/indian-express-malayalam/media/media_files/uploads/2021/02/High-Court-of-Kerala-4.jpg)
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍
കൊച്ചി: തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കോടതി ഇടപെടുന്നതിൽ തടസമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജിയിലുടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്നും കമ്മീഷൻ ബോധിപ്പിച്ചു.
ഗുരുവായൂർ ,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിർദേശക പത്രികകൾ തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാക്കാൽ അഭിപ്രായം അറിയിച്ചത്. ഹർജികളിൽ കോടതി കമ്മീഷന്റെ നിലപാട് തേടി. കേസ് കൂടുതൽ വാദത്തിനായി നാളത്തേക്ക് മാറ്റി.
പത്രികകളിൽ സാങ്കേതിക പിഴവുകളാണ് സംഭവിച്ചതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തിരുത്താൻ പറ്റുന്ന തെറ്റുകൾ മാത്രമാണുള്ളത്. സൂക്ഷ്മ പരിശോധന സമയത്ത് റിട്ടേണിങ് ഓഫീസർക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നതേയുള്ളു. അതിന് പകരം പത്രികകൾ തള്ളിയത് നീതികരിക്കാനാവില്ല. പിഴവുകൾ തിരുത്താൻ റിട്ടേണിങ് ഓഫീസർ അവസരം നൽകിയില്ല. അതില്ലെങ്കിൽ സ്വതന്ത്രർ ആയി മത്സരിക്കാം. എ, ബി, ഫോമുകൾ വേണ്ടത് പാർട്ടി സ്ഥാനാർഥിയാകാനും ചിഹ്നം ലഭിക്കുന്നതിനുമാണ്. ഇതിന്റെ പേരിൽ പത്രിക തള്ളാൻ ആവില്ല.
കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളിൽ ഫോം, ബി പിഴവ് തിരുത്താൻ സമയം അനുവദിച്ചിട്ടുണ്ട്. പത്രിക സ്വീകരണത്തിന്റെ പേരിൽ സംസ്ഥാനത്ത് രണ്ട് നീതിയാണന്നും ഹർജിക്കാർ ആരോപിച്ചു.
കേസിൽ കക്ഷി ചേരാനുള്ള തലശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഹർജിയും നാളത്തേക്ക് മാറ്റി.
പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റീസ് എൻ.നാഗരേഷ് ഹർജികൾ പരിഗണിച്ചത്. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർത്ഥികൾ കോടതിയെ സമീപിച്ചത്. പത്രികൾ തള്ളിയ വരണാധികാരികളുടെ നടപടി ഏകപക്ഷീയമാണെന്നാണ് വാദം.
ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ എൻ.ഹരിദാസിന്റെ നിമനിർദേശപത്രികയാണ് തലശേരിയിൽ തള്ളിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ ഒപ്പ് ഇല്ലാത്തതിനാലാണ് തലശേരിയിൽ എൻ.ഹരിദാസിന്റെ പത്രിക തള്ളിയത്. സമാന കാരണം ചൂണ്ടിക്കാട്ടി ബിജെപിയുടെ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളി. ദേശീയ പ്രസിഡന്റിന്റെ ഒപ്പിനു പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം. ബിജെപിക്കു ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശേരി. 2016 ൽ സിപിഎം സ്ഥാനാർഥി എ.എൻ.ഷംസീർ 34,117 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച തലശേരിയിൽ ബിജെപി സ്ഥാനാർഥി വികെ സജീവനു 22,125 വോട്ടുകളാണ് 2016 ൽ ലഭിച്ചത്.
Read Also: ബിജെപി വോട്ടുകൾ എങ്ങോട്ട്? ശ്രദ്ധാകേന്ദ്രമായി തലശേരിയും ഗുരുവായൂരും, കണക്കുകൾ ഇങ്ങനെ
ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നിവേദിതയുടെ പത്രികയും തള്ളിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് നിവേദിതയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും പൂർണമല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.