കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ളക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സിപിഎം നേതാവ് വി.ശിവന്‍കുട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. ശ്രീധരൻ പിള്ളയുടെ പ്രസംഗം തടയണമെന്ന് ആവശ്യപ്പെട്ടും കോടതിയില്‍ ഹര്‍ജിയുണ്ട്.
മുസ്‌ലിങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗത്തിലെ പരാമർശമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രസംഗത്തിൽ ജാതി, മത അധിക്ഷേപം നടത്തുന്നത് വർഗീയത വളർത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവർത്തനമാണ്. ശ്രീധരൻ പിള്ളയുടേത് അത്യന്തം മുസ്‌ലിം വിരുദ്ധ പരാമർശമാണെന്നും ശിവൻകുട്ടി പറഞ്ഞു.
രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് ശ്രീധരൻ പിള്ള പ്രസംഗം നടത്തിയതെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ മതിയായ തെളിവുണ്ടായിട്ടും പൊലീസിന് നൽകിയ പരാതിയിൽ കേസെടുക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ, ഡിജിപി, ഡിവൈഎസ്പി, സ്ഥലം എസ്ഐ, ശ്രീധരൻ പിള്ള എന്നിവരെ എതിർകക്ഷികളാക്കിയാണ് മുൻ എംഎൽഎ കൂടിയായ ശിവൻകുട്ടിയുടെ ഹർജി. കേസ് 24 ന് പരിഗണിക്കും.
ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ”ജീവൻ പണയപ്പെടുത്തി വിജയം നേടുമ്പോൾ, രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവർ ഏത് ജാതിക്കാരാണെന്ന് അറിയണമെന്നാണ്. ഇസ്‌ലാമാണെങ്കിൽ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ” ഇതായിരുന്നു ശ്രീധരൻ പിള്ള നടത്തിയ വിവാദ പരാമർശം.
ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശം ബിജെപിക്കും തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തില്‍ ബിജെപി നേതാക്കള്‍ തന്നെ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.