തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടെയോ ആകാം. 2018 മെയ് മാസം തെരെഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ‘തെറ്റായ സത്യവാങ്മൂലം’ ഫയൽ ചെയ്യുന്നത്, തെരെഞ്ഞെടുപ്പ് ചട്ടപ്രകാരം അഴിമതിയായി കണക്കാക്കാനും, അങ്ങനെ ചെയ്യുന്ന സ്ഥാർനാർത്ഥികളെ ആറു വർഷം വരെ അയോഗ്യരാക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ അടിസ്ഥാനപ്പെടുത്തി സർക്കാർ ഒന്നും ചെയ്‌തിട്ടില്ല.

ഫോം 26-ൽ വിവരങ്ങൾ മറച്ചുവെച്ചതിന് ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?

തീർപ്പാകാത്ത ഒരു ക്രിമിനൽ കേസ് സത്യവാങ്‌മൂലത്തിൽ സൂചിപ്പിക്കാത്തതിന്, ബിഹാറിലെ സസാറിൽ നിന്നുമുള്ള ബി.ജെ.പി. അംഗമായ ചഹെഡി പാസ്വാന്റെ ലോക് സഭാംഗത്വം 2016-ൽ പാറ്റ്ന ഹൈകോടതി അസാധുവാക്കിയിരുന്നു. മുൻ ലോക് സഭാംഗമായ മീര കുമാറിനെയാണ് പാസ്വാൻ 2014-ൽ തോൽപ്പിച്ചത്. സുപ്രീം കോടതി ഹൈകോടതിയുടെ വിധി റദ്ദാക്കിയെങ്കിലും, അന്തിമ വിധി വരുന്നതു വരെ അദ്ദേഹത്തിന്റെ വോട്ടവകാശം താത്കാലികമായി നിർത്തിച്ചു. 2017-ലെ പ്രെസിഡെൻഷ്യൽ തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ പസ്വാന് ഈ വിധി തടാസ്സമായി.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.